Wednesday, September 21, 2011

കറുത്ത മേഘങ്ങള്‍ക്കിടയിലൂടെ ഒളിഞ്ഞു നോക്കുന്ന തുലാം രാശിയിലെ സൂര്യന്‍ . അങ്ങിങ്ങായി ചെറിയ ചെളിവെള്ളക്കെട്ടുകള്‍ .ഈര്‍പ്പം വിട്ടുമാറാത്ത മണ്ണ് . പടിവാതുക്കല്‍ മരപ്പനിയന്മാരുടെ അകമ്പടിയോടെ കൊതാമൂരിത്തെയ്യം . ചെണ്ടവാദ്യം കനക്കുകയാണ് . അടുക്കളയില്‍ നിന്നും തന്റെ ഗൌണ്‍ ശരിയാക്കി കൊണ്ട് സുനിത പുറത്തേക്ക് വന്നു . ഓലമെടഞ്ഞു പട്ടുചുറ്റി പശുവിന്റെ മുഖം , പിന്നിലേക്ക്‌ ഞാന്നു നില്‍ക്കുന്ന വാല്‍ ..മുഖത്തു ചായം തേച്ച് , ചെറിയ കിരീടം തലയിലണിഞ്ഞു കഴുത്തില്‍ അണിയലം തൂക്കി കോതാമൂരി . വിളക്കും തളികയും നിറനാഴിയും സുനിത മുറ്റത്തേക്കു വെച്ചു ഭക്ത്യാദരം തൊഴുത്‌ നിന്നു . ഒരു കുഞ്ഞിക്കാലു മുറ്റത്തോടി നടക്കുന്നതായി അവള്‍ സ്വപ്നം കണ്ടു . തിരിയോലകള്‍ അരയില്‍ ചുറ്റി ചുവപ്പും കറുപ്പും വെളുപ്പും ചായങ്ങള്‍ തേച്ച കവുങ്ങിന്‍ പാള കൊണ്ട് പൊയ്മുഖമണിഞ്ഞ്‌ വലിയ പാളചെവിയുമായി രണ്ടു മരപ്പനിയമാര്‍.

അപനിര്‍മ്മിതി ..... കഥ

അപനിര്‍മ്മിതി
കഥ ...
ടി.സി.വി.സതീശന്‍


സായാഹ്ന സൂര്യന് മഞ്ഞ നിറമായിരുന്നു.. വീരസ്യങ്ങള്‍ നിറഞ്ഞ വിരസ വാര്‍ധക്യത്തിന്റെ മഞ്ഞ നിറം. അവര്‍ ഏഴു പേരുണ്ടായിരുന്നു . ഉന്നത ഉദ്യോഗങ്ങളില്‍ നിന്നും വിരമിച്ചവര്‍ . രാഷ്ട്ര പിതാവിന്റെ നാമധേയത്തിലുള്ള പാര്‍ക്കില്‍ എന്നും വൈകുന്നേരങ്ങളില്‍ അവര്‍ ഒത്തു ചേരുന്നു . അസ്തമയങ്ങളില്‍ നിന്നും രക്ഷ നേടാന്‍ അവര്‍ കണ്ടത്തിയ വഴി അതായിരുന്നു . പുല്ലുകള്‍ കൃത്യമായ അളവില്‍ മുറിച്ചെടുത്ത് മനോഹരമാക്കിയ പച്ച പരവതാനിയില്‍ ഇരുന്ന് മനസ്സ് തുറക്കുക .. ആകുലതകളും ആശങ്കകളും പങ്കിടുക .ഒറ്റപ്പെടലുകളില്‍ നിന്നുമുള്ള മോചനം .
വില്ലേജ് ആപ്പീസറായി റിട്ടയര്‍ ചെയ്ത രാമന്‍കുട്ടി മേനോന്‍ പറഞ്ഞു .. ഡിസ്ട്രക്ഷന്‍ ആണ് എല്ലാത്തിനും കാരണം .. സമൂഹത്തില്‍ ഉണ്ടായിരിക്കുന്ന അപനിര്‍മ്മിതി മൂല്യങ്ങളെ ഇല്ലാതാക്കി...ബന്ധങ്ങളെയും. അല്ല ,കള്ളപ്പണമാണ് കാരണം .. ആദായ നികുതി വകുപ്പില്‍ നിന്നും വിരമിച്ച വിമല നായര്‍ മറുവാദം ഉന്നയിച്ചു . തെറ്റായ രീതിയിലുള്ള ആത്മീയതയും ദൈവഭയമില്ലായ്മയുമാണ് യഥാര്‍ത്ഥ പ്രശ്നം .. ദേവസ്വം ബോര്‍ഡില്‍ നിന്നും പിരിഞ്ഞ മോഹന വര്‍മ്മ വക . ഗുരു ഭക്തി ഇല്ലാത്ത വിദ്യാഭ്യാസ രീതി കുട്ടികളില്‍ ദിശാബോധമില്ലായ്മ സൃഷ്ടിച്ചു ..റിട്ടയര്‍ഡു കോളേജ് അദ്ധ്യാപകന്‍ ജോര്‍ജ്ജ് വടക്കേല്‍ വാദങ്ങള്‍ നിരത്തി. രാഷ്ട്ര പിതാവിന്റെ വെങ്കല പ്രതിമ ഇതെല്ലാം കേട്ട് ചിരിച്ചു . ഒരു നിസ്സഹായന്റെ മുഖമായിരുന്നു രാഷ്ട്രപിതാവിനപ്പോള്‍ .
സമൂഹത്തിലെ ക്രിമിനല്‍വല്‍ക്കരണത്തിന്റെ ആധിക്യത്തില്‍ ആശങ്ക പൂണ്ട് ജോസഫ് എന്ന മുന്‍ ഡി.ഐ.ജി വിലപിച്ചു. ശരിയായ രാഷ്ട്രീയ ഇടപെടലിന്റെ അഭാവമാണ് കാര്യങ്ങള്‍ ഇത്രത്തോളം എത്തിച്ചതെന്ന് കവി രാഘവനുണ്ണി . വെങ്കല പ്രതിമ വീണ്ടും ചിരിച്ചു .
വെള്ളി നിറമുള്ള തന്റെ താടിരോമങ്ങള്‍ ഉഴിഞ്ഞു കൊണ്ട് മുസാഫിര്‍ അഹമ്മദെന്ന മനശ്ശാസ്ത്ര വിദഗ്ദന്‍ പറഞ്ഞു. .. കൂട്ടരേ , നാല് വയസ്സുകാരിയായ സ്വന്തം മകളെ ബലാല്‍സംഗത്തിന് ഇരയാക്കുന്ന അച്ഛനെ കുറിച്ച് എന്ത് പറയാനാണ് .. ? രോഗ ലക്ഷണമല്ല രോഗം മൂര്‍ച്ചിച്ച സമൂഹമാണ് നിലവിലുള്ളത് . രാഷ്ട്ര പിതാവിന് മുസാഫിറിന്റെ കമന്റ് ഇഷ്ടപ്പെട്ടുവെന്ന് തോന്നുന്നു.
രാംലീല മൈതാനത്തെ ഇളകിയാടുന്ന ജനക്കൂട്ടം പാര്‍ക്കിലെ ബിഗ്സ്ക്രീനില്‍ തെളിഞ്ഞു . കാഷായ വര്‍ണ്ണങ്ങള്‍ കാറ്റിലുലഞ്ഞു . യോഗീവര്യന്‍ വയറുകൊണ്ട്‌ കസര്‍ത്ത് കാണിക്കുന്നു .അനുചരന്മാര്‍ റോക്ക് ചെയ്യുന്നു. കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികള്‍ അഴിമതി പാടേ ഇല്ലാതാക്കുന്നതിന് ഉടുപ്പ് പൊക്കി ആനന്ദനൃത്തം ആടുന്നു. ജനം ഇളകിമറിയുന്നു . ചെറുപ്പക്കാര്‍ പഴയ ഖാദി തോപ്പിക്കായി നെട്ടോട്ടമോടുന്നു.
സ്ക്രീനില്‍ തെളിഞ്ഞ ആവേശത്തില്‍ വിമല നായര്‍ പറഞ്ഞു .. പ്രതീക്ഷയ്ക്ക് വകയുണ്ട് അല്ലേ ..? മുന്‍ ഡി.ഐ.ജി .ജോസഫ് തലകുലുക്കി ശരിവെച്ചു . പുതിയ കവിതയ്ക്കുള്ള വക തേടി രാഘവനുണ്ണി ടീവിയിലേക്ക് തന്നെ കണ്ണു നട്ടു .
പുതിയ ദുരന്തങ്ങളെയോര്‍ത്ത് മുസാഫിര്‍ ആകുലചിത്തനായി .
തന്റെ ഉന്നുവടി താഴേക്കു തള്ളിയിട്ട് വെങ്കല പ്രതിമയുടെ ബന്ധനത്തില്‍ നിന്നും മോചിതനായി രാഷ്ട്രപിതാവ് പറഞ്ഞു.
സുഹൃത്തുക്കളെ ..കണ്ണിനാനന്ദം നല്‍കുന്ന ഇത്തരം കാഴ്ചകളില്‍ നിന്ന് അകന്നു നില്‍ക്കുക. നിങ്ങളുടെ കണ്ണിനു വേഗത്തില്‍ തിമിരമുണ്ടാക്കാനേ ഇത് സഹായിക്കൂ . സായാഹ്നങ്ങളിലുള്ള വെറും വെടി പറച്ചിലുകളില്‍ നിന്നും വിട്ടു നിങ്ങള്‍ നിങ്ങളോട് ചോദിക്കുക..? കര്‍മ്മപഥങ്ങളിലെ ഓരോ ഏടുകളും എടുത്തു പരിശോധിക്കുക .. ഒരു പുനര്‍ വായന അത്യാവശ്യം . നാടിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് താങ്കളുടെ സംഭാവന എന്തായിരുന്നു ..?

