അസ്തമയ സൂര്യന് ഇന്നെന്തോ ചുവപ്പ് രാശി കൂടുതലായി അവള്‍ക്കു തോന്നി. കൂടണയാന്‍ വെപ്രാളപ്പെടുന്ന കിളികള്‍ പറന്നുയരുന്നത് ആകാശത്തു കാണാം.
അലീമ തന്റെ ഷാളു കൊണ്ട് മുഖം പാതിമറച്ചു.
ഓഫീസ് വിട്ടു അവളും മൃദുലയും റെയില്‍വേ സ്റ്റേഷനിലേക്കു നടക്കുകയാണ് ..
മുകളിലൂടെ പറന്നുയരുന്ന കിളികള്‍ ഉണ്ടാക്കുന്ന വികൃതമായ ശബ്ദങ്ങള്‍ അവളില്‍ അല്പം പരിഭ്രാന്തിയുണ്ടാക്കി .
മൃദുലാ .. എനിക്കെന്തോ ഉള്ളില്‍ ഭയം തോന്നുന്നു. പക്ഷികള്‍ ഇങ്ങിനെ ഇതുവരെ കരഞ്ഞതായി ഞാന്‍ ഇതിനു മുമ്പ് കണ്ടിട്ടില്ല . ഒരു ദുസ്സൂചന പോലെ മനസ്സ് പിടയുന്നു.
എല്ലാം നിനക്ക് വെറുതെ തോന്നുന്നതാണ് .. നമ്മെപ്പോലെ വീടെത്താന്‍ അവര്‍ക്കും തിടുക്കം കാണും ,അത് കൊണ്ടായിരിക്കണം അവറ്റകള്‍ ഇങ്ങിനെ ഒച്ച വെയ്ക്കുന്നത് , മൃദുല അവളെ സമാധാനിപ്പിച്ചു .
ഇന്ന് ബുധനാഴ്ച .. വേഗം നടന്നാല്‍ നമുക്കൊരു പക്ഷെ എക്സ്പ്രസ്സ് ട്രെയിന്‍ കിട്ടിയേക്കും. എങ്കില്‍ രക്ഷപ്പെട്ടു , ഒരു അര മണിക്കൂര്‍ നേരത്തെ വീടെത്താം. മൃദുല അലീമയുടെ കൈ പിടിച്ചു വലിച്ചു.
ഒന്നാം നമ്പര്‍ പ്ലാറ്റുഫോമില്‍ വണ്ടി പോകാന്‍ തയ്യാറായി നില്‍ക്കുന്നു. എന്തോ അന്ന് പ്ലാറ്റുഫോമില്‍ വലിയ ആള്‍ക്കൂട്ടമില്ല .. അവര്‍ രണ്ടുപേരും വനിതാ കമ്പാര്‍ട്ടുമെന്റു ലക്ഷ്യമാക്കി നടന്നു. നാലോ അഞ്ചോ യാത്രക്കാര്‍ മാത്രമേ അതിനകത്ത് ഉണ്ടായിരുന്നുള്ളൂ .
ഹാവൂ .. സന്തോഷായി മുദുല പറഞ്ഞു , എത്ര നാളായി ഒന്ന് നേരാംവണ്ണം യാത്ര ചെയ്തിട്ട് .
തന്റെ തുകല്‍ ബാഗ് സീറ്റിലെക്കെറിഞ്ഞു അവള്‍ നീണ്ടു നിവര്‍ന്നു കിടന്നു . അടുത്ത രണ്ടു സ്റ്റേഷനുകള്‍ കഴിഞ്ഞാല്‍ അവള്‍ക്കിറങ്ങാനായി .
അലീമയ്ക്ക് അവിടുന്ന് പിന്നെയും പോണം ഒന്നൊന്നര മണിക്കൂര്‍ , എട്ടുമണിയെങ്കിലും ആകും വീടെത്തിപ്പെടാന്‍ . അവള്‍ ചെന്നിട്ടു വേണം ഭക്ഷണം പാകം ചെയ്യാന്‍ , പിന്നെ ഇളയതുങ്ങളെ നോക്കണം. അവളുമാര് ഹോം വര്‍ക്കൊന്നും ചെയ്തു കാണില്ല , എന്തിനു കുളിച്ചിട്ടു പോലുമുണ്ടാവില്ല .. സ്കൂളില്‍ നിന്ന് വന്ന അതെ പടി ടിവീന്റെ മുന്നിലിരിക്കുണ്ടാവും ഹിന്ദി സീരിയലും കണ്ടോണ്ട് .
ഉമ്മ കിടപ്പിലായിട്ട് ഇതു നാലാമത്തെ വര്ഷം . വാപ്പ ചെറുപ്പത്തിലെ മരിച്ചിരുന്നു. പ്രാരബ്ദങ്ങളുടെ നടുവില്‍ അവള്‍ നട്ടം തിരിയുകയാണ്. പദ്മ വ്യൂഹത്തില്‍ അകപ്പെട്ടു പോയി..
