Tuesday, August 2, 2011

മടക്ക യാത്ര ..

മടക്ക യാത്ര ..
കഥ
ടി.സി.വി.സതീശന്‍


മാധവനുണ്ണി വരുന്നുണ്ടേയ്‌..

മാധവനുണ്ണി വരുന്നുണ്ടേയ്‌...

രുക്മിണീയ് ,കോമളേയ് എന്നെ കുട്ടികൊണ്ടോവാന്‍ എന്റെ പുന്നാര മോന്‍ വരുന്നൂന്ന് .
സാവിത്രി വാരസ്യാര്‍ ആര്‍ത്തു വിളിച്ചു.
വൃദ്ധ സദനത്തില്‍ നിന്നും മേട്രന്‍ പറഞ്ഞതാ ,
സാവിത്രിയുടെ മോന്‍ മാധവനുണ്ണി അടുത്താഴ്ച ഗള്‍ഫില്‍ നിന്നും വരുന്നു. ഒരു മാസത്തെ ലീവിന്.
ഒരു മാസത്തേക്ക് അമ്മയെ കൂട്ടി കൊണ്ടുപോവാനുള്ള അനുവാദം ചോദിച്ചിരുന്നു.

ജടകെട്ടിയ തന്റെ മുടിയില്‍ വെച്ച ചീര്‍പ്പുമായി സാവിത്രി ഓടിനടന്നു,ഓരോ അന്തേവാസിയെയും കണ്ടു സന്തോഷമറിയിച്ചു .

പുതിയ കുപ്പായങ്ങളിട്ട് , കുട ചൂടി പുതിയ ക്ലാസ്സിലേക്ക് പോകാനൊരുങ്ങുന്ന എഴുവയസ്സുകാരിയെ പോലെ അവളാനന്ദം കൊണ്ടു.

പത്തു പന്ത്രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു വീട്ടിലേക്കൊന്നു പോയിട്ട്. മോനേം കെട്ട്യോളേം മക്കളേം കണ്ടിട്ട് പന്ത്രണ്ടു മഴക്കാലം കഴിഞ്ഞു.

മുഖത്തെ ചുളിഞ്ഞ പേശികള്‍ അല്പം അയഞ്ഞു . പല്ലുകള്‍ കൊഴിഞ്ഞ വായ മുഴുവനായി തുറന്നു സാവിത്രി ചിരിച്ചു...ഉച്ചത്തിലുച്ചത്തില്‍.

തുളസിത്തറയും ബലിക്കല്ലും അവിടെ തന്നെ ഉണ്ടാവുമോ ?

എല്ലാം കാട് പിടിച്ചു കിടക്കുവാരിക്കും .. വൃത്തിയാക്കിക്കണം ജാനുനെക്കൊണ്ട്.
അതിനു ജാനു ഇപ്പൊ ജീവിച്ചിരിപ്പുണ്ടാവ്വോ . നീശ്ചയം ല്ല്യാ .
പഴയ അടുക്കളക്കാര്യാ ജാനു. ഒന്നിനും ഒരു വൃത്തിയും വെടിപ്പുമില്ലാത്തോള് .എങ്കിലും പാവമാ .

സാധനങ്ങള്‍ അടുക്കിവെയ്ക്കണം.
രുക്മിണിയെയോ കോമളത്തിനെയോ സഹായത്തിനു കൂട്ടാം .. ഈ വൃദ്ധ സദനത്തില്‍ തന്റെ പ്രീയപ്പെട്ടവര്‍ അവരാണല്ലോ .
എങ്കിലും കോമളത്തിനു ഇത്തിരി ഗമ കൂടുതലാ... ഏതോ ഒരു സ്കൂളില്‍ നിന്നും പിരിഞ്ഞ ഹെഡ് മിസ്റ്റരസ്സാണവള്‍ , അതിന്റെ തണ്ടാ ,
പക്ഷെ രുക്മിണി അങ്ങിനെയല്ല. , അവള്‍ വതിലൊന്നും പറയാറില്ല . പാവാ അവള്‍ . എല്ലാം ഉള്ളിലൊതുക്കി മിണ്ടാണ്ടിരിക്കും ഏറെ നേരം. ആ മൌനം കാണുമ്പോള്‍ സങ്കടമാണ് വരിക .

ഒരു വേനല്‍ മഴയില്‍ എന്നപോലെ ഈ വാര്‍ദ്ധക്യത്തില്‍ മോഹങ്ങള്‍ വീണ്ടും തളിര്ക്കുകയാണോ , ഇനിയുമൊരു പൂക്കാലം . ശ്ശ്യെ .. അങ്ങിനൊന്നും ഉണ്ടാവില്ല .. മുഖത്തെ നാണം അവളുടെ ഉള്ളിനെ ചിരിപ്പിച്ചു.