സത്യസന്ധമായ ഒരു ഉത്തരം വരും വൈകുന്നേരങ്ങളില്‍ പ്രതീക്ഷിക്കുന്നു. ഉന്നുവടി വീണ്ടും കയ്യിലെക്കെടുത്തു രാഷ്ട്രപിതാവ് വെങ്കല പ്രതിമയിലേക്ക് മടങ്ങി.

Friday, August 26, 2011

രുക്മിണിയുടെ വിശേഷങ്ങള്‍ .. കഥ ..

രുക്മിണിയുടെ വിശേഷങ്ങള്‍ ..
കഥ ..
ടി.സി.വി. സതീശന്‍ .


ഒന്ന്

ഗ്രാമത്തില്‍ നിന്നും നഗരത്തിലെത്താന്‍ പത്തുപന്ത്രണ്ടു മണിക്കൂര്‍ യാത്ര വേണം . ബസ്സില്‍ തിരക്ക് കുറവായിരുന്നു. ഇനിയും അരമണിക്കൂര്‍ കഴിഞ്ഞു മാത്രമേ പുറപ്പെടുകയുള്ളു. രുക്മിണി ഏതാണ്ട് മധ്യഭാഗത്തുള്ള, വിന്‍ഡോ സീറ്റില്‍ ഇരുപ്പുറപ്പിച്ചു. തന്റെ ബാഗ്‌ തൊട്ടടുത്ത സീറ്റില്‍ വെച്ച ശേഷം ജനല്‍ കമ്പികള്‍ പിടിച്ചു പുറത്തേക്ക് നോക്കി.

സുപ്പര്‍ ഫാസ്റ്റായതിനാല്‍ ആളുകള്‍ കുറവായിരുന്നു. ബസ്സിനകത്തേക്ക് കയറിവരുന്ന ആളുകളെ അവള്‍ സശ്രദ്ധം വീക്ഷിച്ചു. തന്റെ തൊട്ടടുത്ത സീറ്റിലേക്ക് പറ്റിയൊരാളെ അവളുടെ കണ്ണുകള്‍ പരതുകയാണ് ..കാണാന്‍ സ്മാര്‍ട്ടായ ,നന്നായി ബീഹെവ് ചെയ്യൂന്ന ഒരു ഇരുപത്തിഞ്ചു ഇരുപത്തിയെട്ടുകാരനെ ആ മനസ്സ് കൊതിച്ചു. ബോറടിപ്പിക്കില്ലെന്നു ഉറപ്പുണ്ടെങ്കില്‍ ജീവിത യാത്രയിലങ്ങോളം അവനെ കൊണ്ടു നടക്കാമായിരുന്നു. കഴിഞ്ഞ കുറെനാളുകളായി മനസ്സ് തേടുന്ന സഹയാത്രികന്‍ ഒരുപക്ഷെ ഇന്ന് വരുമായിരിക്കാം. ഉള്ളിലാരോ പറയുന്നത് പോലെ.അവള്‍ക്കു തോന്നി .

രണ്ടു ടിക്കറ്റെടുത്തു ...ഒന്നവള്‍ക്കും മറ്റേത് അവനും. സൂപ്പര്‍ ഫാസ്റ്റല്ലാതെ മൂന്നോ നാലോ ബസ്സുകള്‍ മാറിക്കയറിയും വേണമെങ്കില്‍ നഗരത്തിലെത്താം. വര്‍ണ്ണങ്ങളും ശ്ലഥ ചിത്രങ്ങളും കൊണ്ട് കൊളാഷ് തീര്‍ത്ത യവ്വനത്തിന്റെ ആദ്യഘട്ടങ്ങളില്‍ അവള്‍ക്കും ഇഷ്ടം അത്തരം യാത്രകളായിരുന്നു. മാറി മാറി വരുന്ന സഹയാത്രികര്‍ ഇടത്താവളങ്ങളില്‍ നിന്ന് കയറുകയും ഇടത്താവളങ്ങളില്‍ ഇറങ്ങുകയും ചെയ്യുന്ന അവരുടെ ചാപല്യങ്ങള്‍ .ആദ്യമൊക്കെ കൌതുകത്തോടെയാണെങ്കിലും പിന്നെ പിന്നെ അവള്‍ക്കുമത് രസകരമായിരുന്നു.

എന്നാല്‍ ഇന്നങ്ങിനെയല്ല. .. ജീവിത സായാഹ്നം വരെ കൂടിരിക്കാന്‍ ഒരു സ്ഥിരം സഹയാത്രികനെ അവളാഗ്രഹിക്കുന്നു..നേരിന്റെ മുള്‍മുനയില്‍ തുലനം ചെയ്യുന്ന ഒരു തുലാസ്സായി ജീവിതത്തെ കാണാന്‍ അവള്‍ക്കു വയ്യ. തെറ്റു ശരികളുടെ ആഴവും പരപ്പുമറിഞ്ഞുകൊണ്ട് തുഴയാനറിയുന്ന നല്ല ഒരു തുഴക്കാരനെ.... അവളുടെ മനസ്സ് പരതുകയാണ്‌ .
ആകാശത്തു മേഘങ്ങള്‍ സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള തേരുകളില്‍ ആയിരം കുതിരകളെ പൂട്ടി .......മനസ്സ് പായുകയാണ്. മിത്തിനും യാഥാര്‍ത്യത്തിനും ഇടയിലൂടെ . ഗ്രാമത്തെ പോലെ അവള്‍ക്കു ഇന്ന് നഗരത്തെയും ഇഷ്ടമാണ് .സ്വപ്നങ്ങള്‍ കൊണ്ടവള്‍ ഫാന്റസ്സി തീര്‍ക്കുകയാണ്. ഒരു വെളിപാട് പോലെ ..വെളുക്കെ ചിരിച്ച്‌, യാഥാര്‍ത്യത്തിലേക്ക് പെട്ടെന്ന് തന്നെ തിരിച്ചെത്തുകയും ചെയ്യും . ഓരോ സ്റ്റോപ്പിലും ബസ്സ് നിര്‍ത്തുമ്പോള്‍ അവള്‍ ആകാംക്ഷയോടെ കഴുത്തു പുറത്തേക്കിട്ടു നോക്കും. ഇപ്പോള്‍ വരുമെന്ന പ്രതീക്ഷയോടെ .

ജനല്‍ ഗ്ലാസ്സിലൂടെ തണുത്ത കാറ്റ് അകത്തേക്ക് വീശി. മനസ്സില്‍ കുളിരു കോരിയിടുന്നു. ജോലി സ്ഥലത്ത് വെച്ചും മറ്റും ഒരുപാടു പേരുമായി പരിചയപ്പെട്ടിട്ടും ഇടപഴകിയിട്ടും ഉണ്ട് അവള്‍. അവരില്‍ തന്നെ ഒരുപാട് പേര്‍ വിവാഹാലോചനകളുമായി നേരിട്ടും അല്ലാതെയും വന്നിട്ടും ഉണ്ട് .

ചൊവ്വ ദോഷമെന്ന് അമ്മ പറയും . അതില്‍ അവള്‍ക്കു വലിയ വിശ്വാസം പോരാ . എന്തിനാണ് ഗ്രഹങ്ങള്‍ ഒരു പാവം പെണ്‍കുട്ടിയുടെ ജീവിതത്തിനു മേല്‍ ഇത്രയേറെ പാപങ്ങള്‍ ചൊരിയുന്നത് ? അതിനു മറ്റു പെണ്‍കുട്ടികളില്‍ നിന്ന് വ്യത്യസ്തമായി താനൊന്നും ചെയ്തില്ലാലോ .ചൊവ്വയ്ക്കല്ല പ്രശ്നം ,അതു സമൂഹ മനസ്സില്‍ ഉണ്ടാക്കുന്ന പിരിമുറുക്കങ്ങളും ആകുലതകളും ആശങ്കകളും ആണ്‌ നമ്മെ തളര്‍ത്തുന്നത്‌ , അങ്ങിനെ വിശ്വസിക്കാനാണ് രുക്കുവിന് ഇഷ്ടം .

ഒന്നും മനസ്സിന് തൃപ്തി തരുന്നില്ല ,അല്ലാതെന്തു പറയാന്‍ ...

ബസ്സ്‌ ചെറിയ ഒരു ടൌണില്‍ ഭക്ഷണം കഴിക്കാനായി നിര്‍ത്തി. കണ്ടക്ടര്‍ വിളിച്ചു പറഞ്ഞു ..അരമണിക്കൂറുണ്ട് .

വായ്ക്കു ഒരു രുചിയും തോന്നുന്നില്ല. തലയിലൂടെ ഷാള്‍ പുതച്ചു കൊണ്ട് അവള്‍ പുറത്തേക്ക് കഴുത്തു നീട്ടി .

ഉണ്ടാകും .. ഈ കൂട്ടത്തില്‍ ഉറപ്പായും.

കണ്ണുകള്‍ ഓരോ ചെറുപ്പക്കാരനെയും വട്ടമിട്ടു പറന്നു... അവരുടെ ഓരോ ചലനങ്ങളെയും മനസ്സിലെക്കാവാഹിച്ചു രുക്മിണി ഇരുന്നു.

വരും.. വരുമെന്ന പ്രതീക്ഷയോടെ .

