Monday, August 8, 2011

അമാവാസി

അമാവാസി
കഥ ..
ടി.സി.വി.സതീശന്‍

സൂര്യനും ചന്ദ്രനും നേര്‍ രാശിയില്‍ പ്രവേശിക്കുമ്പോള്‍ ഭൂമിയില്‍ മഴ തിമര്‍ക്കുകയായിരുന്നു.
വിഷാദത്തിന്റെ ഈ മഴയാണ് മനുവിനെ അവളില്‍ നിന്നും അകറ്റിയത്. . അവരുടെ സ്വപ്നങ്ങളുടെ ആകാശത്ത് കരിനിഴല്‍ വീഴ്ത്തിയത്..
ഒരേ രേഖയില്‍ വന്ന ചന്ദ്രന്‍ സൂര്യനെ മറച്ചു. അതിന്റെ പ്രകാശത്തെ ഭൂമിയില്‍ നിന്നും ഒളിപ്പിച്ചു വെച്ചു . മയൂര്‍ ഗഞ്ചിലെ പതിമൂന്നാം നമ്പര്‍ ഫ്ലാറ്റിലിരുന്നു അവള്‍ ഓര്‍മ്മകളെ നേര്‍ത്ത ചരടില്‍ കൊര്‍ക്കുവാന്‍ ശ്രമിക്കുകയാണ്..

ഒരു അവധി കാലത്ത് വീട്ടിലേക്കുള്ള യാത്രയില്‍ വെറുതെയുള്ള ഒരു പരിചയപ്പെടല്‍ , അതിത്രമാത്രം പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് അവള്‍ക്ക് അറിയില്ലായിരുന്നു. .

മാന്യമായ അയാളുടെ പെരുമാറ്റം , ചടുലമായ വര്‍ത്തമാനം . അത് അയാളോടുള്ള ബഹുമാനമായി അവളില്‍ രൂപപ്പെട്ടു .
അടുത്ത ബര്‍ത്തില്‍ സ്ഥാനമുറപ്പിച്ച അയാള്‍ അളന്നു തൂക്കിയാണ് അവള്‍ക്കു നേരെ പ്രശംസകള്‍ ചൊരിഞ്ഞത്.

രണ്ടു രാവും രണ്ടു പകലുകലുമുള്ള ആ നീണ്ട യാത്രയില്‍ , അയാള്‍ നക്ഷത്രങ്ങളെ കുറിച്ചാണ് കൂടുതലും പറഞ്ഞത് . നക്ഷത്രങ്ങള്‍ പൂത്തു നില്‍ക്കുന്ന ആകാശത്തെ കുറിച്ച് . അത് നമ്മിലുണ്ടാക്കുന്ന സന്തോഷങ്ങളെ കുറിച്ച്.

പുറത്തു ശക്തമായി മഴ പെയ്യുന്നുണ്ടെങ്കിലും കറുത്ത മേഘങ്ങളേ കുറിച്ച് അയാള്‍ മിണ്ടിയതേയില്ല .

തന്റെ തുടുത്ത കവിള്‍ത്തടത്തില്‍ വിരിയുന്ന നുണക്കുഴികളാണ് നക്ഷത്രങ്ങളെന്നും ചെറിയ ചുണ്ടുകള്‍ ചന്ദ്രക്കലയെയാണ് സൂചിപ്പിക്കുന്നതെന്നും അയാള്‍ പറഞ്ഞുറപ്പിച്ചു. സ്വപ്നങ്ങളുടെ പട്ടു കുപ്പായം എന്നിലണിയിച്ചു .
അയാളുടെ ചിണ്ടുകളി നിന്നും ഉതിരുന്ന മുത്തു മണികള്‍ക്കായി തന്റെ ഉള്ളം കൊതിച്ചു.

ഒരു പക്ഷെ മനു പോലും തന്നെ ഇത്രയും മനസ്സിലാകിയിട്ടുണ്ടാവില്ല . തന്റെ ഓരോ അവയങ്ങളെയും പ്രപഞ്ചവുമായി ഇഴ ചേര്‍ത്തു അയാളുടെ ഭാവനകള്‍ വിരിഞ്ഞു . രാശി ചക്രത്തിലൂടെ ഭൂമിയെ വലം വെയ്ക്കുന്ന ചന്ദ്രനെ പോലെ ആ കണ്ണുകള്‍ എന്നെ വലം വെച്ചു .