തന്റെ സാധനങ്ങള്‍ അവള്‍ പഴയ ഇരുമ്പു പെട്ടിയില്‍ അടുക്കിവെച്ചു ..
സാധനങ്ങള്‍ എന്ന് പറയുമ്പോള്‍ തെറ്റിദ്ധരിക്കേണ്ട .ആകയുള്ളത് ഒരു നേര്യതും പിന്നെ ചുവന്ന ബ്ലൌസും. ..
ഒരു സ്വകാര്യോള്ളത് കുറച്ചു കുപ്പിവളകളാണ് ആരും കാണാതെ ഒളിപ്പിച്ചുവെച്ച സമ്പാദ്യം , പിന്നെയൊരു മയില്‍പ്പീലിയും .

പീള കെട്ടിയ അവളുടെ കണ്ണുകള്‍ പരതി..കറുത്ത മേഘങ്ങള്‍ ഉരുണ്ടു കൂടിയ ആകാശത്ത് ഒരു നക്ഷത്രത്തിനായി .

മാധവനുണ്ണി വരും തന്നെ വീട്ടിലേക്കു കൊണ്ടുപോകും ..
ചുളിഞ്ഞ കവിളുകളിലേക്ക് ഇറ്റു വീഴുന്ന ജലകണങ്ങള്‍ തുടച്ചു കൊണ്ടു അവള്‍ മുകളിലോട്ടു തന്നെ നോക്കി അവളിരുന്നു..

മാനം തെളിയുന്നത് കാത്ത്..

കറുത്ത മേഘങ്ങളേ അവള്‍ക്കു ഭയമാണ്. അതു കൊണ്ട് തന്നെ ഇരുള് പെയ്യുന്ന രാത്രികളെയും.

ഇരുട്ട് തന്നില്‍ നിന്നെന്തോ അടര്ത്തിയെടുക്കാനാണ് വരുന്നതെന്ന് സാവിത്രി കരുതുന്നു .

വലതു കൈപ്പത്തി കണ്ണോടു ചേര്‍ത്തു പിടിച്ചു വീണ്ടും വീണ്ടും അവള്‍ ആകാശത്തേക്ക് നോക്കി
കുനിഞ്ഞു നിന്ന് ...പിന്നെ ചെരിഞ്ഞു നിന്ന് . മേഘങ്ങള്‍ക്കിടയിലൂടെ വരുന്ന വല്യ ചിറകുള്ള പക്ഷിയെ നോക്കി .
അതിന്റെ ഇരമ്പലിനായി ചെവി കൂര്‍പ്പിച്ചു.

മാധവനുണ്ണിയെയും കുട്ട്യോളെയും പേറി വരുന്ന ആ വല്യ പക്ഷിയുടെ വരവും കാത്ത്.

അവന്‍ പറഞ്ഞ സമയത്ത് വരുമോ ? അങ്ങിനെ അങ്ങ് ഉറപ്പിക്കാന്‍ വരട്ടെ.
അവന്റെ അച്ഛനും അത് പോലെയാ , ഇപ്പൊ വരാന്നു പറഞ്ഞു പോയാല്‍ പിന്നെ രണ്ടു മാസം കഴിഞ്ഞാ മൂപ്പര് വരിക ..
ഇരുള് മൂടിക്കെട്ടിയ ഒരു സന്ധ്യാ നേരത്ത് അങ്ങാടിയിലെക്കെന്നും പറഞ്ഞു ഇറങ്ങിയതാ , പിന്നെ ദാ വരുന്നു ആറു മാസം കഴിഞ്ഞു .

വെള്ള മുണ്ടില്‍ പൊതിഞ്ഞു കെട്ടി ജീവനില്ലാതെ ... അവള്‍ കണ്ണ് തുടച്ചു.

കാട് പിടിച്ചു കിടക്കുന്ന രണ്ടു രണ്ടര ഏക്കര്‍ സ്ഥലം.. ചുറ്റും ടാര്‍ റോഡുകള്‍ .
മോഹിപ്പിക്കുന്ന വില .. അവസാനം പറഞ്ഞുറപ്പിച്ചത് അഞ്ചു കോടിക്കാ,
അതില്‍ രണ്ടു ശതമാനം ബ്രോക്കര്‍ക്ക് .ഏതോ വലിയ കമ്പനിക്കു വില്ലകള്‍ പണിയാനാണത്രെ .

കൊടുക്കുക തന്നെ , മാധവനുണ്ണി തീരുമാനിച്ചു .

