Wednesday, July 27, 2011

ഉപ്പ് കാര്‍ന്നെടുക്കുന്ന മുത്തുകള്‍ ..

ഉപ്പ് കാര്‍ന്നെടുക്കുന്ന മുത്തുകള്‍ ..

കഥ ....
ടി.സി.വി. സതീശന്‍

ഇരുട്ട് നിറഞ്ഞ മുറിക്കകത്തിരുന്നു മന്ദാകിനി ഉത്തരത്തില്‍ തൂങ്ങി കിടക്കുന്ന ഫാനിലേക്ക് നോക്കി. വലിയ ശബ്ദത്തോടെ സാവകാശത്തില്‍ തിരിയുന്ന ഫാന്‍ . ഒന്നോ രണ്ടോ ജനല്‍ പാളികള്‍ തുറന്നിട്ടാല്‍ വേണമെങ്കില്‍ വെളിച്ചം അകത്തേക്ക് വരും. പക്ഷെ , ഈ കിടക്കയില്‍ നിന്നും എഴുന്നേറ്റിട്ട് വേണ്ടേ അത് ചെയ്യാന്‍ ,വയ്യാ . ബാലഗംഗാധരന്‍ മരിച്ചതിനു ശേഷം അവള്‍ അങ്ങിനെയാ. വല്ലാത്തൊരു മടി അവളെ ഗ്രസിച്ചിരിക്കുന്നു. കൂട്ടങ്ങളില്‍ നിന്നകന്നു ഒരു പുറന്തോട് സ്വയം തീര്‍ത്ത്‌ അതിനകത്ത് സുരക്ഷിതമായി കഴിയുക , അതിനു നിരത്താന്‍ ന്യായങ്ങളേറെയുണ്ട് അവള്‍ക്ക് .

മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് , കോരിച്ചൊരിയുന്ന മഴയുള്ള ഒരു കര്‍ക്കിടക നാളില്‍.. വേണ്ടാ ഓര്‍ത്താല്‍ കണ്ണ് നിറയും ,മനസ്സ് ഇനിയും കലങ്ങും .

ഋതുക്കളുമായി പൊരുത്തപ്പെട്ടു പോകുന്ന ദേശാടന കിളികളെ പോലെ കാലങ്ങളും ദേശങ്ങളുമായി ഇഴ ചേര്‍ന്നുള്ള പ്രവാസ ജീവിതം . നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് ആവേശത്തോടെയുള്ള കുടിയേറ്റങ്ങള്‍ . അതിനിടയില്‍ മറന്നു പോയ ജീവിതം . തലയണകള്‍ കൂട്ടിവെച്ചു അവള്‍ കിടക്കയില്‍ ചാഞ്ഞിരിന്നു . ഓര്‍മകളുടെ ആഴക്കടലില്‍ മുത്തുകള്‍ക്കായി തിരഞ്ഞു നടന്നു. ജീവിതത്തിന്റെ ഉപ്പു നിറഞ്ഞ വെള്ളത്തില്‍ ഒളിഞ്ഞു കിടക്കുന്ന ചിപ്പികളെ തേടി , അതിനകത്തെ മുത്തുകളെ തേടി .

ഏതോ ഒരു വസന്തത്തില്‍ നഗരത്തില്‍ ഒരുക്കിയ ഫ്ലവര്‍ ഷോ . നഗരത്തിന്റെ പോങ്ങച്ചത്തിനായി ഒരുക്കിയ നാട്ടിനങ്ങളുടെ പവലിയന്‍ .
വിലകൂടിയ വസ്ത്രങ്ങള്‍ അലസമായി ഉടുത്ത വീട്ടമ്മമാര്‍ , അവരുടെ ചുണ്ടുകളില്‍ നിന്നും ഒലിച്ചിറങ്ങുന്ന കടുത്ത വര്‍ണ്ണങ്ങളിലുള്ള ലിപ് സ്റ്റിക്ക് കര്‍ചീഫു കൊണ്ട് തുടച്ചു കൊടുക്കുന്ന പോമറെനിയനുകള്‍ വാലാട്ടി പിറകെ . മടുപ്പിക്കുന്ന മാദക സൗരഭ്യം കാറ്റിനെ ഇല്ലാതാക്കി .