മനുവുമൊത്തുള്ള വിവാഹം വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ചതായിരുന്നു . അവരുടെ കണ്ടുപിടിത്തം എല്ലാം കൊണ്ടും ശെരിയായിരുന്നു . മനസ്സില്‍ താന്‍ താലോലിച്ച സ്വപ്നങ്ങളെ ,അവര്‍ മുന്‍കൂട്ടി കണ്ടറിഞ്ഞതു പോലെ. മനുവിനെ എനിക്കും എന്നെ മനുവിനും ശെരിക്കും ഇഷ്ടമായി .
വര്‍ണ്ണങ്ങള്‍ നിറക്കൂട്ട്‌ ചാര്‍ത്തിയ ആകാശത്തു രണ്ടു ഇണക്കിളികളെ പോലെ ഞങ്ങള്‍ പറന്നു നടന്നു .
തന്റെ ഇണയെ അന്നേ കണ്ടു വെച്ചതായിരുന്നുവെന്നും , വിവാഹം സ്വര്‍ഗ്ഗത്തില്‍ വെച്ചു തന്നെ നടന്നിരിക്കണമെന്നും കൂട്ടുകാരികള്‍ അസുയപ്പെട്ടു .
പൂക്കളും പൂമ്പാറ്റകളും ചെറു കിളികളും സമ്പന്നമാക്കിയ നാളുകള്‍ .. മുറ്റത്തെ പൂന്തോട്ടത്തില്‍ പൂക്കള്‍ വിരിയാന്‍ മത്സരിക്കുകയാണ്.

കമ്പനിയുടെ അത്യാവശ്യമായ ചില തിരക്കുകളായിരുന്നു മനുവിനെ ഒന്നിച്ചുള്ള യാത്രയില്‍ നിന്നും അകറ്റിയത്.
രണ്ടു ടിക്കറ്റുകള്‍ റിസര്‍വ്വ് ചെയ്തതില്‍ ഒന്ന് അവസാന നിമിഷം കാന്‍സല്‍ ചെയ്യുകയാണ് ചെയ്തത്.
ഒറ്റയ്ക്കുള്ള യാത്ര വേണ്ടെന്നു എത്ര തവണ മനുവിനോട് കെഞ്ചിയതാണ്.
അവനാണ് നിര്‍ബന്ധം പിടിച്ചത് . താനിപ്പോള്‍ അത്ര കൊച്ചുകുട്ടി ഒന്നുമല്ല .

കരഞ്ഞു കൊണ്ടാണെങ്കിലും വഴങ്ങിയത് . ഒരു വലിയ തെറ്റ് . നേര്‍ത്ത നൂല്‍ ചരടില്‍ കോര്‍ത്ത മുത്തുകളെ പോലെ ബന്ധങ്ങള്‍ മനോഹരമായ ജീവിതത്തെയുണ്ടാക്കുന്നു , ഒരു ചെറിയ അശ്രദ്ധ അത് മതി ആകെ തകരാരിലാകാന്‍ . എവിടെയെങ്കിലും കൊളുത്തി വലിക്കാതെ നോക്കണം . മനസ്സ് ചിതറാതെ നോക്കാന്‍ ഹൃദയത്തോട് പറയണം.

ചിന്തകള്‍ മുറിയുന്നു .. ഹൃദയവും മനസ്സും വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്നതായി അവള്‍ക്കു തോന്നി .
മുത്തുകള്‍ വീണ്ടും താഴേക്കു വീഴുകയാണോ ?

അയാളുടെ മുഖത്തു വിടര്‍ന്ന ചിരി ,, പ്രകാശങ്ങളുണ്ടാക്കുന്നതായി അവള്‍ക്കു തോന്നി.
കട്ടിയുള്ള മീശ രോമങ്ങള്‍ക്കു താഴെ ഒരു റോസാപൂ വിരിയുന്നത് പോലെ ..
ആ കണ്ണുകളിലെ തിളക്കം . ആരാധനയോടെ അവള്‍ അതു തന്നെ നോക്കിയിരുന്നു .

