വിഷാദത്തിന്റെ പൂക്കള്‍
കഥ ..
ടി.സി.വി.സതീശന്‍.
അസ്തമയ സൂര്യന് ഇന്നെന്തോ ചുവപ്പ് കൂടുതലായി അവള്‍ക്കു തോന്നി.
കൂടണയാന്‍ വെപ്രാളപ്പെടുന്ന കിളികള്‍ പറന്നുയരുന്നത് ആകാശത്തു കാണാം. അലീമ തന്റെ ഷാളു കൊണ്ട് മുഖം പാതിമറച്ചു.
ഓഫീസ് വിട്ടു അവളും മൃദുലയും റെയില്‍വേ സ്റ്റേഷനിലേക്കു നടക്കുകയാണ് ..
മുകളിലൂടെ പറന്നുയരുന്ന കിളികള്‍ ഉണ്ടാക്കുന്ന വികൃതമായ ശബ്ദങ്ങള്‍ അവളില്‍ അല്പം പരിഭ്രാന്തിയുണ്ടാക്കി .
മൃദുലാ .. എനിക്കെന്തോ ഉള്ളില്‍ ഭയം തോന്നുന്നു.
പക്ഷികള്‍ ഇങ്ങിനെ ഇതുവരെ കരഞ്ഞതായി ഞാന്‍ ഇതിനു മുമ്പ് കണ്ടിട്ടില്ല . ഒരു ദുസ്സൂചന പോലെ മനസ്സ് പിടയുന്നു.
എല്ലാം നിനക്ക് വെറുതെ തോന്നുന്നതാണ് ..
നമ്മെപ്പോലെ വീടെത്താന്‍ അവര്‍ക്കും തിടുക്കം കാണും , അത് കൊണ്ടായിരിക്കണം അവറ്റകള്‍ ഇങ്ങിനെ ഒച്ച വെയ്ക്കുന്നത് . മൃദുല അവളെ സമാധാനിപ്പിച്ചു .
ഇന്ന് ബുധനാഴ്ച .. വേഗം നടന്നാല്‍ നമുക്ക് ഒരു പക്ഷെ സ്പെഷ്യല്‍ ട്രെയിന്‍ കിട്ടിയേക്കും. എങ്കില്‍ രക്ഷപ്പെട്ടു , അര മണിക്കൂര്‍ നേരത്തെ വീടെത്താം.
മൃദുല അലീമയുടെ കൈ പിടിച്ചു വലിച്ചു.
ഒന്നാം നമ്പര്‍ പ്ലാറ്റുഫോമില്‍ വണ്ടി പോകാന്‍ തയ്യാറായി നില്‍ക്കുന്നു.
എന്തോ അന്ന് പ്ലാറ്റുഫോമില്‍ വലിയ ആള്‍ക്കൂട്ടമില്ല .. അവര്‍ രണ്ടുപേരും വനിതാ കമ്പാര്‍ട്ടുമെന്റു ലക്ഷ്യമാക്കി നടന്നു. നാലോ അഞ്ചോ യാത്രക്കാര്‍ മാത്രമേ അതിനകത്ത് ഉണ്ടായിരുന്നുള്ളൂ .
ഹാവൂ .. സന്തോഷായി മുദുല പറഞ്ഞു , എത്ര നാളായി ഒന്ന് നേരാംവണ്ണം യാത്ര ചെയ്തിട്ട് .
അടുത്ത രണ്ടു സ്റ്റേഷനുകള്‍ കഴിഞ്ഞാല്‍ അവള്‍ക്കിറങ്ങാനായി .എങ്കിലും തന്റെ തുകല്‍ ബാഗ് സീറ്റിലെക്കെറിഞ്ഞു അവള്‍ നീണ്ടു നിവര്‍ന്നു കിടന്നു .