രണ്ട്

പ്രോണ്‍ ചെയ്ത വിവിധ നിറങ്ങളിലുള്ള ബോഗന്‍ വില്ലകള്‍ അതിരുകളിട്ട മനോഹരമായ പുല്‍ത്തകിട് .റോസുകളും കുറ്റിമുല്ലകളും അങ്ങിങ്ങായി പൂവിട്ടു നില്‍ക്കുന്നു.അസ്തമയ സൂര്യന്‍ വിതറിയ പോന്നുരാശികളിള്‍ തട്ടി സ്പ്രിന്‍ഗ്ലറില്‍ നിന്നുമുതിരുന്ന സ്വര്‍ണവര്‍ണ്ണത്തിലുള്ള നേര്‍ത്ത ജലകകണികകള്‍ ചുറ്റും .

സിമന്റു ബഞ്ചിലിരുന്നു രുക്മിണി തന്റെ തുവാല മടിയില്‍ വിരിച്ചു . പൊട്ടിയ വളക്കഷണങ്ങളും മയില്‍‌പീലി തുണ്ടുകളും അതിലേക്കു ചൊരിഞ്ഞു .പച്ചയും മഞ്ഞയും ചുവപ്പും കറുപ്പും വെളുപ്പുമായി കുപ്പിവളക്കഷണങ്ങള്‍ ...കൌമാരത്തെ തിരികെ കൊണ്ടു വരുന്നതായി അവള്‍ക്കു അനുഭവപ്പെട്ടു . മടിയില്‍ നിരത്തി വെച്ച വളക്കഷണങ്ങളില്‍ മനസ്സിലെ ഗന്ധര്‍വ്വന്റെ മുഖം തെളിഞ്ഞു വന്നു . മയില്‍‌പ്പീലി തുണ്ടുകളെടുത്തു അവള്‍ അവനു കിരീടമണിയിച്ചു.

ഇറുകിയ ജീന്‍സില്‍ നല്ല പൊക്കമുള്ള സുസ്മേര വദനന്‍ ... പൂച്ചക്കണ്ണന്‍ . തന്റെ സ്വപ്നങ്ങള്‍ ചോര്‍ത്തിയെടുത്ത കൊച്ചുകള്ളന്‍ . ഉള്ളില്‍ നിന്നും ഊറിവന്ന ചിരി അവളുടെ വദനങ്ങളെ സമ്പന്നമാക്കി .

വര്‍ണ്ണക്കടലാസ്സില്‍ പൊതിഞ്ഞു വെച്ച കത്തുകള്‍ ഓരോന്നായി എടുത്തുകൊണ്ടവള്‍ ചുണ്ടോടു ചേര്‍ത്തു ..

ഇമകള്‍ പൂട്ടിയല്പനേരം പ്രാര്‍ഥിച്ചു. തന്റെ ഗന്ധര്‍വ്വനായി .യവ്വനത്തിന്റെ ആസക്തിയെ , ആതുരതയെ മനസ്സിലെക്കാവാഹിച്ചു .

പ്രതീക്ഷകളോടെ കത്തുകളോരോന്നും തുറന്നു നോക്കി . പ്രണയത്തിന്റെ ആകുലതകള്‍ കണ്ട്‌ കോരിത്തരിച്ചു.

ഓര്‍മകളെ കോര്‍ത്തിണക്കുമ്പോള്‍ അവളാശിച്ചു ... ഇതിലേതിലെങ്കിലും തന്റെ രാജകുമാരന്‍ ഉണ്ടായിരിക്കുമെന്ന് .

ഇരുള്‍ പെയ്യുന്ന ആകാശത്ത്‌ നക്ഷത്രങ്ങള്‍ ഓരോന്നായി തെളിയാന്‍ തുടങ്ങി .കത്തുകളിലെ വാക്കുകളും വാചകങ്ങളും അവള്‍ ഹൃദിസ്ഥമാക്കി .അതിലെ അര്‍ത്ഥ വിശേഷണങ്ങള്‍ തലങ്ങും വിലങ്ങും വിചാരണ നടത്തി . ഹൃദയത്തിന്റെ അളവുകോലില്‍ അവളവരുടെ ആത്മാര്‍പ്പണത്തെ നെഞ്ചോടടുപ്പിച്ചു . പ്രതീക്ഷകള്‍ക്ക് കനം വെയ്ക്കുകയാണ് . ചുണ്ടിലെ നേരിയ ചിരി ഹൃദയത്തില്‍ തട്ടി അത് അവളറിയാതെ മുഴുത്ത ചിരിയായി മാറി.

മുല്ലയും പാരിജാതവും പൊഴിക്കുന്ന സുഗന്ധം അവളുടെ കാമനകളെ തൊട്ടുണര്‍ത്തി . ആസക്തി നിറഞ്ഞു കണ്ണുകളില്‍ നക്ഷത്രങ്ങള്‍ പൂത്തു നിന്നു.നുണക്കുഴികള്‍ കവിളിനെ കുടുതല്‍ ചുവപ്പിച്ചു . വിറയാര്‍ന്ന വിരിഞ്ഞ ചുണ്ടുകള്‍ കൊടും താപത്തെയേറ്റുവാങ്ങി.

മൂന്ന്

ഭക്ഷണം കഴിഞ്ഞ് ആളുകളോരോരുത്തരായി ബസ്സിലേക്ക് മടങ്ങി . പുറത്തു മെര്‍‍ക്യുറി ലൈറ്റിന്റെ പ്രഭയില്‍ ചെറു പട്ടണത്തിനു തലക്കനം വെച്ചപോലെ .. വിളക്കുകാലിനു ചുറ്റും പൂക്കച്ചവടക്കാരനും കപ്പലണ്ടിക്കാരനും തൊണ്ട പൊട്ടിച്ചു.അവര്‍‍ക്ക് ചുറ്റും ചെറിയ ചെറിയ ആള്‍‍ക്കൂട്ടം. വിലപേശലുകളും അവരുടെ ചെറു വാഗ്വാദങ്ങളും .

പണി കഴിഞ്ഞ് ഗ്രാമങ്ങളിലേക്ക് മടങ്ങി പോകുന്ന സാധാരണക്കാരായിരിക്കാം ഒരുപക്ഷെ അതില്‍‍ കൂടുതലും .

ഒരു മുഴം മുല്ലപ്പൂ അല്ലെങ്കില്‍ ഒരു കൊട്ട കപ്പലണ്ടി . മുതുകൊടിഞ്ഞ അവരുടെ ഭാര്യമാര്‍ക്ക് ഇത്തിരി സന്തോഷം കൊടുക്കാനായി ഇതിലെന്തെങ്കിലും വാങ്ങിക്കുന്നതായിരിക്കണം അവര്‍ .

ബസ്സില്‍ ആളുകള്‍ നിറഞ്ഞു . നീണ്ടു സുമുഖനായ ഒരു ചെറുപ്പക്കാരന്‍ അവളുടെ അടുത്തേക്ക്‌ വന്നു , അനുവാദത്തിനായി അവന്റെ കണ്ണുകള്‍ അവളുടെ കണ്ണുകളിലേക്കു നോക്കി.

സന്തോഷം അവളുടെ മനസ്സില്‍ താളം കൊട്ടി. ഇവനാവാം അല്ലേ ..?

സമ്മതത്തിനു കാത്തു നില്‍ക്കാതെ തന്നെ അവന്‍ അവളുടെ അടുത്ത സീറ്റിലിരുന്നു . മുക്കില്‍ അരിച്ചു കേറുന്ന ഏതോ തരം സ്പ്രേ അവന്റെ ശരീരത്തില്‍ നിന്നും ഒഴുകിയെത്തി. ജാസ്മിനായിരിക്കണം എന്ന് തോന്നുന്നു. അതവളുടെ ഉള്ളിലെ മൃദുല ഭാവങ്ങളെ കൂടുതല്‍ ഉത്തേജിപ്പിച്ചു . ഉള്ളിലൂറി കിടന്നിരുന്ന അവളിലെ രതിയെ അതുണര്‍ത്തിവിട്ടു .

അല്പം കൂടി അവനരികിലേക്ക്‌ നീങ്ങിയിരുന്നു കൊണ്ടവള്‍ കുശലങ്ങള്‍ അന്വേഷിച്ചു. അറിയാതെയെന്നോണം അവള്‍ തന്റെ തല അവന്റെ മുതുകിലേക്കു ചായ്ചു.. സുഗന്ധം പരത്തുന്ന അവന്റെ മണം മൂക്കിലേക്ക് വലിച്ചു കയറ്റി . ഒരര്‍ഥത്തില്‍ അവനെ ആസ്വദിക്കുകയായിരുന്നു അവള്‍. പാതി സ്വപ്നത്തിലും പാതി യാഥാര്‍ത്യത്തിലുമായി അവളുയരങ്ങളെ ലക്ഷ്യമാക്കി പറന്നു..

അവന്റെ വിരലുകള്‍ അവളെ അറിയുകയായിരുന്നു. പുറത്തു നിലാവ് പെയ്യുന്നു. കരിമ്പിന്‍ തോട്ടങ്ങള്‍ ആ വെള്ളിവെളിച്ചത്തില്‍ , പാല്‍ പുഞ്ചിരിയോടെ അതിന്റെ ഇലകളെ സാവകാശം താളത്തില്‍ ചലിപ്പിച്ചു . അതവള്‍ക്ക്‌ കൂടുതല്‍ പ്രോത്സാഹനമായി അവള്‍ തന്‍റെ കൈകള്‍ എടുത്തു അവന്റെ മടിയില്‍ വെച്ചു.. അവളുടെ ചെറിയ സ്തനങ്ങളില്‍ ഉഷ്ണപ്രവാഹമുണ്ടായി. അതിന്റെ ഞെട്ടുകള്‍ മേല്പോട്ട് ഉയര്‍ന്നു നിന്നു ..

