പോസ്റ്റ് ബോക്സ് ..
കഥ ..
ടി.സി.വി. സതീശന്‍
മാധവി പ്ലാസ്റ്റിക്ക് ഷീറ്റു കൊണ്ട് മറച്ച പോസ്റ്റ് ബോക്സിനെ നോക്കി ആത്മഹൂതം നടത്തി . പോയ കാലത്തെ തന്റെയും അതിന്റെയും പ്രഭാവത്തെ കുറിച്ച് തുലനം ചെയ്തു. പോസ്റ്റുമാനെ കാത്തു കണ്ണിലെണ്ണ ഒഴിച്ച് കാത്തിരിക്കുന്ന നഗരവും നാട്ടിന്‍ പുറവും . അന്ന് ഓരോ പോസ്റ്റുമാനും അതിഥിയാണ് . ആഥിധേയരാകാന്‍ ഓരോ വീടുകളും കാത്തു നില്‍ക്കയാണ് , നിറഞ്ഞ ആഹ്ലാദത്തോടെ .
ദൂരങ്ങള്‍ താണ്ടിയെത്തുന്ന ഒരു കാര്‍ഡ് അല്ലെങ്കില്‍ ഒരു ഇന്‍ലെന്റ് അതുണ്ടാക്കുന്ന സന്തോഷങ്ങള്‍ . അത്യാവശ്യം മരണമണിയായി ചില ടെലഗ്രാമുകള്‍ എത്താറുണ്ടെങ്കില്‍ പോലും .
മാധവി തന്റെ മുഖത്തു വീണ ചുളിവുകളില്‍ തടവി. . തപാല്‍ പെട്ടിയിലേക്ക് നോക്കി , അടര്‍ന്നു വീണ ചുവന്ന പെയിന്റ് , അവിടം തുരുമ്പെടുത്തിരിക്കുന്നു.ഗതകാല ഗരിമ തീര്‍ന്നത് പോലെ . അവളുടെ കണ്ണുകള്‍ നിറഞ്ഞു .
വലിയ പറമ്പിനകത്ത് ഒറ്റപ്പെട്ട ഓല മേഞ്ഞ അവളുടെ വീട്. അതിരില്‍ നാട്ടുമാവുകള്‍ ഉണ്ടാക്കിയ ഇരുട്ട് . വയസ്സായ അമ്മയും അവളും പിന്നെ നാലഞ്ചു കോഴികളും . നേരിയ അടിപ്പാവടയുടെ ബലത്തില്‍ അവള്‍ കൈലി കുടഞ്ഞുടുത്തു. മുറ്റത്തു കല്ലുകള്‍ ചേര്‍ത്തുവെച്ചുണ്ടാക്കിയ അടുപ്പില്‍ ഉച്ചക്കഞ്ഞിക്കുള്ള അരി വേവുന്നു. ഓലയും ചവറിലകളും അടുപ്പിലേക്ക് ഉന്തി കയറ്റി , ആളുന്ന തീ അവളില്‍ ചൂടുള്ള വികാരങ്ങളെ ഉണ്ടാക്കി .
തിളയ്ക്കുന്ന വെള്ളത്തില്‍ തിരിയുന്ന അരി മണികളെ നോക്കി. അത് വെന്തു ചോറാകുന്നതിനെ കുറിച്ച് .. അതിന്റെ മാര്ദ്ധവത്തെ , വെണ്മയെ കുറിച്ച്.
ഭക്ഷിക്കാന്‍ പാകത്തില്‍ നിന്നുതരുന്ന അരിമണികളെ കുറിച്ച് ആലോചിച്ചപ്പോള്‍ , എന്തോ അതിനു താനുമായി ഏതോ ഒരു ബന്ധം ഉള്ളതായി അവള്‍ക്കു തോന്നി. ഉച്ച മയക്കത്തിന് ശേഷം അവള്‍ എഴുന്നേറ്റു കുളിച്ചു , പൌഡറിട്ട് മുഖം വെളുപ്പിച്ചു . വാസനാ തൈലം പുരട്ടി. നീലയില്‍ ചുവന്ന പൂക്കളുള്ള കൈലിയുടുത്തു. അവളുടെ അഴിച്ചിട്ട മുടിയില്‍ നിന്നും കാച്ചിയ എണ്ണയുടെ ഗന്ധം മുറിയില്‍ പരന്നു . തന്നെ തേടിയെത്തുന്നവരെ നിരാശപ്പെടുത്തിക്കൂട . അവര്‍ തരുന്ന ഓരോ ചെമ്പു തുട്ടുകളും വൃഥാവിലായിക്കൂട . അവരുടെ ഓരോ ആശയെയും തന്റെ മുഴുത്ത മാറിടത്തില്‍ ഒളിപ്പിക്കണം , ആവേശത്തെ വീതിയേറിയ അരക്കെട്ടില്‍ ഒതുക്കണം . നിതംബം കൊണ്ട് താരാട്ട് പാടണം .