അലീമയ്ക്ക് അവിടുന്ന് പിന്നെയും പോകണം ഒന്നൊന്നര മണിക്കൂര്‍ , എട്ടുമണിയെങ്കിലും ആകും വീടെത്തിപ്പെടാന്‍ . അവള്‍ ചെന്നിട്ടു വേണം ഭക്ഷണം പാകം ചെയ്യാന്‍ , പിന്നെ ഇളയതുങ്ങളെ നോക്കണം. അവളുമാര് ഹോം വര്‍ക്കൊന്നും ചെയ്തു കാണില്ല , എന്തിനു കുളിച്ചിട്ടു പോലുമുണ്ടാവില്ല .. സ്കൂളില്‍ നിന്ന് വന്ന അതെ പടി ടിവീന്റെ മുന്നിലിരിക്കുണ്ടാവും ഹിന്ദി സീരിയലും കണ്ടോണ്ട് .
ഉമ്മ കിടപ്പിലായിട്ട് ഇതു നാലാമത്തെ വര്‍ഷം . വാപ്പ ചെറുപ്പത്തിലെ മരിച്ചിരുന്നു. പ്രാരബ്ദങ്ങളുടെ നടുവില്‍ അവള്‍ നട്ടം തിരിയുകയാണ്.
പത്മ വ്യൂഹത്തില്‍ അകപ്പെട്ടു പോയി..
മൃദുലയുടെ സ്റ്റേഷനില്‍ വണ്ടിയെത്തി . ഒരു ചെറിയ മയക്കം ഒത്തു കിട്ടിയ സന്തോഷത്തില്‍ അവള്‍ ശുഭരാത്രി പറഞ്ഞിറങ്ങി ..
നാളെ കാണാം ഡാ ..
സ്റ്റേഷന് വെളിയിലേക്ക് ഇറങ്ങി ഇരുളില്‍ മറയുന്നതു വരെ അങ്ങോട്ടു തന്നെ നോക്കി അലീമ ഇരുന്നു.
ഒറ്റപ്പെടലിന്റെ ഒരു നീറ്റല്‍ അവളുടെ ഉള്ളില്‍ വളര്‍ന്നു. ചെറിയ ഭീതി ഇല്ലായ്കയില്ല .
ചുറ്റുവട്ടത്തുള്ള കുറ്റിക്കാടുകളില്‍ നിന്ന് കുറുക്കന്മാര്‍ ഉച്ചത്തില്‍ ഓരിയിട്ടു .
മാംസ ദാഹവുമായി ഇര തേടാന്‍ ഇറങ്ങിയതായിരിക്കണം അവര്‍ . തീ പാറുന്ന ചുവന്ന കണ്ണുകള്‍ .
അവരുടെ വിശപ്പടക്കാന്‍ വിധിക്കപ്പെട്ടു എവിടെയോ ഒളിഞ്ഞിരിക്കുന്ന ഇരകളെ തേടി ഉച്ചത്തില്‍ ഉച്ചത്തില്‍ കൂവി .
ആദ്യം ഭയപ്പാടുണ്ടാക്കുക .. പിന്നെ തന്ത്രപൂര്‍വ്വം കടന്നാക്രമിക്കുക ... കിഴടക്കുക .
മോളേന്നുള്ള വിളികേട്ടു അവള്‍ ഞെട്ടിയുണര്‍ന്നു .
അവധൂതനെ പോലെ , അലസമായി വസ്ത്രം ധരിച്ച ഒരാള്‍ പൊടുന്നനെ അവളുടെ മുന്നില്‍ പെട്ടു .
കുശലങ്ങള്‍ക്കായി അയാള്‍ അടുത്തു കൂടി .
ട്രെയിനില്‍ ആ കമ്പാര്‍ട്ട് മെന്റില്‍ ഇപ്പോള്‍ അവള്‍ ഒറ്റയ്ക്കാണ്. ഇരുട്ടിനു കനം വെയ്ക്കുന്നു ..
ഉള്ളില്‍ കരുതി വെച്ച ധൈര്യം പുറത്തെടുത്തു കൊണ്ട് അവള്‍ ചോദിച്ചു.