കര്‍ക്കടക രാശിയില്‍ തെളിഞ്ഞു നിന്ന സൂര്യനെപ്പോലെ .. അവളാനന്ദം കൊണ്ടു . ബസ്സ്‌ നഗരത്തെ ലക്ഷ്യമാക്കി അതിന്റെ പ്രയാണം തുടര്‍ന്നു ..

താഴ്വാരങ്ങളിറങ്ങി ബസ്സ് വിശാലമായ പാടപ്പരപ്പിലേക്ക് .. കിഴക്ക് ആകാശത്തു വെള്ളകീറി സൂര്യന്‍ ഭൂമിയിലേക്കെത്തി നോക്കി . ഇളം കുളിരുമായി ചെറുതെന്നല്‍...ഒരു താരാട്ട് പോലെ കണ്ണുകളെ ഉറക്കത്തിലെക്കാനയിച്ചു . സ്വപ്നങ്ങളില്‍ നിന്നും താഴോട്ടിറങ്ങി വന്നപ്പോള്‍ അവള്‍ അവന്റെ മടിയില്‍ കിടക്കുകയായിരുന്നു . അടിത്തട്ടില്‍ നിന്നും വന്ന ഒരു സന്തോഷത്തില്‍ അവളാഹ്ലാദിച്ചു ... ജീവിതാവസാനം വരെ ഈ മടിത്തട്ടിലിങ്ങിനെ.. ലാളനകളേറ്റ് .

ഉറക്കച്ചടവാര്‍ന്ന കണ്ണുകള്‍ തുടച്ചു കൊണ്ടവള്‍ അവന്റെ കയ്യുകള്‍ നെഞ്ചോട്‌ ചേര്‍ത്തു പിടിച്ചു. ആ കണ്ണുകളിലേക്കു നോക്കി .

അവന്റെ കൈകള്‍ തണുത്തിരിക്കുന്നു . ആ കണ്ണുകളിലെ നിര്‍വ്വികാരത അവളെ ഭയപ്പെടുത്തി. നഗരത്തിലെത്താനുള്ള അവന്റെ തിടുക്കം .. മനസ്സ് കുഴഞ്ഞു മറിയുകയാണ് .
നേരം പുലരുന്നതേയുള്ളു . റിക്ഷക്കാരും ടാക്സിക്കാരും അത്യാവശ്യം ചില പിമ്പുമാരും ...

ഉറക്കമില്ലാത്ത അവര്‍ കോട്ടുവായിട്ടു നഗരത്തെ സജീവമാക്കി . തിരക്കു പിടിച്ച വഴികളിലെവിടെയോ അവന്‍ നടന്നു മറഞ്ഞു . ആശകളുടെ തിരകളെണ്ണി തീര്‍ക്കാമെന്ന വ്യാമോഹത്തോടെ അവളുടെ കണ്ണുകള്‍ അവനു പിന്നാലെ പാഞ്ഞു. അവനില്ലാതാവുന്നതു വരെ ....

നാല്

കനകംബാള്‍ ഇടുങ്ങിയ ഫ്ലാറ്റില്‍ അഗ്രഹാരം പുന:ക്രമീകരിക്കാനുള്ള തത്രപ്പാടിലാണ് . തന്റെ മഞ്ഞച്ചേല മടക്കിക്കുത്തി അവള്‍ നിലത്തു കോലം വരയ്ക്കുകയാണ് . കര്‍ണാടക സംഗീതത്തിലെന്ന പോലെ കോലം വരയ്ക്കലിലും അവളുടെ നൈപുണ്യം അപാരം . ഭജനകളില്‍ അവള്‍ക്കേറ്റവും ഇഷ്ടം കൃഷ്ണ ഭജനകളാണ് .

സുബ്ബു എന്ന സുബ്ബരായന്‍ ചാരുകസെരയിലിരുന്നു നീട്ടി വിളിച്ചു .

കനകം ..അവള്‍ എന്തെങ്കിലും പറഞ്ഞിരുന്നുവോ തന്നോട് ?

നീരജ ദള നയന .....നന്ദ നന്ദ നന്ദന
നീല മേഘവര്‍ണ്ണാ ..... ശ്രീകൃഷ്ണാ ...

അവള്‍ മൂളുകയാണ്. സുബ്ബുവിന്റെ വാക്കുകള്‍ കേട്ടില്ലെന്നു തോന്നുന്നു .

കനകം ... രുക്കു തന്നോടെന്തെങ്കിലും പറഞ്ഞിരുന്നുവോ ?

ഇല്ല്യാ ... ഒന്നുമേ പെശര്‍തില്ല്യാ. ഒന്നും അറിയാത്തതു പോലെ അവള്‍ കോലം വരയ്ക്കല്‍ തുടര്‍ന്നു .

മാര കോടി സുന്ദരാംഗ ജാര ചോര ..

നീരധ യമുനാ തീര വിഹാര ...

ഹരേ ഗോപാല ...നീരജ ദള നയനാ ..

യമുനാ തീരത്ത്‌ ഗോപികമാരോടോത്തു ഉല്ലസിക്കുന്ന കൃഷ്ണന്‍. മഞ്ഞ ചോലയുടുത്തൊരു ഗോപികയായി അവള്‍ .

പണ്ടെന്നോ കണ്ടുമറന്ന തമിഴ് ചിത്രം അവളുടെ മനസ്സില്‍ തെളിഞ്ഞു .

രുക്മിണി ... സുബ്ബുവിന്റെയും കനകംബാളിന്റെയും ഏകസന്തതി . ആണായും പെണ്ണായും . ഒരുപാട് പ്രാര്‍ഥനകളുടെയും വഴിപാടുകളുടെയും ഫലമായി , വൈകിയാണെങ്കിലും ഭഗവാന്‍ കൃഷ്ണന്‍ കൊടുത്ത വരദാനം .

കനകം അങ്ങിനെ വിശ്വസിച്ചുപോന്നു .

സുബ്ബു അതൊട്ട്‌ തിരുത്താന്‍ മിനക്കെട്ടതുമില്ല .

വളര്‍ച്ചയുടെ ഘട്ടങ്ങളിലോരോന്നും രുക്കുവിനെ കനകം കൃഷ്ണന്റെ അപദാനങ്ങള്‍ എണ്ണിയെണ്ണി പഠിപ്പിച്ചു .

എന്തിനു പേര് പോലും അവളുടെ നിര്‍ബന്ധമായിരുന്നു . പാട്ടിയുടെ പേര് വിളിക്കണമെന്ന് സുബ്ബുവിനു വലിയ ആഗ്രഹമുണ്ടായിരുന്നു . പക്ഷെ കനകത്തിനുമേല്‍ അത് സ്ഥാപിച്ചെടുക്കാന്‍ അയാള്‍ക്കായില്ല .

ഈ വരുന്ന വൈശാഖത്തില്‍ രുക്കുവിന് ഇരുപത്തിനാല് വയസ്സ് തികയും . കണ്ണടയുന്നതിനു മുമ്പ് അവളെ നല്ല ആരുടെയെങ്കിലും കൂടെ പറഞ്ഞു വിടണം ..അതിനു രുക്കു എന്തെങ്കിലും സമ്മതം മൂളണ്ടേ ? ദേഷ്യം മൂക്കിന്‍ കൊടിവരെ എത്തുമെങ്കിലും..

അപ്പാ ..എനിക്ക് സ്വയംവരമാണ് വേണ്ടത് എന്നു വിളിച്ചു അവള്‍ ചിണുങ്ങുമ്പോള്‍ , അതുരുകി വെള്ളമായി തീരുകയാണ് പതിവ്.

സ്വയംവരമെന്നയീ ചിന്ത തന്നെ കനകത്തിന്റെ അമിതമായ കൃഷ്ണ ഭക്തിയില്‍ നിന്നുമാവണം രുക്കുവിന് കിട്ടിയത് .

പീതാംബര ധര വംശീ ധര ...

പീതാംഭുതവര വനമാല ധര ..

വാസുദേവ ദേവനാഥാ നാഥരൂപാ

താപസ കരുണ മാനസ വാസു ...

ഹരേ ഗോപാലാ .... നീരജ ദള നയന ...

കനകം നീട്ടി നീട്ടി പാടുകയാണ് . അവളുടെ കണ്ണുകള്‍ യമുനാ തീരത്ത്‌ കൃഷ്ണനെ തേടുകയാണപ്പോള്‍ .

അകത്തു ദേഷ്യം കൂടി കൂടി വരുന്നുണ്ടെങ്കിലും സുബ്ബു ഒന്നും മിണ്ടിയില്ല . എന്തെങ്കിലും പറഞ്ഞാല്‍ അതുമതി ഒരാഴ്ചത്തേക്ക് .അവളെ പിണക്കുന്നത് അയാള്‍ക്കും ഇഷ്ടമല്ല . അവള്‍ വന്നതിനു ശേഷമാണ് അഗ്രഹാരത്തില്‍ സ്ഥിരമായി അടുപ്പ് പുകഞ്ഞത് .വറുതിയുടെ നാളുകള്‍ക്കു പകരം ഐശ്വര്യവുമായി വന്ന മഹാലക്ഷ്മിയാണവള്‍ . അതു സമ്മതിക്കുന്നതില്‍ സുബ്ബുവിനു ഒട്ടും മടിയില്ല . പലപ്പോഴും പലരോടായി അയാളത് പറഞ്ഞിട്ടുമുണ്ട് ..