ഒന്നു രണ്ടു വ്യാഴ വട്ടക്കാലം ഈ മരുഭൂമിയില്‍ എന്ത് നേടി . ഒരു വിധം കുടുംബം പോറ്റി എന്നല്ലാതെ . സ്വപ്നങ്ങളുടെ പറുദീസയിലേക്കിറങ്ങി വന്നു ഇപ്പോള്‍ സ്വപ്നങ്ങളേ ഇല്ലാതെ മടങ്ങുന്നു. ഇത്രയൊക്കെ നാട്ടില്‍ നിന്നാലും നെടാവുന്നതെയുള്ളൂ .

അമ്മയെ സോപ്പിടണം..
അമ്മയ്ക്ക് പുതിയ വസ്ത്രങ്ങള്‍ എന്തിനു അവരുടെ ഏറ്റവും വലിയ ബലഹീനതയായ കുപ്പിവളകള്‍ പോലും മാധവനുണ്ണി വാങ്ങിച്ചു വെച്ചിട്ടുണ്ട് .

പരിഭവവും പയ്യാരവും ഏറെ കേള്‍ക്കേണ്ടി വരും അതുറപ്പാ.

അതില്‍ തെറ്റൊന്നും പറഞ്ഞുകൂടാ , വൃദ്ധസദനത്തില്‍ കൊണ്ട് ചെന്നാക്കിയിട്ടു പന്ത്രണ്ടു വര്ഷം കഴിഞ്ഞു. തന്റെ പ്രാരബ്ദമായിരിക്കാം , തിരിഞ്ഞു നോക്കിയില്ല എന്നൊരു കുറ്റബോധം മനസ്സിലുണ്ട് .

ഒരു തരത്തില്‍ പറഞ്ഞാല്‍ അറവമാടുകളുടെ കൂട്ടം പോലെയാണ് വൃദ്ധസദനം , വിധിക്കു മുന്നില്‍ ദയാഹര്‍ജി കൊടുത്ത് കാത്തു നില്‍ക്കുന്ന ഒരു പറ്റം ആടുമാടുകളുടെ സങ്കേതം . കറവ വറ്റിക്കഴിഞ്ഞു മറ്റുള്ളവര്‍ക്ക് ബാധ്യതയാകുന്ന അവസ്ഥാന്തരം .എല്ലാ ഇലകളും മറ്റൊരു ദിനത്തില്‍ പഴുക്കുമെന്നും എപ്പൊഴുമെപ്പോഴും പാല് തരാന്‍ ഒരു പശുവിനും ആവില്ലെന്ന് മനസ്സിലാക്കാതെ , നമ്മളവരെ വൃദ്ധസദനങ്ങളിലേക്ക് തള്ളി വിടുന്നു ..നമ്മുടെ സൌകര്യങ്ങള്‍ക്കായി. സന്തോഷങ്ങള്‍ക്കായി .

എങ്കിലും അവസാനമാ മനസ്സ് അലിയും . പ്രമാണം രജിസ്ടര്‍ ചെയ്യണമെങ്കില്‍ അമ്മ തന്നെ വേണം.
പതിവ് പോലെയല്ല ഇത്തവണ , മാധവന് ധ്രുതിയായി നാട്ടിലെത്താന്‍ . ഭാര്യയും കുട്ടികളും ഇവിടെത്തന്നെ നില്‍ക്കട്ടെ , ഒരു മാസത്തെ കാര്യമല്ലേ.
ബ്രോക്കര്‍ എല്ലാം പറഞ്ഞു ശെരിയാക്കിയിട്ടുണ്ട് . പറ്റുമെങ്കില്‍ ഒന്നോ രണ്ടോ ആഴ്ച കൊണ്ട് കാര്യങ്ങള്‍ തീരും . അങ്ങിനെയാണെങ്കില്‍ വേഗം തിരിച്ചു പോരാമല്ലോ.

മാധവന് വേഗം നാട്ടിലെത്തണം അമ്മയെ കാണണം ... പ്രമാണം രജിസ്റ്റര്‍ ചെയ്യണം .

ആ വല്യ ചിറകുള്ള പക്ഷിയുടെ ഇരമ്പലിനായി സാവിത്രി വാരസ്യാര്‍ കാതോര്‍ത്തു നിന്നു .
ശിഷ്ടകാലം മകനോടും കുടുംബത്തോടും ഒത്തു കഴിയാനുള്ള സന്തോഷത്തില്‍ .

ജീവിതത്തിലേക്കുള്ള ഒരു മടക്കയാത്രയുടെ സ്വപ്നങ്ങളുമായി.. വസന്തമാവാന്‍ കാത്തു നില്‍ക്കുന്ന ചെടികളെ പോലെ ആ മനസ്സ് വെമ്പല്‍ കൊണ്ടു ..

No comments:

Post a Comment