താങ്കള്‍ക്കെന്തു വേണം ?
ഇതു ലേഡീസ് കമ്പാര്‍ട്ട്മെന്റാണ് അറിയില്ലേ നിങ്ങള്‍ക്ക് ? വേഗമിറങ്ങൂ.. ഇല്ലെങ്കില്‍ തനിക്കു കംപ്ലൈന്റു ചെയ്യേണ്ടി വരും..
അവള്‍ ചങ്ങല പിടിക്കാനായി എഴുന്നേറ്റു.
അവളുടെ കൈ അയാള്‍ കടന്നു പിടിച്ചു. അവള്‍ക്കു കുതറി മാറാനാകാത്ത വിധം ബലിഷ്ടമായിരുന്നു അയാളുടെ കരങ്ങള്‍ .
അയാള്‍ ചിരിച്ചു . വായില്‍ നിന്നും നുര ഇറ്റു വീഴുന്നുണ്ടായിരുന്നു.
അയാളുടെ കണ്ണുകള്‍ക്ക് അസ്തമയ സൂര്യന്റെ ചുവപ്പിനെക്കള്‍ കത്തുന്ന ചുവപ്പ്.
അവള്‍ നിലവിളിക്കാന്‍ ഒരു ശ്രമം നടത്തി. ഇല്ല ഒച്ച പുറത്തു വരുന്നില്ല .. അയാള്‍ അവളുടെ വായ് പൊത്തിപ്പിടിച്ചിരുന്നു. .
വഴങ്ങുക .. അതല്ലാതെ തനിക്ക് മറ്റു ഗതിയില്ല .
ഇവിടെ ഈ ഇരുട്ടില്‍ തന്നെ രക്ഷപ്പെടുത്താന്‍ ഒരാളും വരാന്‍ പോകുന്നില്ല .. തന്റെ ദൈവം പോലും.
എന്റെ ദാഹം അകറ്റുക. അത് നിന്റെ ദൌത്യം .
വീര്യം കൂടിയ മദ്യം കഴിച്ച ആനന്ദത്തില്‍ അയാള്‍ അവളെ ആസ്വദിച്ചു ആവോളം .
ശാന്തമായി ഒഴുകുന്ന പുഴയില്‍ , ചെറിയ തിരകള്‍ വലിയ ഓളങ്ങളുണ്ടാക്കി .
കിഴക്കേ കുന്നിന്‍ ചെരിവില്‍ തീ ആളുന്നുണ്ടായിരുന്നു . ആളിപ്പടരുന്ന കാട്ടു തീയായിരിക്കണമത് ..
വെന്തു കരിഞ്ഞ മാംസത്തിന്റെ ഗന്ധവുമായി വന്ന കാറ്റ് അന്തരീക്ഷത്തില്‍ ശ്വാസ തടസ്സങ്ങളുണ്ടാക്കി .
എല്ലാം ഒരു തോന്നലായിരുന്നു . പിടയ്ക്കുന്ന മനസ്സിന്റെ വിഭ്രമാത്മക ചിന്തകള്‍ .. ഉള്ളിലെ ഭീതി ഉണ്ടാക്കുന്ന വെറുമൊരു ഫാന്റസ്സി .
പുറത്തു ലൈറ്റുകള്‍ തെളിഞ്ഞു .. സ്റ്റേഷനെത്താറായി എന്നാണ് തോന്നുന്നത് .
ശരീരത്തിലെ വിയര്‍പ്പു തുള്ളികളെ അലീമ ഷാള്‍ കൊണ്ട് തുടച്ചു . ഇടറുന്ന തൊണ്ടയിലേക്ക് അല്‍പ്പം വെള്ളം പോര്‍ന്നു കൊണ്ടവള്‍ നെടുവീപ്പിട്ടു .
നാളെ മൃദുലയോട് കാര്യങ്ങള്‍ പറയണം . അവള്‍ കളിയാക്കുമായിരിക്കാം . എങ്കിലും ആരോടെങ്കിലും മനസ്സ് തുറന്നേ പറ്റു .