അഞ്ച്

ഷാമ്പു ചെയ്തു ,പാറിക്കളിക്കുന്ന സ്ട്രെയിറ്റായ മുടി . തുടുത്തു റോസ് നിറമുള്ള മുഖം . നെറ്റിയില്‍ ബ്രൌണ്‍ നിറത്തിലുള്ള ചെറിയ പൊട്ട് . ചായം തേച്ച വലിയ ചുണ്ടുകള്‍ . ഐഷേയിഡു ഭംഗി കൂട്ടിയ കണ്ണുകള്‍ . പ്രിയംവദാ മേനോന്‍ മൃദുലമായ തന്റെ കാല്‍പാദം ആക്സിലേറ്ററില്‍ അമര്‍ത്തി ചവിട്ടി . നഗരത്തിന്റെ തിരക്കില്‍ സ്വിഫ്ട്‌ ഡിസ്സെയറര്‍ അതിവേഗം മുന്നോട്ടു കുതിച്ചു . ജെന്നിഫെര്‍ ലോപെസിന്റെ മാസ്മരിക വീചികള്‍ അവളെ ആവേശത്തിലാക്കി . നെയില്‍ പോളിഷു ചെയ്ത , നീണ്ട വിരലുകള്‍ കൊണ്ടവള്‍ സ്റ്റിയറിങ്ങിനുമേല്‍ മൃദുലമായി താളം പിടിച്ചു.

Something in the dark shot glasses,
you know Something that you can lean to
Something that you can ride to
Something that you can step to You know .

ചുണ്ടുകളുടെ, വിരലുകളുടെ ദ്രുത താളം ...ലോപെസ് ആയി തീരുകയാണവള്‍ .

രുക്മിണിക്കത് അരോചകമായി തോന്നി. സ്റ്റീരിയോ ഓഫ്‌ ചെയ്തു അവള്‍ തന്റെ അനിഷ്ടം പ്രകടിപ്പിച്ചു .

പ്രിയംവദ കാര്‍ സൈഡിലേക്ക് മാറ്റി ബ്രെയിക്ക് ചെയ്തു നിര്‍ത്തി .

രുക്കു തനിക്കെന്താ പറ്റ്യേ ? ഞാന്‍ നേരത്തെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു .. മുഖത്തൊരു വാട്ടം . ഒരു മൂഡ്‌ ഓഫ്‌ .... പറയെടോ ? ഹൃദയത്തിന് അധികം കനം വെയ്പ്പിക്കാതെ .അത് പൊട്ടിപ്പോകും . അവളുടെ നീണ്ട വിലുകള്‍ രുക്കുവിന്റെ താടിയില്‍ തട്ടി ..

പ്രണയം...?

രുക്കുവിന്റെ മനസ്സിനകത്തെ യുദ്ധം ഒഴിവാക്കാനായി അവള്‍ ചോദിച്ചു .

പ്രണയത്തിന്റെ ആസുരതകളെ കുറിച്ച് തന്റെ അഭിപ്രായമെന്താ ?

രുക്കു എന്ത് പറയാനാ .. ആസുരതകളും ആസക്തികളും നിറഞ്ഞ ഒരുപാട് പ്രണയങ്ങളും പ്രണയ നൈരാശ്യങ്ങളും അവളും കണ്ടും കേട്ടും അറിഞ്ഞുവെന്നല്ലാതെ. ആധികാരികമായി പറയാന്‍ അവളുടെ കയ്യില്‍ ഒന്നും ഉണ്ടായിരുന്നില്ല .

പൊസ്സസ്സിവ് ആകുന്നതാണ് പ്രണയത്തിന്റെ ആദ്യ തെറ്റ് .

പ്രിയ അവളുടെ അപാര പാണ്ഡിത്യം വിളമ്പി. ചെറുപ്പം മുതലേ അവളങ്ങിനെയാ. എന്തെങ്കിലും ഒരു കാര്യം പറഞ്ഞാല്‍ അതാണ്‌ ശെരിയെന്നു സമര്‍ഥിച്ചെടുത്തെ അവളടങ്ങൂ .
ഭക്തിപോലെ പ്രണയവും സമര്‍പ്പണമാണെന്ന ഒരു ധാരണ പഠിക്കുന്ന കാലത്ത് രുക്കുവിനുണ്ടായിരുന്നു. കാലങ്ങള്‍ വരുത്തിയ മാറ്റങ്ങളാവണം മറിച്ചൊരു ചിന്ത മനസ്സില്‍ രൂപപ്പെടാനിടയാക്കിയത് .

ഭക്തിയും കാമവും തമ്മിലുള്ള സാദൃശ്യത്തിലെക്കാണ് അവളുടെ മനസ്സ് കൂടുതലും വിരല്‍ ചൂണ്ടിയത്. ഭക്തിയില്‍ കാണിക്കുന്ന അമിതാവേശം ഒരു തരത്തില്‍ രതിയനുഭവിക്കലു തന്നെയല്ലേ ? അഭിനിവേശത്തിനോടുവില്‍ കിട്ടുന്ന സാഫല്യ സുഖം സുരതത്തിന്റെത് തന്നെയല്ലേ .. കുറെ നാളുകളായി മനസ്സിനെ അലട്ടുന്ന ചോദ്യങ്ങളായി അത് രുക്കുവിനെ അസ്വസ്ഥമാക്കുന്നു .

പക്ഷെ അവളൊന്നും പറഞ്ഞില്ല. പ്രിയയോടു തര്‍ക്കിക്കാന്‍ പറ്റിയ മൂഡിലായിരുന്നില്ല അവള്‍ എന്നത് തന്നെ കാരണം .

ആസ്വദിക്കാനാണ് ജീവിതം. വിരസമാകുന്നതെന്തും ഒഴിവാക്കപ്പെടണം .. പ്രിയ തുടര്‍ന്നു . വിരസമായ പ്രണയവും സംശയത്തിന്റെ മുള്‍മുനയിലെ ദാമ്പത്യവും ഒരുപോലെ അരോചകമാണ്.

വിരക്തിയുടെതും വേര്‍പാടിന്റെതും പഴയ കഥ . ക്രൈസിസുകള്‍ വരുമ്പോള്‍ അത് മാനേജു ചെയ്യുവാനുള്ള ആര്‍ജവമാണ് വേണ്ടത്. ഒരുപാട് അനുഭവങ്ങളുള്ള ത്രികാലജ്ഞാനിയെ പോലെ പ്രിയംവദാ മേനോന്‍ ആവേശം കൊണ്ടു .

എന്തുപറയണം എന്നറിയാതെ രുക്മിണി അവളെ തന്നെ നോക്കിയിരുന്നു. വാക്കുകളേക്കാള്‍ അവളുടെ അംഗചലനങ്ങളിലുള്ള ഭംഗി ആസ്വദിച്ച്‌.....

ആറ്
കൃഷ്ണ വര്‍ണ്ണത്തിലുള്ള മേഘങ്ങള്‍ക്കിടയിലൂടെ വെള്ളിടി വെട്ടി .മിന്നലിന്റെ വെട്ടത്തില്‍ തെങ്ങോലകള്‍ തിളങ്ങി നിന്നു.

മഴക്കോളുണ്ട് .കറന്റു പോയി ..

തീപ്പെട്ടി തപ്പിയെടുത്തു രുക്മിണി മണ്ണെണ്ണ വിളക്കു കത്തിച്ചു .മഴപ്പാറ്റകള്‍ വിളക്കിനു ചുറ്റും വട്ടം കറങ്ങി.

ആവേശത്തോടെ വെളിച്ചം കുടിക്കാനെത്തിയവര്‍ അതിലും ആവേശത്തോടെ ചത്തൊടുങ്ങി. ചത്തു വീണ കാമിനിമാരെ വകഞ്ഞുമാറ്റി അവള്‍ പുസ്തകം തുറന്നു വെച്ചു . ഹോം വര്‍ക്ക് ചെയ്തു തീര്‍ക്കണം .. ഇല്ലെങ്കില്‍ നാളെ ടീച്ചറുടെ കയ്യില്‍ നിന്നും അടി മേണിക്കേണ്ടി വരും .

പാറ്റകള്‍ കൂടി കൂടി വരുന്നതെയുള്ളു. പുസ്തക താളില്‍ മലര്‍ന്നു വീണ പാറ്റകളെ എടുത്തു മാറ്റി , അവള്‍ ദേഷ്യപ്പെട്ടു.

ഇവറ്റകളെന്താ ഇങ്ങിനെ. ... ചാവേറുകളാകാന്‍ വിധിക്കപ്പെട്ടപോലെ .

പിന്നെയവള്‍ക്ക് സങ്കടം വന്നു .. പാവങ്ങള്‍ . വെളിച്ചത്തില്‍ നിന്നും അവരനഭാവിക്കുന്ന സുഖം എന്തായിരിക്കണം .. അതിന്റെ പ്രകാശമോ അതിലെ ചൂടോ ?

മുഖത്തേക്ക് ഊര്‍ന്നു വീണ മുടി പുറകിലേക്ക് മാറ്റി .. കയ്യണക്കും കറ്റാര്‍വാഴയും തുളസിയും കലര്‍ത്തി കാച്ചിയ വെളിച്ചെണ്ണയുടെ മണം മുറിയിലാകെ പരന്നു . തന്റെ സമൃദ്ധമായ മുടിയുടെ രഹസ്യമതായിരിക്കണം . അല്ല എണ്ണ തയ്യാറാക്കുന്നതില്‍ ഉള്ള അമ്മയുടെ കൈപുണ്യമോ.. മുടിയുടെ ധാരളിത്വത്തില്‍ അവള്‍ക്കു അഭിമാനവും അഹങ്കാരവും ഉണ്ടായിരുന്നു, കണങ്കാല് വരെ നീണ്ട തന്റെ മുടിയെ കുറിച്ചു കൂട്ടുകാരിലും അവരുടെ അമ്മമാരുടെ ഇടയിലും നടക്കുന്ന ചര്‍ച്ചകളില്‍ അവള്‍ക്കു താര പരിവേഷമായിരുന്നു.