വലിയ രഹസ്യങ്ങള്‍ ഒളിപ്പിച്ചു വെച്ച ആ പോസ്റ്റ് ബോക്സ് പോലെ.
തളിര്‍ത്ത മാവുകളില്‍ പൂക്കളേറെയുണ്ടായി . പൂക്കള്‍ കായ്‌ക്കളായി , മാങ്ങകള്‍ പഴുത്തു തുടങ്ങി. മധുരം കൊത്തി തിന്നാന്‍ കാക്കകളും അണ്ണാന്മാരും മറ്റുമെത്തി. മാധവിയുടെ മധുരം ദേശങ്ങള്‍ താണ്ടി നഗരത്തിലുമെത്തി. വിദൂരങ്ങളില്‍ പോലും ആളുകള്‍ രാത്രിയാവാന്‍ കാത്തു നിന്നു . ദിക്കുകള്‍ താണ്ടി ചെറുതും വലുതുമായ പക്ഷികള്‍ മാധവിയെ തേടിയെത്തി. കാച്ചിയ എണ്ണയുടെയും വിയര്‍പ്പിന്റെയും മണവുമായി അവര്‍ തിരിച്ചു പോയി. വലിയ വലിയ രഹസ്യങ്ങള്‍ അവള്‍ സൂക്ഷിച്ചു. അത് കൃത്യമായ മേല്‍വിലാസക്കാരന് എത്തിച്ചു കൊടുത്തു .
പോസ്റ്റ് ബോക്സിനെ കുറിച്ച് അനുതപിക്കുമ്പോഴും ഒരു വസ്തുത മറന്നു കൂടാ . ജീവിതത്തിലിന്നേ വരെ അവള്‍ ഒരു കാര്‍ഡു പോലും കൈപ്പറ്റിയിട്ടില്ല . ആകെ വന്നത് ഒരു മണിയോര്‍ഡര്‍ മാത്രം . അതു അടക്കാ കച്ചവടക്കാരന്‍ അബൂബക്കറിന്റേത്. വടിവില്ലാത്ത അടയ്ക്കാ പോലുള്ള അക്ഷരങ്ങളില്‍ അവനെഴുതിയ വാക്കുകള്‍ , 'പതിനൊന്നു റുപ്യാ ഞാന്‍ നെനക്കയക്കുന്നു. അങ്ങനെ നിന്റെ കടം ഞാന്‍ വീട്ടിയിരിക്കുന്നു.' ഇരുള് നിറഞ്ഞ ഏതോ രാവില്‍ അവന്റെ ഉള്ളിലെ ഉഷ്ണത്തെ ശമിപ്പിച്ചു കൊടുത്തതിനുള്ള പ്രതിഫലം .. എങ്കിലും ആ വാക്കുകളെ അവള്‍ ഇഷ്ടപ്പെട്ടു. കാരണം അവള്‍ക്കു കിട്ടിയ ആദ്യത്തെ പ്രേമ ലേഖനമാണത്.. അവസാനത്തെയും .. പിന്നീടുള്ള ദിവസങ്ങളില്‍ വെറുതെയാണെങ്കിലും അവളും പോസ്റ്റുമാനെ കാത്തിരിന്നു . ഒരു മണിയോര്‍ഡര്‍ അതുമല്ലെങ്കില്‍ ഒരു കാര്‍ഡിന് വേണ്ടി .