കഴിഞ്ഞ കുറെ നാളുകളായി തന്റെ മനസ്സില്‍ , സ്വപ്നങ്ങളില്‍ വേട്ടക്കാരന്‍ ഉതിര്‍ക്കുന്ന കുരുതിപ്പൂക്കള്‍ കൊണ്ട് നിറയുകയാണ് .
വേണ്ടാത്തത് ചിന്തിക്കുക ,മനസ്സ് പുണ്ണാക്കുക ..
രക്തം വാര്‍ന്നൊഴുകുന്ന പുഴ.
കത്തിയെരിയുന്ന മലങ്കാടുകള്‍ .
അറവുകാരന്റെ മുന്നില്‍ അനുസരണയോടെ തല കുനിച്ചു നില്‍ക്കുന്ന കന്നുകാലികള്‍ ...
അമ്മയുടെ മുന്നില്‍ വിവസ്ത്രരാക്കപെട്ട മക്കള്‍ .
തന്റെ സ്വപ്നങ്ങളിലെ ഈ വൈചിത്ര്യങ്ങള്‍ക്ക് കാരണം എന്തായിരിക്കണം . അവളുടെ കണ്ണുകള്‍ നിറഞ്ഞു .
നീണ്ട ചൂളം വിളിയോടെ വണ്ടി നിന്നു ..
ആള്‍ക്കൂട്ടത്തിലേക്ക് അവളിറങ്ങി . കൂടണയാന്‍ വെമ്പുന്ന പക്ഷികളെ പോലെ പുരുഷാരം ഓടുന്നു.
അവരില്‍ ഒരാളായി അവള്‍ നടന്നകന്നു സ്വന്തം മാളത്തിലേക്ക് .
പതിവ് പോലെ കിഴക്ക് വെള്ള കീറി .
സൂര്യന്‍ അതിന്റെ ഉച്ചസ്ഥായിയിലേക്ക് .. ചൂട് ശരീരത്തില്‍ വിയര്‍പ്പിനെ ഉണ്ടാക്കി .
അവള്‍ മൃദുലയുടെ ക്യാബിനിലേക്ക് കടന്നു .
ഭയങ്കര ചൂട് .. ചിരിക്കാന്‍ ശ്രമിച്ചു കൊണ്ട് അലീമ പറഞ്ഞു .
മറച്ചു വെക്കാതെ കാര്യങ്ങള്‍ പറയെടോ ? പതിവ് സ്വപ്നങ്ങളല്ലേ തന്റെ പ്രശ്നം ..?
എന്താണ് താന്‍ കണ്ടത് , പിച്ചി ചിന്തപ്പെട്ട തന്റെ ശരീരം ? കൂര്‍ത്ത നഖമുള്ള കഴുകന്മാര്‍ . പറയെടോ .. ചുവന്ന അരളിപ്പൂക്കള്‍ ..?
കണ്ണില്‍ നിന്നും ഇറ്റുവീഴുന്ന അവളുടെ കണ്ണീരു തുടച്ചു കൊണ്ട് . മൃദുല ചോദിച്ചു .
അലീമ വിങ്ങി പൊട്ടി .
ശൂന്യമായ മനസ്സ്, ലക്ഷ്യമില്ലാത്ത ജീവിതം , പ്രതീക്ഷകള്‍ ഉടയുകയാണ് ..
മടുത്തു ജീവിതം .
മുഖത്തു കൈകള്‍ താങ്ങായി .
താന്‍ വളരെ സെന്‍സിറ്റിവാണ് അതാണ് തന്നില്‍ ഇത്രയും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് .
സ്വപ്നങ്ങള്‍ , ചിന്തകള്‍ തന്റെ മനസ്സിനെ വല്ലാതെ ആശങ്ക പെടുത്തുന്നു. എന്താണ് തനിക്കു പറ്റിയത് .