വൈകി പിറന്നത്‌ കൊണ്ടോ അഗ്രഹാരത്തിലെ അടുക്കളയില്‍ വേവുന്ന പച്ചക്കറികളുടെയോ , കറിക്കൂട്ടുകളുടെയോ പോഷണ ഗുണം ആവാം , എന്താണെന്നറിയില്ല ഒരു എട്ടാം ക്ലാസ്സുകാരിയുടെ ശാരീരിക വളര്‍ച്ചക്കപ്പുറം അവളുടെ അവയവങ്ങള്‍ക്ക് മുഴപ്പുണ്ടായിരുന്നു ..

രുക്കൂ ... നിയെന്തെടുക്കുവാ അവിടെ , പടിക്കാനൊന്നുമില്ലേയ് നിനക്ക് ? കമലം അടുക്കളയില്‍ നിന്നും വിളിച്ചു ചോദിച്ചു .

പുറത്തു ശക്തമായ മഴ.

ധാര മുറിയാതെ പെയ്യുന്ന മഴയ്ക്ക്‌ ഓങ്കാര ശബ്ദമായിരുന്നു . അമ്പലത്തില്‍ കൃഷ്ണ വിഗ്രത്തില്‍ പൂജ ചെയ്യുന്ന മേല്‍ശാന്തിയുടെ വായില്‍ നിന്നും ഉതിരുന്ന മന്ത്രധ്വനികള്‍ പോലെ അത് അന്തരീക്ഷത്തില്‍ കലര്‍ന്നു .

ഗോപി കൃഷ്ണന്‍ തന്റെ രണ്ടു ക്ലാസ്സ് മേലെയായിരുന്നു. സ്കൂളിലെ ഗ്ലാമര്‍ താരം . അവന്റെ കയ്യിലില്ലാത്തതായി ഒന്നുമില്ല. അവനെ പ്രേമിക്കാന്‍ പെണ്‍കുട്ടികളുടെ നീണ്ട പട തന്നെ സ്കൂളിലുണ്ട്. ആ ക്യൂവില്‍ അവളും സജീവമായി മുന്നില്‍ തന്നെയുണ്ട് ..

അടക്കം പറച്ചിലില്‍ , ചില ടീച്ചര്‍മാര്‍ക്കും അവന്റെ മേല്‍ കണ്ണുണ്ടെന്നു ചില കുട്ടികള്‍ പറഞ്ഞു പരത്തുന്നുണ്ട് . അതിലെത്രമാത്രം ശരിയുണ്ടെന്നത് അവള്‍ക്കു വലിയ തിട്ടമില്ല.

ഏതായാലും ഒരുകാര്യം ഉറപ്പുണ്ട് . തന്റെ കുപ്പിവളകള്‍ ആദ്യമായി പൊട്ടിച്ചതവനാണ് . അത് മനസ്സിലുണ്ടാക്കിയ ഇളക്കങ്ങള്‍ .. അന്ന് തൊട്ടാണ് സ്വപ്നങ്ങള്‍ നെയ്യാന്‍ അവള്‍ പഠിച്ചത് . അത് പകല്‍ പോലെ കിടക്കുന്ന ഒരു യാഥാര്‍ത്ഥ്യം മാത്രം .

ആഞ്ഞു വീശിയ കാറ്റില്‍ അരയാലിലകള്‍ ആടിയുലഞ്ഞു .

അതിന്റെ മര്‍മ്മര ശബ്ദം അവളില്‍ കുളിരു കോരിയിട്ടു . കാറ്റ് മഴയെ വിഴുങ്ങി .

ഗോപികൃഷ്ണന്‍ മനസ്സില്‍ അരയാല്‍ പോലെ പന്തലിച്ചു. കാറ്റിലവന്റെ കരങ്ങള്‍ അവളെ പുണര്‍ന്നു . ഇളകിയാടുന്ന അരയാലിലകള്‍ കവിളുകളില്‍ മുത്തമിട്ടു. സീല്‍ക്കാര ശബ്ദത്തോടെ കാറ്റ് അവളുടെ മുടികള്‍ മേല്‍പ്പോട്ടു പറത്തി . നെറ്റിയില്‍ ഉതിര്‍ന്ന വിയര്‍പ്പുകണങ്ങളെ സാക്ഷിയാക്കി അവള്‍ സ്വപ്നത്തിലേക്ക് വഴുതി വീണു...

തുളസ്സിത്തറയില്‍ വിളക്ക് വെച്ച് അവള്‍ സന്ധ്യാനാമം ചൊല്ലി. മുടിയില്‍ നിന്നും ഇറ്റുവീഴുന്ന വെള്ളം അവളുടുത്തിരുന്ന വസ്ത്രങ്ങളെ നനച്ചു .

മുറ്റത്തു ചാഞ്ഞു കിടക്കുന്ന ആര്യവേപ്പിന്റെ കൊമ്പില്‍ തൂങ്ങിക്കിടക്കുന്ന ചെക്കാലിക്കൂട് , അവയുടെ നീണ്ട മുരള്‍ച്ച അവളില്‍ ചെറിയ ഭയമുണ്ടാക്കി . മനസ്സില്‍ ഭീതിയുടെ വിത്ത്‌ വിതച്ചു.
ഏഴ്

നാളെ അസ്സൈന്‍മെന്റ് കൊടുക്കണം .

പിന്നെ ജോലി റിസൈന്‍ ചെയ്യണം. നാട്ടിലേക്ക് തിരിച്ചു പോകാനുള്ള തീരുമാനത്തിലേക്ക് അവള്‍ ഏതാണ്ട് നടന്നടുത്തിരുന്നു.

അപ്പാവിനോടും അമ്മയോടും പറയണം. അവരത് കേട്ടാല്‍ ഏറെ സന്തോഷിക്കുമെന്നു അവള്‍ക്കുറപ്പുണ്ട് .നേരിട്ടൊന്നും പറയാറില്ലെങ്കിലും തന്റെയീ പോക്കില്‍ അപ്പാവിനു വിഷമമുണ്ട്. അയാളുടെ വാക്കുകള്‍ വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ അത് മനസ്സിലാകും. തന്നോടുള്ള വാത്സല്യം കാരണം ഒന്നും പുറത്തു പറയുന്നില്ല എന്നേയുള്ളു.

അമ്മ അങ്ങിനെയല്ല . എവിടെയായാലും കൃഷ്ണന്‍ കൂടെയുള്ളതിനാല്‍ വലിയ കുഴപ്പമില്ല എന്ന മട്ടാണ്.
കാറ്റും കോളുമൊഴിഞ്ഞു ശാന്തമായ മനസ്സോടെ രുക്മിണി വായനാ മുറിയിലേക്ക് കടന്നു .

എഴുതി തീര്‍ന്ന പേപ്പറുകള്‍ അടുക്കിവെച്ചു. ഒരു ഫൈനല്‍ ടച്ച് അപ്പ്‌ കൂടി വേണം.
ജീവിതത്തില്‍ ഒരു കാണ്ഡം കൂടി തീരുന്നതിലുള്ള സന്തോഷത്തോടെ അവള്‍ മനസ്സ് തുറന്നു ചിരിച്ചു . പ്രിയംവദയോട് യാത്ര പറയണം , നഗരത്തിലെ തന്റെ ഏറ്റവും ഇഷ്ടപ്പെട്ട കൂട്ടുകാരിയാണവള്‍ . തീരുമാനങ്ങള്‍ എടുക്കാനാനാതെ പതറിപ്പോയ നിമിഷങ്ങളില്‍ തന്റെ കൂടെ നിന്നിരുന്ന അവളെ മറന്നുകൂടാ . പിന്നെ ഇന്ന് രാത്രി തന്നെ ശിവഗംഗയെ വിളിച്ചു പറയണം. നിന്റെ രുക്കു നാട്ടിലേക്ക് വരുന്നൂന്ന് . .
രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദമുണ്ടെങ്കിലും പ്രണയത്തിന്റെ കെമിസ്ട്രിയില്‍ അവള്‍ക്കു ശരാശരിയിലും കുറവ് മാര്‍ക്ക് മാത്രമേ നേടാനായുള്ളൂ .

ഉള്ളില്‍ വന്ന ചിരിയടക്കി കൊണ്ടവള്‍ ഓര്‍ത്തു . എത്ര നന്നായി പ്രിപ്പെയര്‍ ചെയ്താലും അവള്‍ക്കു അതിനുമുകളില്‍ പോകാനാവുന്നില്ല .നല്ല ഒരു കെമിക്കല്‍ അനലിസ്റ്റായി ശോഭിക്കാന്‍ തനിക്കാവുമെന്നു അവള്‍ക്കുറപ്പുണ്ട് .. പക്ഷെ ജീവിതമതല്ലല്ലോ..
ഗോപികൃഷ്ണനെ കണ്ടു പിടിക്കണം .വെറുതെ...അവനെന്തു ചെയ്യുകയാണെന്ന് ഒരു പിടിയുമില്ല.

