ഓര്‍മ്മകള്‍ മടക്കി വിളിക്കുന്നത്
ഇരുട്ട് നിറഞ്ഞ മുറിക്കകത്തിരുന്നു മന്ദാകിനി ഉത്തരത്തില്‍ തൂങ്ങി കിടക്കുന്ന ഫാനിലേക്ക് നോക്കി. വലിയ ശബ്ദത്തോടെ സാവകാശത്തില്‍ തിരിയുന്ന ഫാന്‍. ഒന്നോ രണ്ടോ ജനല്‍ പാളികള്‍ തുറന്നിട്ടാല്‍ വേണമെങ്കില്‍ വെളിച്ചം അകത്തേക്ക് വരും. പക്ഷെ , ഈ കിടക്കയില്‍ നിന്നും എഴുന്നേറ്റിട്ട് വേണ്ടേ അത് ചെയ്യാന്‍ ,വയ്യാ . ബാലഗംഗാധരന്‍ മരിച്ചതിനു ശേഷം അവള്‍ അങ്ങിനെയാ. വല്ലാത്തൊരു മടി അവളെ ഗ്രസിച്ചിരിക്കുന്നു. കൂട്ടങ്ങളില്‍ നിന്നകന്നു ഒരു പുറന്തോട് സ്വയം തീര്‍ത്ത് അതിനകത്ത് സുരക്ഷിയമായി കഴിയുക , അതിനു നിരത്താന്‍ ന്യായങ്ങളേറെയുണ്ട് അവള്‍ക്ക് .
മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് , കോരിച്ചൊരിയുന്ന മഴയുള്ള ഒരു കര്‍ക്കിടക നാളില്‍.. വേണ്ടാ ഓര്‍ത്താല്‍ കണ്ണ് നിറയും ,മനസ്സ് ഇനിയും കലങ്ങും .
ഋതുക്കളുമായി പൊരുത്തപ്പെട്ടു പോകുന്ന ദേശാടന കിളികളെ പോലെ കാലങ്ങളും ദേശങ്ങളുമായി ഇഴ ചേര്‍ന്നുള്ള പ്രവാസ ജീവിതം . നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് ആവേശത്തോടെയുള്ള കുടിയേറ്റങ്ങള്‍ . അതിനിടയില്‍ മറന്നു പോയ ജീവിതം . തലയണകള്‍ കൂട്ടിവെച്ചു അവള്‍ കിടക്കയില്‍ ചാഞ്ഞിരിന്നു . ഓര്‍മകളുടെ ആഴക്കടലില്‍ മുത്തുകള്‍ക്കായി തിരഞ്ഞു നടന്നു. ജീവിതത്തിന്റെ ഉപ്പു നിറഞ്ഞ വെള്ളത്തില്‍ ഒളിഞ്ഞു കിടക്കുന്ന ചിപ്പികളെ തേടി , അതിനകത്തെ മുത്തുകളെ തേടി .
ഏതോ ഒരു വസന്തത്തില്‍ നഗരത്തില്‍ ഒരുക്കിയ ഫ്ലവര്‍ ഷോ . നഗരത്തിന്റെ പോങ്ങച്ചത്തിനായി ഒരുക്കിയ നാട്ടിനങ്ങളുടെ പവലിയന്‍ .
വിലകൂടിയ വസ്ത്രങ്ങള്‍ അലസമായി ഉടുത്ത വീട്ടമ്മമാര്‍ , അവരുടെ ചുണ്ടുകളില്‍ നിന്നും ഒലിച്ചിറങ്ങുന്ന കടുത്ത വര്‍ണ്ണങ്ങളിലുള്ള ലിപ് സ്റ്റിക്ക് കര്‍ചീഫു കൊണ്ട് തുടച്ചു കൊടുക്കുന്ന പോമറെനിയനുകള്‍ വാലാട്ടി പിറകെ . മടുപ്പിക്കുന്ന മാദക സൗരഭ്യം കാറ്റിനെ ഇല്ലാതാക്കി .