മൃദുലയുടെ സ്റ്റേഷനില്‍ വണ്ടിയെത്തി . ഒരു ചെറിയ മയക്കം ഒത്തു കിട്ടിയ സന്തോഷത്തില്‍ അവള്‍ ശുഭരാത്രി പറഞ്ഞിറങ്ങി .. നാളെ കാണാം ഡൊ..
സ്റ്റേഷന് വെളിയിലേക്ക് ഇറങ്ങി ഇരുളില്‍ മറയുന്നതു വരെ അങ്ങോട്ടു തന്നെ നോക്കി അലീമ ഇരുന്നു.
ഒറ്റപ്പെടലിന്റെ ഒരു നീറ്റല്‍ അവളുടെ നെഞ്ചകത്ത് വളര്‍ന്നു. ചെറിയ ഭീതി ഇല്ലായ്കയില്ല .
മോളേന്നുള്ള വിളികേട്ടു അവള്‍ ഞെട്ടിയുണര്‍ന്നു . അവദൂതനെ പോലെ , അലസമായി വസ്ത്രം ധരിച്ച ഒരാള്‍ പൊടുന്നനെ അവളുടെ മുന്നില്‍ പെട്ടു .
കുശലങ്ങള്‍ക്കായി അയാള്‍ അടുത്തു കൂടി .
ട്രെയിനില്‍ ഈ കമ്പാര്ട്ടുമെന്റില്‍ ഇപ്പോള്‍ അവള്‍ ഒറ്റയ്ക്കാണ്. ഇരുട്ടിനു കനം വെയ്ക്കുന്നു .. ഉള്ളില്‍ കരുതി വെച്ച ധൈര്യം പുറത്തെടുത്തു കൊണ്ട് അവള്‍ ചോദിച്ചു.
നിങ്ങള്‍ക്കെന്തു വേണം ? ഇതു ലേഡീസ് കമ്പാര്ട്ടുമെന്റാണ് അറിയില്ലേ നിങ്ങള്ക്ക് ? വേഗമിറങ്ങൂ.. ഇല്ലെങ്കില്‍ എനിക്ക് കംപ്ലൈന്റു ചെയ്യേണ്ടി വരും.. അവള്‍ ചങ്ങല പിടിക്കാനായി എഴുന്നേറ്റു.
അവളുടെ കൈ അയാള്‍ കടന്നു പിടിച്ചു. അവള്‍ക്കു കുതറി മാറാനാകാത്ത വിധം ബലിഷ്ടമായിരുന്നു അയാളുടെ കരങ്ങള്‍ .അയാള്‍ ചിരിച്ചു . വായില്‍ നിന്നും നുര ഇറ്റു വീഴുന്നുണ്ടായിരുന്നു. അയാളുടെ കണ്ണുകള്‍ക്ക് അസ്തമയ സൂര്യന്റെ ചുവപ്പിനെക്കള്‍ കത്തുന്ന ചുവപ്പ്. അവള്‍ നിലവിളിക്കാന്‍ ഒരു ശ്രമം നടത്തി. ഇല്ല ഒച്ച പുറത്തു വരുന്നില്ല .. അയാള്‍ അവളുടെ വായ് പൊത്തിപ്പിടിച്ചിരുന്നു. .
വഴങ്ങുക .. നിനക്കതല്ലാതെ മറ്റു ഗതിയില്ല . ഇവിടെ ഈ ഇരുട്ടില്‍ നിന്നെ രക്ഷപ്പെടുത്താന്‍ ഒരാളും വരാന്‍ പോകുന്നില്ല, നിറെ ദൈവം പോലും.
എന്റെ ദാഹം അകറ്റുക. അത് നിന്റെ ദൌത്യം . വീര്യം കൂടിയ മദ്യം കഴിച്ച ആനന്ദത്തില്‍ അയാള്‍ അവളെ ആസ്വദിച്ചു ആവോളം .
ഇനി ബാക്കി വെയ്ക്കെണ്ടാ . " യൂസ് ആന്റ് ത്രോ " അയാള്‍ വാതിലിലൂടെ അവളെ പുറത്തേക്കെറിഞ്ഞു . പുറത്തു കുറ്റിക്കാട്ടില്‍ അല്‍പനേരം ഞരങ്ങിയും മൂളിയും അതങ്ങ് അവസാനിക്കും.
പിറ്റേന്ന് കാലത്ത് പതിവിനു വിപരീതമായി മൃദുല പത്രമെടുത്ത് നോക്കി , വെറുതെ ഒന്നോടിച്ചു നോക്കാം അത്രേ ഉണ്ടായിരുന്നുള്ളൂ മനസ്സില്‍ . കറുത്ത ബാക്ക് ഗ്രൗണ്ടില്‍ പൊതിഞ്ഞ വെളുത്ത അക്ഷരങ്ങള്‍ അവളെ നൊമ്പരപ്പെടുത്തി.
"യുവതി ദാരുണമായി പീഡിപ്പിക്കപ്പെട്ടു .. ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീ കൊല്ലപ്പെട്ടു "
അവളുടെ കണ്ണുകള്‍ നിറഞ്ഞു. തുടര്‍ന്ന് വായിക്കാനവള്‍ക്കായില്ല .. അതവളുടെ അലീമയായിരുന്നു.
No comments:
Post a Comment