അകലെ ഒരു മൂലയില്‍ ബ്യുഗിള്‍ താടിയുമായി നീണ്ടു മെലിഞ്ഞ ഒരാള്‍ തുളസിയിലകളെ മണത്തു നോക്കുന്നു . ശബ്ദ ഘോഷങ്ങളില്‍ നിന്നുമകന്നു
മറ്റേതോ ലോകത്തിലായിരുന്നു അയാള്‍. ഇടയ്ക്ക് തന്റെ പരുക്കന്‍ ജുബ്ബയുടെ പോക്കറ്റില്‍നിന്നും കപ്പലണ്ടിയോ മറ്റോ എടുത്തു കൊറിക്കുന്നതു കാണാം.

മന്ദാകിനി കൌതുകത്തോടെ അയാളെ തന്നെ നോക്കി. മിനിട്ടുകളോളം .

അയാളുടെ ചലനങ്ങള്‍ അയാളുടെ കണ്ണുകളെ പോലെ നിര്‍ജ്ജീവമായിരുന്നു. അവള്‍ മെല്ലെ അയാളുടെ അടുത്തേക്ക്‌ നീങ്ങി. അവളുടെ സാമിപ്യം അയാള്‍ അറിഞ്ഞതേയില്ല . തൊട്ടു നോക്കി , ഷോള്‍ഡറില്‍ തട്ടി കുലുക്കി വിളിച്ചു . ഒരു ഞെട്ടലോടെ അയാള്‍ അവളുടെ നേര്‍ക്ക്‌ മുഖമുയര്‍ത്തി .
കുശലാന്വേഷണങ്ങള്‍ക്ക് പ്രസക്തിയൊന്നും ഇല്ലെന്നു അവള്‍ക്കറിയാമായിരുന്നു . എങ്കിലും പേര് ചോദിച്ചു.
വളരെ പതിഞ്ഞ സ്വരത്തില്‍ അയാള്‍ ഉത്തരം നല്‍കി . ബാലഗംഗാധരന്‍ . പേരിന്റെ നാനാര്‍ഥത്തിലേക്ക് വെറുതെ അവളുടെ മനസ്സ് അലഞ്ഞു. മനസ്സിന്റെ കോണിലെവിടെയോ അവള്‍ അവനെ ഇഷ്ടപ്പെട്ടു. അവന്റെ പോക്കറ്റില്‍ നിന്നും കപ്പലണ്ടി ഇടത്ത് അവളും കൊറിച്ചു. അതവനു ഇഷ്ടപ്പെട്ടുവെന്നു വേണം കരുതാന്‍. അവന്‍ അവളുടെ കൈകള്‍ പിടിച്ചുയര്‍ത്തി അവന്റെ നെഞ്ചോട്‌ ചേര്‍ത്തു , ഒരു ഉറപ്പിനെന്ന പോലെ . ആ കൈകള്‍ പറിച്ചെടുത്തു അതില്‍ അവള്‍ മുത്തമിട്ടു. ഒട്ടിയ അവന്റെ കവിളുകളില്‍ അവള്‍ മാറിമാറി ഉമ്മ വെച്ചു . മനസ്സിലെ ശിശിരവും വസന്തവും അവര്‍ പങ്കുവെച്ചു . പൂക്കളുടെയും കായ്ക്കളുടെയും ആകാശത്തു അവര്‍ പൂമ്പാറ്റകളായി , പറവകളായി പാറി നടന്നു.

വര്‍ഷങ്ങളധികം നീണ്ടുനിന്നില്ലാ ആ സൗഹൃദം .. മൂന്നു വര്‍ഷങ്ങള്‍ക്കപ്പുറം കര്‍ക്കിടകത്തിലെ കോരി ചൊരിയുന്ന മഴയത്ത് മുറ്റത്ത് വന്നു നിന്നൊരു ആംബുലന്‍സ് . സ്കൂട്ടറപകടമാണത്രെ കാരണം. നിര്‍ത്താതെ പോയ ഏതോ ഒരു ട്രക്ക് ജീവിതത്തില്‍ നിന്നും അവളുടെ ബാലഗംഗാധാരനെ അടര്‍ത്തിയെടുത്തു. . ഉപ്പു കാര്‍ന്നെടുത്ത മുത്തുകളെയോര്‍ത്തു മന്ദാകിനി കണ്ണുകള്‍ തുടച്ചു.