നക്ഷത്രങ്ങള്‍ തെളിച്ച ചൂട്ടു വെളിച്ചം ഓല മേഞ്ഞ മാധവിയുടെ കൂരയില്‍ പകലുകലുകളെയുണ്ടാക്കി . വഴി വാണിഭക്കാരന്റെ ചടുലതയോടെ അവള്‍ തന്റെ മാംസത്തെ വിറ്റു. വിയര്‍പ്പില്‍ കുളിച്ച നോട്ടുകള്‍ കൈലിയുടെ കോന്തലയില്‍ കെട്ടി. ആവണികള്‍ വന്നു കൊണ്ടേയിരുന്നു . ആഷാഢം പടിക്ക് പുറത്തു നിന്നതേയുള്ളൂ , തിരക്കൊഴിഞ്ഞു അകത്തു കടക്കാന്‍ അതിനു പറ്റിയില്ല .
വേനലും മഴയും മാറി മാറി വന്നു . അതിരിലെ മാവുകള്‍ കരിഞ്ഞുണങ്ങി .. പുതിയ തളിരുകളും ഇലകളും ഇല്ലാതായി , അതുപോലെ മാധവിയും .
ചീവോതി , ചേഷ്ടയെ കുടിയിരുത്തി പടി കടന്നു പോയി. ദാരിദ്ര്യം അടുപ്പുകളെ പുകയാതാക്കി .
മഴ നനഞ്ഞ് .വെയില് കൊണ്ട് തപാല്‍ പെട്ടിയുടെ നിറം മങ്ങി... മാധവിയുടെയും .
ആവശ്യങ്ങള്‍ ഏറെയുണ്ടെങ്കിലും ആവശ്യക്കാരില്ലാതെ രണ്ടുപേരും ബുദ്ധിമുട്ടി , അവര്‍ ആകാശാത്തെക്ക് നോക്കി, ഉദിക്കുന്ന സൂര്യനെ കാണാന്‍. ..
ഈ അസ്തമയങ്ങളില്‍ നിന്നും രക്ഷ നേടാന്‍ ..
സന്തുക്കളിലെ കടുത്ത വേദന , ഞരമ്പുകള്‍ കോച്ചി വലിക്കുന്നത് പോലെ. മുളി കെട്ടിയ കാലില്‍ നീര് വെച്ചിരിക്കുന്നു. വാര്‍ധക്യം വേദനകളായി മാധവിയെ വിടാതെ പിന്തുടര്‍ന്നു . സ്വന്തം ശരീരം ശത്രുവായി മാറുകയും, പ്രതിരോധസംവിധാനം സന്ധികളെ ആക്രമിക്കുകയും ചെയ്യുന്ന വിചിത്രമായ ആമവാതം ആയിരിക്കുമെന്നാണ് വൈദ്യന്‍ പറഞ്ഞത് .. കഷായം കുടിക്കണം , മാസങ്ങളോളം . പൂര്‍ണ്ണമായല്ലെങ്കിലും അല്പം സമാധാനമുണ്ടാകും . യവ്വനം തിരിച്ചു തരുമോ എന്ന മറു ചോദ്യമാണ് മാധവിയുടെ മനസ്സില്‍ വന്നത് .
ധനകാര്യ വിദഗ്ദര്‍ വൈവിധ്യവല്‍ക്കരണത്തെ കുറിച്ച് നിരന്തരം പറയുന്നു .വേണമെങ്കില്‍ പോസ്റ്റ് ഓഫീസിനു അത് ആകാവുന്നാതെയുള്ളൂ .. സോപ്പ് , ചീപ്പ് , കണ്ണാടി മുതല്‍ പ്ലാസ്റ്റിക്ക് കൂടുകളില്‍ പൊതിഞ്ഞ അളിഞ്ഞ മാംസം വരെ , എതു സാധനവും അവര്‍ക്ക് വില്‍ക്കാം . അങ്ങിനെ യവ്വനം തിരിച്ചു പിടിക്കുകയും ആവാം . പക്ഷെ പോസ്റ്റ് ബോക്സിനും മാധവിക്കും അതാകില്ലല്ലോ . കാലം അതിനു തടസ്സമാകുന്നു .തടയണകളെ തള്ളി മാറ്റാനുള്ള കരുത്ത് അവര്‍ക്കിന്നു ഇല്ലാതെ പോയല്ലോ ... വിഷമ വൃത്തത്തിലാക്കുന്ന വാര്‍ദ്ധക്യത്തെ ശപിക്കുകയല്ലാതെ മറ്റെന്തു പോംവഴി .
No comments:
Post a Comment