അവനെഴുതിയ കത്തുകള്‍ .. അതിലെ വരികള്‍ വീണ്ടും വായിച്ചപ്പോള്‍ . മനസ്സില്‍ നിലാവ് പെയ്യുന്നു . തിളക്കമാര്‍ന്ന നക്ഷത്രമായി അവന്‍ നിറഞ്ഞു നില്‍ക്കുന്നു.
അഗ്രഹാരത്തിനടുത്തു ഏതെങ്കിലും ഒരു സ്കൂളില്‍ ടീച്ചറാവണം .. ഇനിയുള്ള കാലമെങ്കിലും ഒരു അടുക്കും ചിട്ടയോടും ജീവിക്കണം .

നിറഞൊഴുകുന്ന നിളയെപ്പോലെ ആഹ്ലാദത്തിലാണ് അവള്‍ .. ശരികളിലേക്കുള്ള ദൂരം താണ്ടി തൂതപ്പുഴയുടെ ഓരങ്ങളിലൂടെ മനസ്സ് പാറി നടന്നു.

എട്ട്

അമ്പല മണികളുടെ നാദത്തില്‍ അലിഞ്ഞു ചേര്‍ന്ന മന്ത്രധ്വനികള്‍ . ദീപം ചൊരിയുന്ന നെയ്‌ വിളക്കുകള്‍ ..

രുക്മിണി അകമഴിഞ്ഞ് പ്രാര്‍ഥിച്ചു . വരാനിരിക്കുന്ന സൗഭാഗ്യങ്ങല്‍ക്കായി .

കൃഷ്ണാ.. കാപ്പാത്തണേ. പ്രസാദം വാങ്ങി , കളഭം നെറ്റിയില്‍ തൊട്ടു .തുളസ്സിനാമ്പ് മുടിയില്‍ തിരുകി.
കിഴക്ക് കോട മൂടപ്പെട്ടു അവ്യക്തമായ മലനിരകള്‍ക്കിടയില്‍ അഗസ്ത്യന്‍ തലയുയര്‍ത്തി നില്‍ക്കുന്നു. എല്ലാം അറിഞ്ഞവനെപ്പോലെ ..ഒരു കള്ള ചിരിയുമായി .

പാട വരമ്പത്ത് കൂടി അവള്‍ നടന്നു. കൂടെ ശിവഗംഗയും .അടുത്ത അഗ്രഹാരത്തിലെതാണ് ശിവ. തടിച്ചുരുണ്ട പ്രകൃതം. ഫുട്ബോളെന്നൊരു ചെല്ലപ്പേര് അവള്‍ക്കുണ്ട്. ആ വിളി കേള്‍ക്കുമ്പോള്‍ അവള്‍ക്കു അരിശം കയറും, കണ്ണുകള്‍ ചുവക്കും മൂക്കിന്‍ കൊടിയില്‍ വിയര്‍പ്പു പൊടിയും .. പിന്നെ പരവശയാകും അവള്‍. എങ്കിലും ഈ ഗുണ്ടുമണി ഒരുപാട് പാവമാണ് . മറ്റുള്ളവരുടെ വിഷമങ്ങള്‍ കാണുമ്പോള്‍ എളുപ്പത്തില്‍ സങ്കടം വരും.പിന്നെ കണ്ണ് പിഴച്ചിലായി. അത് ശരിയായി കിട്ടണമെങ്കില്‍ നേരമേറെയെടുക്കും .

ഗോപികൃഷ്ണനെ കൂടാതെ ബാലസുബ്രമണ്യനും രാമാനാഥനും ആണ് രുക്മിണിയുടെ ആണ്‍സുഹൃത്തുക്കള്‍ . ശിവയുടെ പരിഭവം അതാണ്‌ .. രുക്കു നിനക്ക് ആണ്‍കുട്ട്യോളെയാണ് ഏറ്റം ഇഷ്ടം . ശെരിക്കും നീ ആണാവെണ്ട്യതാ .. ഭഗവാന്റെ ഒരു കൈത്തെറ്റ്,

അല്ലാതെന്താ ? രുക്കു ചിരിച്ചു കൊണ്ട് തലകുലുക്കും, അല്ലെങ്കിലത്‌ മതി അവള്‍ക്കു കരയാന്‍.

കുപ്പിവളകള്‍ കുലുക്കി ചിരിച്ചു കൊണ്ട് തൂതപ്പുഴയൊഴുകുന്നു ..

ഇടയ്ക്കുയര്‍ന്നു നില്‍ക്കുന്ന ചെറുപാറകൂട്ടങ്ങളില്‍ തട്ടി കുപ്പിവളകള്‍ ഓരോന്നായി ഉടയുന്നു. പൊട്ടിയ വളക്കഷണങ്ങള്‍ ചേര്‍ത്തുവെച്ചു കൊണ്ടവള്‍ സ്വപ്നങ്ങളില്‍ നിന്നും ഞെട്ടിയുണര്‍ന്നു . ഉറക്കത്തിന്റെ ഉയരങ്ങളിലെവിടെയോ അവള്‍ പൊട്ടിച്ചിരിച്ചു .

ഒന്‍പത്

രുക്കു .. നിനക്കെന്താ പറ്റിയേ .. അവള്‍ സ്വയം ചോദിച്ചു.

നാട്ടിലേക്കുള്ള മടക്കത്തിന്റെ ത്രില്ലിലാണവള്‍ ..

അടുക്കും ചിട്ടയോടെ , ബാല്യം , കൌമാരം... ഇന്നലെകള്‍ മനസ്സില്‍ ചിത്രങ്ങള്‍ നിറയ്ക്കുകയാണ് .

വൈകീട്ട് വന്നു സാധനങ്ങള്‍ പാക്ക് ചെയ്യണം . റിസൈന്‍ ചെയ്തതിന്റെ കണ്‍ഫോര്‍മേഷന്‍ കിട്ട്യാല്‍ എത്രയും വേഗം നാട് പിടിക്കണം.

ഐഷെയ്ഡും ലിപ്സ്റ്റിക്കും ജനലിലൂടെ അവള്‍ പുറത്തേക്കെറിഞ്ഞു.

ഇനി ചമയങ്ങളധികം വേണ്ട .. നാട്യങ്ങള്‍ ഏറെയില്ലാത്ത പച്ചയായ ഒരു ജീവിത ക്രമത്തിന്റെ റിഹേര്‍സല്‍ നടത്തുന്ന മൂഡിലായിരുന്നു .

മുകളിലെ വരാന്തയിലിരുന്നു സുബ്ബരായന്‍ മുടിയില്‍ ഡൈ ചെയ്യുകയാണ് . വെള്ളി നരകളെ ഓരോന്നായി വേര്തിരിച്ചെ ടുത്തു കറുത്ത ചായം തേച്ചു പിടിപ്പിക്കുകയാണ് വാര്‍ദ്ധക്യത്തിന് വിട്ടു കൊടുക്കാതെ അതീവ ശ്രദ്ധയോടെയാണ് തന്റെ ഓരോ ദിനചര്യയും അയാള്‍ നടത്തി കൊണ്ടു പോകുന്നത് . മാര്ദ്ധവമുള്ള തന്റെ തുടുത്ത കവിള്‍ത്തടങ്ങളിലൂടെ വെറുതേ വിരലൊടിച്ചു .എന്നിട്ടയാള്‍ കണ്ണാടിയില്‍ തന്റെ മുഖം നോക്കി.
യുദ്ധം ജയിച്ച ഒരു പടയാളിയുടെ മുഖമാണ് അവിടെ അയാള്‍ കണ്ടത്. തന്റെ ആരോഗ്യത്തില്‍ അഭിമാനം കൊണ്ടു. വാര്‍ദ്ധക്യത്തെ തളച്ച് യവ്വനം തിരിച്ചു പിടിച്ചതിലുള്ള സന്തോഷം അയാളുടെ മുഖത്തു തെളിഞ്ഞു നിന്നു .

തുശനിലയില്‍ തുമ്പപ്പൂ പോലെയുള്ള ഇഡ്ഡലിയെടുത്തു വെച്ചു . തനിക്കിഷ്ടപ്പെട്ട വെങ്കായ സാമ്പാര്‍ അതിലെക്കൊഴിച്ചു കൊണ്ടവള്‍ വിളിച്ചു പറഞ്ഞു
അപ്പാ .. നമുക്ക് തിരിച്ചു നാട്ടിലേക്ക് പോകാം .. എന്തോ നഗരം മടുപ്പുണ്ടാക്കുന്നു.
സുബ്ബു ഉള്ളില്‍ ചിരിച്ചു , മുഖത്തു അല്പം ഗൌരവം വരുത്തി ചോദിച്ചു .. മോള്‍ക്കിപ്പം അങ്ങിനെ തോന്നാന്‍.?
മടുത്തു അപ്പാ .. നമ്മടെ പുന്നെല്ലിന്റെ ചോറും പാവക്കാത്തോരനും കൊത്യാവുന്നു അപ്പാ... ഒരു ചെറു കൊഞ്ചലോടെ അവള്‍ മൊഴിഞ്ഞു.
കമലം .. ഇവളെന്ന്യ ശൊല്ലര്‍തെന്നു തെരിയുമോ നിനക്ക് , നാട്ടിലേക്ക് തിരുമ്പിപ്പോറാന്നു
നല്ല കാര്യം താനേ ..അവള്‍ വതില്‍ ശൊന്നു.
സുബ്ബുവിന്റെ മുഖത്തു സന്തോഷം അലതല്ലി. മുഖം അയാള്‍ തന്റെ ബനിയനില്‍ തുടച്ചു .. രുക്കുവിനോട് ചോദിച്ചു എപ്പോഴാ പോണേ ?
ശനിക്കിഴമേ ...അവള്‍ പറഞ്ഞു .
തിരിച്ചു പോകുന്ന കാര്യം പ്രിയയോടു പറഞ്ഞപ്പോള്‍ ആദ്യമവള്‍ക്ക് അരിശമാണ് വന്നത്. തനിക്കെന്തിന്റെ കേടാ ?

