Wednesday, September 21, 2011

കറുത്ത മേഘങ്ങള്‍ക്കിടയിലൂടെ ഒളിഞ്ഞു നോക്കുന്ന തുലാം രാശിയിലെ സൂര്യന്‍ . അങ്ങിങ്ങായി ചെറിയ ചെളിവെള്ളക്കെട്ടുകള്‍ .ഈര്‍പ്പം വിട്ടുമാറാത്ത മണ്ണ് . പടിവാതുക്കല്‍ മരപ്പനിയന്മാരുടെ അകമ്പടിയോടെ കൊതാമൂരിത്തെയ്യം . ചെണ്ടവാദ്യം കനക്കുകയാണ് . അടുക്കളയില്‍ നിന്നും തന്റെ ഗൌണ്‍ ശരിയാക്കി കൊണ്ട് സുനിത പുറത്തേക്ക് വന്നു . ഓലമെടഞ്ഞു പട്ടുചുറ്റി പശുവിന്റെ മുഖം , പിന്നിലേക്ക്‌ ഞാന്നു നില്‍ക്കുന്ന വാല്‍ ..മുഖത്തു ചായം തേച്ച് , ചെറിയ കിരീടം തലയിലണിഞ്ഞു കഴുത്തില്‍ അണിയലം തൂക്കി കോതാമൂരി . വിളക്കും തളികയും നിറനാഴിയും സുനിത മുറ്റത്തേക്കു വെച്ചു ഭക്ത്യാദരം തൊഴുത്‌ നിന്നു . ഒരു കുഞ്ഞിക്കാലു മുറ്റത്തോടി നടക്കുന്നതായി അവള്‍ സ്വപ്നം കണ്ടു . തിരിയോലകള്‍ അരയില്‍ ചുറ്റി ചുവപ്പും കറുപ്പും വെളുപ്പും ചായങ്ങള്‍ തേച്ച കവുങ്ങിന്‍ പാള കൊണ്ട് പൊയ്മുഖമണിഞ്ഞ്‌ വലിയ പാളചെവിയുമായി രണ്ടു മരപ്പനിയമാര്‍.