വിഷാദത്തിന്റെ പൂക്കള്‍ വിരിഞ്ഞതെപ്പോഴാണ് . മന്ദാകിനി പത്രത്തിലുള്ള തന്റെ ജോലി രാജി വെച്ചു . മുന്നിലെ മേശ വലിപ്പില്‍ നിന്നും രണ്ടു ട്രാന്ക്വലൈസര്‍ എടുത്തു വായിലിട്ടു.അത് രാവിലെ കഴിക്കാനുള്ളതായിരുന്നു. മറന്നു പോയി.

അഗ്രസ്സിവ് ജേര്‍ണ്ണലിസ്റ്റെന്ന നിലയിലുള്ള അവളുടെ കഴിവ് അപാരമാണ്. നഗരത്തിന്റെ ഓരോ ഇരുട്ടു മൂലകളും അവളുടെ ഇരുചക്ര വാഹനത്തിനു മനപ്പാറമാണ് . ഇന്‍വെസ്റ്റിഗെഷന്‍ റിപ്പോര്‍ട്ടുകള്‍ പലതും ഉന്നതരുടെ അരമനകളില്‍ അസ്വസ്ഥതയുടെ തീനാളങ്ങള്‍ പടര്‍ത്തിയിട്ടുണ്ട്. അവരുടെ ഉറക്കത്തെ ഇല്ലാതാക്കുകയും , അവരുടെ ചിതകളിലെ ആളുന്ന അഗ്നിയായി തീരുകയും ചെയ്തിട്ടുണ്ട് .

ബാലഗംഗാധരന്‍ അവളുടെ ആരായിരുന്നു. അവള്‍ കൃത്യമായ നിര്‍വ്വചനങ്ങളില്‍ നിന്നും എന്നും ഒഴിഞ്ഞമാറുകയാണ് പതിവ് . തന്റെ സുഹൃത്ത്. .. അത്രമാത്രം കരുതിയാല്‍ മതി. മനസ്സിനെ അങ്ങിനെ വിശ്വസിപ്പിക്കാനാണ് അവള്‍ ആഗ്രഹിച്ചത്‌ . എന്തോ അയാളുടെ മരണം അവളെ വല്ലാതെ തളര്‍ത്തി .
ജീവിതത്തിന്റെ നേരിയ നൂല്‍ ചരടില്‍ കോര്‍ത്തെടുത്ത താളം , ചിതറി മുത്തുകള്‍ ആയി താഴേക്കു പോയത് എപ്പോഴാണ് .
പണ്ട് കണ്ട വിഖ്വാതമായ ഏതോ ഒരു സിനിമയിലെ ജോസഫ് .കെ . എന്ന കഥാപാത്രത്തെ അവള്‍ ഓര്‍മ്മിച്ചു . താനൊഴിച്ച് മറ്റെല്ലാവരും അബ് നോര്‍മലാണെന്ന് വിളിച്ചു പറയുന്ന അയാള്‍ . ഉന്മാദത്തിന്റെ രസച്ചരട് അവളുടെ ചിന്തകളെ പരിപോഷിപ്പിച്ചു . ഒരു അഗ്രസ്സിവ് ജേര്‍ണ്ണലിസം പോലെ അവളെ അത് ആനന്ദത്തിലാക്കി . ശെരിയല്ലേ .. നോര്‍മലായിട്ടുള്ളവര്‍ ആരാണ് ? തന്റെ ശെരികളെ സ്ഥാപിച്ചെടുക്കാനുള്ള ഓരോരുത്തരുടെയും കഴിവിനെയുമല്ലേ നോര്‍മാലിറ്റി എന്ന് പറയുന്നത് . അതോ തന്റെ ശാട്യങ്ങള്‍ക്ക് മുന്നില്‍ മറ്റുള്ളവരെ ഇല്ലാതാക്കാനുള്ള മികവിനെയോ . ആ ഒരു ഡോമിനേഷന്‍ .. കൃത്യമായ ഒരുത്തരത്തില്‍ എത്താന്‍ അവള്‍ക്കു കഴിഞ്ഞില്ല.