അയാള്‍ ഫ്ലാസ്കില്‍ നിന്നും ചൂടുള്ള ചായ എടുത്ത് അവള്‍ക്കു നേരെ നീട്ടി. അല്പം മടിച്ചാണെങ്കിലും അവള്‍ അത് വാങ്ങി . അയാളുടെ നേര്‍ത്ത വിരലുകള്‍ അറിയാതെയെന്നോണം അവളുടെ വിരലുകളെ തലോടി. .
കൈ പിറകോട്ടു വലിച്ചെങ്കിലും ഹൃദയത്തിലെവിടെയോ ഉള്ള തലോടലായി അവള്‍ക്കതനുഭവപ്പെട്ടു .
ചൂടുള്ള ചായ അകത്തെ വിരസതയെ ഒന്ന് ചൂട് പിടിപ്പിച്ചത് പോലെ .
ഉന്മേഷത്തോടെ അവള്‍ അയാള്‍ക്ക്‌ നന്ദി പറഞ്ഞു. അകം നിറഞ്ഞ ഒരു ചിരിയായി .

മനു വിളിക്കുന്നുണ്ടായിരുന്നു.. ഒരു പാട് മിസ്ഡു കാളുകള്‍ കൊണ്ട് അവളുടെ സെല്‍ഫോണ്‍ നിറഞ്ഞു.

അയാള്‍ അവളെ തന്നെ നോക്കിയിരുന്നു. ആ കണ്ണുകളിലെ വശ്യത പ്രലോഭനങ്ങളായി അവള്‍ക്കു അനുഭവപ്പെട്ടു .
അവള്‍ ഫോണ്‍ ബാഗിലേക്കു തന്നെ തിരുകി വെച്ചു. അലസമായി അയാള്‍ കൈ അവളുടെ കൈകള്‍ക്ക് മീതെ വെച്ചു.
ജീവിതത്തിന്റെ വിരുദ്ധ ധ്രുവങ്ങളിലുള്ള ആ രണ്ടു മനസ്സുകളില്‍ അത് കാന്തിക ചാലകമായി വര്‍ത്തിച്ചു.
നെയില്‍ പോളിഷു ചെയ്ത അവളുടെ നനുത്ത വിരലുകളെ അയാള്‍ ചുണ്ടോട് അടുപ്പിച്ചു. അവളുടെ കണ്ണുകള്‍ പതിയെ അടഞ്ഞു.
പുറത്തു മഴ കനയ്ക്കുകയാണ്.
മനുവിന്റെ ഓര്‍മകളെ മറച്ചു കൊണ്ട് ഒരു അമാവാസി നാളിലെ ചന്ദ്രനായി , അയാള്‍ അവളെ തന്റെ കരവലയത്തിനുള്ളില്‍ ഒതുക്കി. അവളുടെ നിശ്വാസങ്ങള്‍ക്ക് തടയിട്ടു കൊണ്ട് ചൂട് പകര്‍ന്നു.
ചന്ദ്രന്റെ പഥം ഒരു പ്രത്യേക തരത്തില്‍ അവളില്‍ തന്നെ കറങ്ങി കൊണ്ടിരുന്നു. അമാവാസി നാളിലെന്ന പോലെ...

സൂര്യ ചന്ദ്രന്മാര്‍ക്ക് നടുവില്‍ വട്ടം കറങ്ങുന്ന ഭൂമി. മയൂര്‍ ഗഞ്ചിലെ ആകാശത്തു മഞ്ഞു പെയ്യുകയാണ്. .
തണുപ്പ് ശാരീരരത്തിലേക്ക് തുളച്ചു കയറുന്നു. സ്വെറ്ററിട്ട അവളുടെ കൈകള്‍ മനു തന്റെ ഷോള്‍ഡറിലേക്കെടുത്തു വെച്ചു . കെട്ടിപ്പിടിച്ച് അവളുടെ കവിളില്‍ , ചുണ്ടുകളില്‍ ഉമ്മ വെച്ചു.
നനുത്ത അവളുടെ കൈകള്‍ താഴേക്കു ഊര്‍ന്നുപോയി . മരവിപ്പ് ശരീരത്തെ തളര്‍ത്തി .