ജീവിതത്തില്‍ സന്തോഷം കണ്ടെത്താനാവാതിരിക്കുക, എല്ലാം ദുഖത്തില്‍ അവസാനിക്കുന്നു എന്നൊരു തോന്നല്‍.
പലപ്പോഴും ആത്മഹത്യയുടെ തീരങ്ങളിലൂടെയുള്ള ഈ യാത്ര ജീവിതത്തെ തന്റെ ഇല്ലാതാക്കുകയാണ് ?
അതെ ... അത്തരത്തില്‍ തന്നെയാണ് പലപ്പോഴും ചിന്തിക്കാറുള്ളത് , അലീമ പൊട്ടിക്കരഞ്ഞു .
ജനല്‍ പാളികള്‍ക്കപ്പുറമുളള റോസാപ്പൂവിനെ ചൂണ്ടി മൃദുല പറഞ്ഞു ആ പൂ വിരിയുന്നത് നോക്കൂ .. അത്രയേ ഉള്ളു ജീവിതം. .
ഉള്ള സമയങ്ങളില്‍ സൗരഭ്യം പരത്തുക .
വിരിഞ്ഞ പൂവാകുക നീ . വാടിപ്പോകുമെന്നു ഭയന്ന് വിരിയാതിക്കലല്ല ജീവിതം .
വിരിയുക .. സൗരഭ്യം പരത്തുക . ഒരു റോസ്സാപ്പൂ ആകാന്‍ താന്‍ ശ്രമിക്കുക .
അവളുടെ താടിയില്‍ തട്ടി കൊണ്ട് മൃദുല സമാധാനിപ്പിച്ചു .
തന്റെയീ വിഷാദത്തിന് കാരണം തിരയേണ്ടത് സ്വപ്നങ്ങളിലാണ് .. അത് വിശകലനം ചെയ്യേണ്ടതായുണ്ട് .
പോയി മുഖം കഴുകി വാ .. .
ഉള്ളില്‍ ഊറിക്കിടക്കുന്ന അവളുടെ പ്രശ്നങ്ങളിലേക്ക് പോകണം ... സ്വപ്നങ്ങളുടെ വേരുകളിലേക്കിറങ്ങണം .
തന്റെ അലീമയെ പഴയ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരണം .
ജീവിതത്തിനു വര്‍ണ്ണം കൊടുക്കുന്ന സ്വപ്നങ്ങള്‍ കാണാന്‍ പ്രേരിപ്പിക്കുക .. വിഷാദത്തിന്റെ ആ മനസ്സില്‍ വര്‍ണ്ണങ്ങള്‍ നിറയ്ക്കണം . ഏഴു നിറങ്ങളിലുള്ള മാരിവില്ലിനെ ഉണ്ടാക്കണം . മൃദുല തീരുമാനിച്ചു .
ആകുലതകളും ആശങ്കളും ആണ് അവള്‍ക്ക് വിഷാദത്തിന്റെ പൂക്കള്‍ സമ്മാനിച്ചത് . കീഴടങ്ങാനുള്ള മനസ്സിന്റെ വെമ്പല്‍ പ്രതിരോധത്തിന്റെ ചെറു സാധ്യതകളെ പോലും നിരാകരിക്കുന്നു .
ഷോ കേയ്സിലിരുന്നു സിഗ്മണ്ട് ഫ്രോയിഡ് ചിരിച്ചു.
മുറിക്കകത്തെ ഫാനില്‍ നിന്നും ഉതിരുന്ന കാറ്റില്‍ ഇന്റര്‍പ്രിട്ടെഷന്‍ ഓഫ് ഡ്രീംസിന്റെ താളുകള്‍ മറിഞ്ഞു .
ടി.സി.വി. സതീശന്‍
ശ്രീരേഖ
പോസ്റ്റ് : അന്നൂര്‍
പയ്യന്നൂര്‍ .. 670 307
മൊബൈല്‍ : 9447685185
ഇ മെയില്‍ : littlemore606 @ gmail . com
No comments:
Post a Comment