അകലെ ഒരു മൂലയില്‍ ബ്യുഗിള്‍ താടിയുമായി നീണ്ടു മെലിഞ്ഞ ഒരാള്‍ തുളസിയിലകളെ മണത്തു നോക്കുന്നു . ശബ്ദ ഘോഷങ്ങളില്‍ നിന്നുമകന്നു
മറ്റേതോ ലോകത്തിലായിരുന്നു അയാള്‍. ഇടയ്ക്ക് തന്റെ പരുക്കന്‍ ജുബ്ബയുടെ പോക്കാട്ടില്‍ നിന്നും കപ്പലണ്ടിയോ മറ്റോ എടുത്തു കൊറിക്കുന്നതു കാണാം.
മന്ദാകിനി കൌതുകത്തോടെ അയാളെ തന്നെ നോക്കി. മിനിട്ടുകളോളം .
അയാളുടെ ചലനങ്ങള്‍ അയാളുടെ കണ്ണുകളെ പോലെ നിര്‍ജ്ജീവമായിരുന്നു. അവള്‍ മെല്ലെ അയാളുടെ അടുത്തേക്ക് നീങ്ങി. അവളുടെ സാമിപ്യം അയാള്‍ അറിഞ്ഞതേയില്ല . തൊട്ടു നോക്കി , ഷോള്‍ഡറില്‍ തട്ടി കുലുക്കി വിളിച്ചു . ഒരു ഞെട്ടലോടെ അയാള്‍ അവളുടെ നേര്‍ക്ക് മുഖമുയര്‍ത്തി .
കുശലാന്വേഷണങ്ങള്‍ക്ക് പ്രസക്തിയൊന്നും ഇല്ലെന്നു അവള്‍ക്കറിയാമായിരുന്നു . എങ്കിലും പേര് ചോദിച്ചു.
വളരെ പതിഞ്ഞ സ്വരത്തില്‍ അയാള്‍ ഉത്തരം നല്‍കി . ബാലഗംഗാധരന്‍ . പേരിന്റെ നാനാര്‍ഥത്തിലേക്ക് വെറുതെ അവളുടെ മനസ്സ് അലഞ്ഞു. മനസ്സിന്റെ കോണിലെവിടെയോ അവള്‍ അവനെ ഇഷ്ടപ്പെട്ടു. അവന്റെ പോക്കറ്റില്‍ നിന്നും കപ്പലണ്ടി ഇടത്ത് അവളും കൊറിച്ചു. അതവനു ഇഷ്ടപ്പെട്ടുവെന്നു വേണം കരുതാന്‍. അവന്‍ അവളുടെ കൈകള്‍ പിടിച്ചുയര്‍ത്തി അവന്റെ നെഞ്ചോട് ചേര്‍ത്തു , ഒരു ഉറപ്പിനെന്ന പോലെ . ആ കൈകള്‍ പറിച്ചെടുത്തു അതില്‍ അവള്‍ മുത്തമിട്ടു. ഒട്ടിയ അവന്റെ കവിളുകളില്‍ അവള്‍ മാറിമാറി ഉമ്മ വെച്ചു . മനസ്സിലെ ശിശിരവും വസന്തവും അവര്‍ പങ്കുവെച്ചു . പൂക്കളുടെയും കായ്ക്കളുടെയും ആകാശത്തു അവര്‍ പൂമ്പാറ്റകളായി , പറവകളായി പാറി നടന്നു.
വര്‍ഷങ്ങളധികം നീണ്ടുനിന്നില്ലാ ആ സൗഹൃദം .. മൂന്നു വര്‍ഷങ്ങള്‍ക്കപ്പുറം കര്‍ക്കിടകത്തിലെ കോരി ചൊരിയുന്ന മഴയത്ത് മുറ്റത്ത് വന്നു നിന്നൊരു ആംബുലന്‍സ് . സ്കൂട്ടറപകടമാണത്രെ കാരണം. നിര്‍ത്താതെ പോയ ഏതോ ഒരു ട്രക്ക് ജീവിതത്തില്‍ നിന്നും അവളുടെ ബാലഗംഗാധാരനെ അടര്‍ത്തിയെടുത്തു. . ഉപ്പു കാര്‍ന്നെടുത്ത മുത്തുകളെയോര്‍ത്തു മന്ദാകിനി കണ്ണുകള്‍ തുടച്ചു.