അവളില്‍ ആവേശമുണര്‍ത്താന്‍ അവനായില്ല. അവളുടെ മനസ്സില്‍ അയാളായിരുന്നു . നക്ഷത്രങ്ങള്‍ നുണക്കുഴിയായി തീര്‍ന്ന അവളുടെ കവിളുകള്‍ അയാളുടെ ചുണ്ടുകള്‍ക്കായി കാത്തു .
ലഗ്നങ്ങളുടെ പോരുത്തങ്ങളില്‍ കെട്ടിപ്പടുത്ത ജീവിതത്തില്‍ രാഹു വിഷം ചീറ്റുന്ന സര്‍പ്പമായി നിലകൊണ്ടു .
അവളുടെ നീര്‍ജ്ജിവതയില്‍ പൊതിഞ്ഞ നിസ്സംഗത മനുവിനെ മടുപ്പിച്ചു.

അലമാരയില്‍ കിടന്ന ഷിവോട്സിന്റെ കുപ്പി അയാളെടുത്തു . തുറന്ന് ഗ്ലാസ്സില്‍ പാതിയോഴിച്ചു . ബാക്കി ഐസ്സ് ക്യുബുകള്‍ നിറച്ചു . കത്തുന്ന സിഗറില്‍ നിന്നുമുയരുന്ന പുകച്ചുരുളുകളെ നോക്കി അവന്‍ കാത്തിരുന്നു ... അവളിലെ മഞ്ഞുരുകുന്നതിനായി . അവളുടെ സിരകളില്‍ ചുടു രക്തം ഒഴുകുന്നതിനായി .
ചന്ദ്രനില്‍ നിഴല് പരത്തുന്നതിനായി , അപഹാരങ്ങളില്‍ നിന്നകന്ന് , ഭൂമിയുടെ മേലുലുള്ള ആധിപത്വത്തിനായി ..
മനു കാത്തിരുന്നു ...
സാരമില്ല .. നടന്നത് നടന്നു . സൂര്യനാണ് പ്രധാനം , ചന്ദ്രന്‍ ഉപ ഗ്രഹം മാത്രമാണ് , ഇനി ശ്രദ്ധിക്കുക .. മദ്യം നല്‍കിയ ആവേശത്തിലോ , തന്റെ ഹൃദയത്തിന്റെ വിശാലത കൊണ്ടോ അങ്ങിനെ പറയാനാണ് മനുവിന് തോന്നിയത് .
ഒരു ഏറ്റു പറച്ചിലില്‍ അവള്‍ തന്റെ കലങ്ങിയ കണ്ണുകളെ തുടച്ചു . അഹം നിറഞ്ഞ കുറ്റ ബോധത്താല്‍ അവളുടെ തൊണ്ടയില്‍ വാക്കുകള്‍ കുടുങ്ങി. നേരിയ നൂല്‍ ചരടിന്റെ ബലത്തിലാണ് മാലകള്‍ സുരക്ഷിതമാകുന്നത് . നിലത്തു വീണു കിടക്കുന്ന മുത്തുകള്‍ പെറുക്കി കോര്‍ത്തെടുത്ത ഒരു ജീവിതം അവളാഗ്രഹിച്ചു .
അവളെ ചേര്‍ത്തു പിടിച്ച് മനു വീണ്ടും അവളുടെ ഹൃദയത്തില്‍ മുത്തുകള്‍ നിറച്ചു . പൊട്ടാത്ത ഒരു നൂല്‍ ചരടും അവള്‍ക്കു നല്‍കി . അവരുടെ ആകാശത്തു നക്ഷത്രങ്ങള്‍ പ്രകാശം പരത്തി . നിഷ്പ്രഭമായ ചന്ദ്ര പ്രഭയില്‍ അവള്‍ ആശ്വാസം കൊണ്ടു .. പിറക്കാനിരിക്കുന്ന സൂര്യ കിരണത്തെ ഓര്‍ത്ത്‌ അവള്‍ ആനന്ദിച്ചു .

No comments:

Post a Comment