കണ്ണുകളും കാതുകളും ഉള്ള ഒരാള്‍ എങ്ങിനെയാണ് ഈ ലോകത്ത് നോര്‍മലായിരിക്കുക . ആഴത്തിലുള്ള ഒരു ഡിപ്രഷന്‍ അവളില്‍ അതുണ്ടാക്കി . വാക്കുകളിലെ കണിശത , അക്ഷരങ്ങളിലെ അഗ്നി എന്നുതുടങ്ങി മാധ്യമ രംഗത്തെ സൗഹൃദ കൂട്ടങ്ങളില്‍ അവള്‍ക്കു കിട്ടിയ വിശേഷണങ്ങള്‍ ഏറെയായിരുന്നു. പരുക്കന്‍ ഖദര് ജുബ്ബയും ഇറുകിയ ജീന്‍സുമിട്ട നീണ്ടു മെലിഞ്ഞ ഈ മദ്രാസിക്ക് ചെയ്തു തീര്‍ക്കാനായി ഒരുപാട് ജോലികള്‍ നഗരത്തില്‍ ഇനിയും ബാക്കിയുണ്ടെന്ന് അവളുടെ സുഹൃത്തുക്കള്‍ ഓര്‍മ്മപ്പെടുത്തി . കണ്ണുകള്‍ക്ക്‌ മീതെയുള്ള ആ കട്ടി കണ്ണട , അത് നേരിനെ സ്ക്രീന്‍ ചെയ്തെടുക്കാനുള്ളതാണെന്ന് എഡിറ്റോറിയല്‍ ലോബിയിലെ ചുമരുകള്‍ക്കിടയില്‍ ഒരു തമാശയായി ഇന്നും നിലവിലുണ്ട് .

പുറംകാഴ്ചകള്‍ അവളെ ഭയപ്പെടുത്തുന്നു. പകലുകള്‍ക്ക്‌ രാത്രിയുടെ നിറവും മണവും . അസുരമായ ഈ കാലഘട്ടത്തില്‍ ജീവിതമെന്നത്‌ , തിളച്ച എണ്ണയുടെ മുകളില്‍ നൂല്‍പ്പാലത്തിലൂടെ യാത്രയാണ് . നടക്കുമ്പോള്‍ ഒന്ന് കാലിടറിയാല്‍ മതി കാര്യങ്ങള്‍ ആകെ അവതാളത്തിലാകും . വളരെ അപൂര്‍വ്വം പേര്‍ക്ക് മാത്രം സിദ്ധിക്കുന്ന കാര്യമാണത് . ഒരു പാട് പേര്‍ നിത്യേനയേന്നോണം തിളയ്ക്കുന്ന ആ എണ്ണയില്‍ മുങ്ങി താഴാറുമുണ്ട് .

ഫാന്‍ പെട്ടുന്നു നിലച്ചു. ഉത്തരത്തില്‍ കിടന്ന ഒരു ഗൌളി അവളുടെ നെഞ്ചിലേക്ക് പതിച്ചു . ഒരു ഉള്വിളിയെന്നോണം അവള്‍ സ്വപ്നത്തില്‍ നിന്നും പതിയെ എഴുന്നേറ്റു ,ജനലുകള്‍ പാതി തുറന്നു. ഒരു നേരിയ വെളിച്ചം മനസ്സിനകത്തേക്ക് കടക്കുന്നതിനായി. ട്രാങ്ക്വലൈസറിന്റെ മനോഹരമായ ചെറിയ കുപ്പി ദൂരേക്ക്‌ വലിച്ചെറിഞ്ഞു. എന്നെന്നേക്കുമായി .. ഇനിയൊരു ഡിപ്രഷന്‍ ഒരിക്കലും വരാതിരിക്കാനായി . പുതിയ കരുക്കളുമായി കരുതലോടെ അവള്‍ കിടക്കയില്‍ നിന്നും
ചാടി എഴുന്നേറ്റു.. മുറ്റത്ത് പടര്‍ന്നു കിടക്കുന്ന മുല്ലവള്ളിയില്‍ നിന്നും വെളുത്ത പൂക്കളുടെ സൗരഭ്യം അന്തരീക്ഷത്തില്‍ പടര്‍ന്നു.. അവളുടെ നാസരന്ധ്രങ്ങള്‍ അതിന്റെ പരിമണം ഏറ്റുവാങ്ങുന്നതിനായി വിടര്‍ന്നു നിന്നു .

No comments:

Post a Comment