അപനിര്‍മ്മിതി ..... കഥ

അപനിര്‍മ്മിതി
കഥ ...
ടി.സി.വി.സതീശന്‍


സായാഹ്ന സൂര്യന് മഞ്ഞ നിറമായിരുന്നു.. വീരസ്യങ്ങള്‍ നിറഞ്ഞ വിരസ വാര്‍ധക്യത്തിന്റെ മഞ്ഞ നിറം. അവര്‍ ഏഴു പേരുണ്ടായിരുന്നു . ഉന്നത ഉദ്യോഗങ്ങളില്‍ നിന്നും വിരമിച്ചവര്‍ . രാഷ്ട്ര പിതാവിന്റെ നാമധേയത്തിലുള്ള പാര്‍ക്കില്‍ എന്നും വൈകുന്നേരങ്ങളില്‍ അവര്‍ ഒത്തു ചേരുന്നു . അസ്തമയങ്ങളില്‍ നിന്നും രക്ഷ നേടാന്‍ അവര്‍ കണ്ടത്തിയ വഴി അതായിരുന്നു . പുല്ലുകള്‍ കൃത്യമായ അളവില്‍ മുറിച്ചെടുത്ത് മനോഹരമാക്കിയ പച്ച പരവതാനിയില്‍ ഇരുന്ന് മനസ്സ് തുറക്കുക .. ആകുലതകളും ആശങ്കകളും പങ്കിടുക .ഒറ്റപ്പെടലുകളില്‍ നിന്നുമുള്ള മോചനം .
വില്ലേജ് ആപ്പീസറായി റിട്ടയര്‍ ചെയ്ത രാമന്‍കുട്ടി മേനോന്‍ പറഞ്ഞു .. ഡിസ്ട്രക്ഷന്‍ ആണ് എല്ലാത്തിനും കാരണം .. സമൂഹത്തില്‍ ഉണ്ടായിരിക്കുന്ന അപനിര്‍മ്മിതി മൂല്യങ്ങളെ ഇല്ലാതാക്കി...ബന്ധങ്ങളെയും. അല്ല ,കള്ളപ്പണമാണ് കാരണം .. ആദായ നികുതി വകുപ്പില്‍ നിന്നും വിരമിച്ച വിമല നായര്‍ മറുവാദം ഉന്നയിച്ചു . തെറ്റായ രീതിയിലുള്ള ആത്മീയതയും ദൈവഭയമില്ലായ്മയുമാണ് യഥാര്‍ത്ഥ പ്രശ്നം .. ദേവസ്വം ബോര്‍ഡില്‍ നിന്നും പിരിഞ്ഞ മോഹന വര്‍മ്മ വക . ഗുരു ഭക്തി ഇല്ലാത്ത വിദ്യാഭ്യാസ രീതി കുട്ടികളില്‍ ദിശാബോധമില്ലായ്മ സൃഷ്ടിച്ചു ..റിട്ടയര്‍ഡു കോളേജ് അദ്ധ്യാപകന്‍ ജോര്‍ജ്ജ് വടക്കേല്‍ വാദങ്ങള്‍ നിരത്തി. രാഷ്ട്ര പിതാവിന്റെ വെങ്കല പ്രതിമ ഇതെല്ലാം കേട്ട് ചിരിച്ചു . ഒരു നിസ്സഹായന്റെ മുഖമായിരുന്നു രാഷ്ട്രപിതാവിനപ്പോള്‍ .
സമൂഹത്തിലെ ക്രിമിനല്‍വല്‍ക്കരണത്തിന്റെ ആധിക്യത്തില്‍ ആശങ്ക പൂണ്ട് ജോസഫ് എന്ന മുന്‍ ഡി.ഐ.ജി വിലപിച്ചു. ശരിയായ രാഷ്ട്രീയ ഇടപെടലിന്റെ അഭാവമാണ് കാര്യങ്ങള്‍ ഇത്രത്തോളം എത്തിച്ചതെന്ന് കവി രാഘവനുണ്ണി . വെങ്കല പ്രതിമ വീണ്ടും ചിരിച്ചു .
വെള്ളി നിറമുള്ള തന്റെ താടിരോമങ്ങള്‍ ഉഴിഞ്ഞു കൊണ്ട് മുസാഫിര്‍ അഹമ്മദെന്ന മനശ്ശാസ്ത്ര വിദഗ്ദന്‍ പറഞ്ഞു. .. കൂട്ടരേ , നാല് വയസ്സുകാരിയായ സ്വന്തം മകളെ ബലാല്‍സംഗത്തിന് ഇരയാക്കുന്ന അച്ഛനെ കുറിച്ച് എന്ത് പറയാനാണ് .. ? രോഗ ലക്ഷണമല്ല രോഗം മൂര്‍ച്ചിച്ച സമൂഹമാണ് നിലവിലുള്ളത് . രാഷ്ട്ര പിതാവിന് മുസാഫിറിന്റെ കമന്റ് ഇഷ്ടപ്പെട്ടുവെന്ന് തോന്നുന്നു.
രാംലീല മൈതാനത്തെ ഇളകിയാടുന്ന ജനക്കൂട്ടം പാര്‍ക്കിലെ ബിഗ്സ്ക്രീനില്‍ തെളിഞ്ഞു . കാഷായ വര്‍ണ്ണങ്ങള്‍ കാറ്റിലുലഞ്ഞു . യോഗീവര്യന്‍ വയറുകൊണ്ട്‌ കസര്‍ത്ത് കാണിക്കുന്നു .അനുചരന്മാര്‍ റോക്ക് ചെയ്യുന്നു. കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികള്‍ അഴിമതി പാടേ ഇല്ലാതാക്കുന്നതിന് ഉടുപ്പ് പൊക്കി ആനന്ദനൃത്തം ആടുന്നു. ജനം ഇളകിമറിയുന്നു . ചെറുപ്പക്കാര്‍ പഴയ ഖാദി തോപ്പിക്കായി നെട്ടോട്ടമോടുന്നു.
സ്ക്രീനില്‍ തെളിഞ്ഞ ആവേശത്തില്‍ വിമല നായര്‍ പറഞ്ഞു .. പ്രതീക്ഷയ്ക്ക് വകയുണ്ട് അല്ലേ ..? മുന്‍ ഡി.ഐ.ജി .ജോസഫ് തലകുലുക്കി ശരിവെച്ചു . പുതിയ കവിതയ്ക്കുള്ള വക തേടി രാഘവനുണ്ണി ടീവിയിലേക്ക് തന്നെ കണ്ണു നട്ടു .
പുതിയ ദുരന്തങ്ങളെയോര്‍ത്ത് മുസാഫിര്‍ ആകുലചിത്തനായി .
തന്റെ ഉന്നുവടി താഴേക്കു തള്ളിയിട്ട് വെങ്കല പ്രതിമയുടെ ബന്ധനത്തില്‍ നിന്നും മോചിതനായി രാഷ്ട്രപിതാവ് പറഞ്ഞു.
സുഹൃത്തുക്കളെ ..കണ്ണിനാനന്ദം നല്‍കുന്ന ഇത്തരം കാഴ്ചകളില്‍ നിന്ന് അകന്നു നില്‍ക്കുക. നിങ്ങളുടെ കണ്ണിനു വേഗത്തില്‍ തിമിരമുണ്ടാക്കാനേ ഇത് സഹായിക്കൂ . സായാഹ്നങ്ങളിലുള്ള വെറും വെടി പറച്ചിലുകളില്‍ നിന്നും വിട്ടു നിങ്ങള്‍ നിങ്ങളോട് ചോദിക്കുക..? കര്‍മ്മപഥങ്ങളിലെ ഓരോ ഏടുകളും എടുത്തു പരിശോധിക്കുക .. ഒരു പുനര്‍ വായന അത്യാവശ്യം . നാടിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് താങ്കളുടെ സംഭാവന എന്തായിരുന്നു ..?

സത്യസന്ധമായ ഒരു ഉത്തരം വരും വൈകുന്നേരങ്ങളില്‍ പ്രതീക്ഷിക്കുന്നു. ഉന്നുവടി വീണ്ടും കയ്യിലെക്കെടുത്തു രാഷ്ട്രപിതാവ് വെങ്കല പ്രതിമയിലേക്ക് മടങ്ങി.