ശരി നിന്റ്യിഷ്ടം അതാണെങ്കില്‍ പിന്നെ എന്ത് പറയാനാ ? ഇല്ലേലും നിനക്ക് നല്ലത് ആ പട്ടിക്കാട് തന്നെ .

അപ്പാവും അമ്മാവും സാധനങ്ങള്‍ കെട്ടിപ്പെറുക്കി വയ്ക്കുന്ന തിരക്കിലാണ്.

നാളെ ഒരു ദിവസം മാത്രമേ തനീ നഗരത്തിലുണ്ടാവൂ. .. പിന്നെ...

മുന്നിലെ ഷോപ്പിംഗ്‌ മാളിലെ തിരക്ക് കൂടുകയാണ് .. ജനലിലൂടെ നോക്കിയാല്‍ മുന്നിലെ നാല് വരി പാതയും ഷോപ്പിംഗ്‌ മാളും പെട്രോള്‍ പമ്പും അവള്‍ക്കു വ്യക്തമായി കാണാം .

ആളുകള്‍ക്കെന്തു തിരക്കാണാവോ.. എല്ലാവരും സാധനങ്ങള്‍ വാരിക്കൂട്ടന്നത് പോലെ ..

നാളെ ലോകം അവസാനിക്കുകയാണോ ?

എന്തിനാണിവര്‍ ഇത്രേം സാധനങ്ങള്‍ ഒന്നിച്ചു വാങ്ങിക്കൂട്ടുന്നത്. ..
ഡീസലും പെട്രോളുമടിക്കുന്നതിനു വാഹനങ്ങളുടെ നീണ്ട നിര ..
എന്തോ ഒരത്യാഹിതം സംഭാവിക്കാനുള്ളത് പോലെ.. അവള്‍ക്കു തോന്നി.
മനസ്സില്‍ ആശങ്ക പടര്‍ന്നു. ഒരു മഴ പെയ്തിരുന്നെങ്കില്‍ എന്ന് അവളാശിച്ചു..
മാലിന്യങ്ങളെ ഇല്ലായ്മ ചെയ്തു ശുദ്ധമാക്കപ്പെട്ട ഭൂമിയെ കുറിച്ച് അവളോര്‍ത്തുപോയി .ദുരിതങ്ങളകന്ന് , ഊര്‍വ്വരമായ ഭൂമിയെക്കുറിച്ച്.
ഒരു കനത്ത മഴ കൂടിയേ തീരൂ .
വികലവും വിഫലയുമാക്കപ്പെട്ടയീ ഭൂവിന്റെ നഗ്നത മാറിയെ മതിയാവു...
പച്ചപ്പട്ടു കൊണ്ട് നഗ്നമേനി മറയ്ക്കാന്‍ ഒരു കനത്ത മഴയ്ക്കായി അവള്‍ സര്‍വേശ്വരനോട് അകമുരുകി പ്രാര്‍ഥിച്ചു .

പരന്നു കിടക്കുന്ന പുഞ്ചപ്പടങ്ങളിലൂടെ ചെറു മീനുകളെപ്പിടിച്ചും വരമ്പിരുമ്പുകളില്‍ വെള്ളം തേവിയും രുക്കു തന്റെ ബാല്യത്തെ തിരികെ കൊണ്ടുവന്നു.

പൂക്കളുടെ ആകാശത്തിനു കീഴെയുള്ള തന്റെ കൌമാരത്തെയും .

പത്ത്

അത്യാവശ്യങ്ങളുള്ളത് മാത്രമെടുക്കുക .അനാവശ്യമായി നഗരത്തെ ഗ്രാമത്തിന്റെ വിശുദ്ധിയുടെ മേല്‍ കേട്ടിയെല്‍പ്പിക്കരുത് . സാധനങ്ങള്‍ പാക്ക് ചെയ്യുമ്പോള്‍ രുക്മിണി മനസ്സിലുറപ്പിച്ചത് അതായിരുന്നു .

അടുത്ത കാലത്തായി അവള്‍ ചെയ്ത പെയിന്റിങ്ങുകള്‍ നോക്കി ഒരു നിമിഷം അറച്ചുനിന്നു . വേണോ ?

ഈ വരകളില്‍ നഗരത്തിന്റെ ആത്മാവുണ്ട്. മറക്കാന്‍ ശ്രമിക്കുന്ന ഭൂതകാലത്തെ ഓര്‍മ്മയില്‍ കൊണ്ടുവരാന്‍ ഇത് ഇടയാക്കിയേക്കും .

വേണ്ട അല്ലേ...സ്വന്തം മനസ്സാക്ഷിക്കു മുന്നില്‍ അവളൊരു ചോദ്യമെറിഞ്ഞു കൊടുത്തു .

ഇപ്പോള്‍ താന്‍ വരയ്ക്കുന്ന ചിത്രങ്ങളില്‍ രതിയുടെ അംശം വളരെ കൂടുതലാണെന്ന അഭിപ്രായം അവള്‍ക്കു സ്വയമേവയുണ്ട് .

ആസ്വാദക പക്ഷത്തുനിന്നും സൌഹൃദ സംവാദങ്ങളില്‍ പ്രശംസ ഏറെ കിട്ടുന്നുണ്ടെങ്കിലും , വാസ്തവമായി ഇത് നിലനില്‍ക്കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം അവളുടെ മനസ്സിനെ വേട്ടയാടാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി .

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട , ഒരുപാട് സമ്മാനങ്ങള്‍ തനിക്കു വാങ്ങിത്തന്ന ചിത്രം തന്നെയെടുക്കാം .

ഇന്ത്യന്‍ ഇങ്കിലുള്ള നാല് വരകള്‍ .. അതൊരു സ്ത്രീയുടെ അരക്കെട്ടാവുന്നു.നടുവിലൊരു കറുത്ത വൃത്തം .വൃത്തത്തിനു മുകളിലായി ചുവന്ന മഷിയില്‍ വലതു കൈപ്പത്തി മുക്കി തന്റെ അഞ്ചുവിരലുകള്‍.

നഗരത്തിലെ ബുദ്ധിജീവികള്‍ അതിനു നല്‍കിയ മാനങ്ങള്‍ .. ലോക തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടെണ്ടതാണെന്നു മൈക്കിന് മുന്നിലവര്‍ തൊണ്ട കാറിയപ്പോള്‍ ,കണ്ണുകളടച്ചു നിശബ്ദമായി ഉള്ളില്‍ ചിരിക്കുകയായിരുന്നു അവള്‍ .

അവളെ സംബന്ധിച്ചിടത്തോളം വിരസമായ ഏതോ സായാഹ്നത്തിലെ ഭ്രാന്തന്‍ ചിന്ത മാത്രമായിരുന്നു അത് .

പതിനൊന്ന്

രാത്രി ഏഴുമണിക്കാണ് ബസ്സ് .

സെക്കന്റുകള്‍ , മിനിറ്റുകള്‍.. അവ മണിക്കൂറുകളായി തീരുന്നത് അവള്‍ അക്ഷമയോടെ കാത്തിരുന്നു .

ശിശിരമൊഴിഞ്ഞു വസന്തം വരുന്നതിനുള്ള തയ്യാറെടുപ്പുകളുമായി .

ഗ്രാമത്തിലേക്കുള്ള ബസ്സ് പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുകയാണ്. അപ്പാവിനെയും അമ്മാവിനെയും കൂട്ടി രുക്കു ബസ്സിനകത്തേക്ക് കയറി .

വീക്കെന്റായത് കാരണം ആവാം ബസ്സില്‍ നല്ല തിരക്ക് .

അതല്ല എന്നെപ്പോലെ നഗരമുപേക്ഷിച്ചു പോകുന്നവരായിരിക്കുമോ ഇതില്‍ കൂടുതലും .. അങ്ങിനെയാവട്ടെയെന്നു മനസ്സ് പ്രാര്‍ഥിച്ചു .

വിന്‍ഡോ ഗ്ലാസ്സിലൂടെ നഗരത്തിന്റെ ബിംബങ്ങള്‍ ഓരോന്നായി പുറകോട്ടു പാഞ്ഞു .വിശാലമായ ഇരുള്‍പരപ്പില്‍ എതിരെ വരുന്ന വാഹനങ്ങളുടെ ഒറ്റപ്പെട്ട ഹെഡ് ലൈറ്റുകള്‍ നിരത്തില്‍ , വിജനതയെ മുറിച്ചു .

ചുരം കയറുമ്പോള്‍ ബസ്സ് ഞെരങ്ങുന്നത് കേള്‍ക്കുമ്പോള്‍ നഗരത്തിന്റെ അവസാന നിശ്വാസമായാണ് അവള്‍ക്കു തോന്നിയത്.

പുറത്തു നിന്നും അടിച്ചു കയറിയ കാറ്റ് അവളെ പാതി മയക്കത്തിലേക്ക് കൊണ്ടുപോയി . മെല്ലെ ഉറക്കത്തിന്റെ ആഴങ്ങളിലേക്ക് ..

മഞ്ഞുപാളികള്‍ക്കുള്ളിലൂടെ ഒളിഞ്ഞു നോക്കുന്ന സൂര്യന്‍ .ഏതോ അമ്പലത്തില്‍ നിന്നും ഉയരുന്ന നാദധ്വനികള്‍ അവളെ ഉണര്‍ത്തി .

ഗ്രാമത്തോടു അടുക്കുകയാണ് .

ശുക്ലാംബരധര വിഷ്ണും ... ശശിവര്‍ണ്ണം ചതുര്‍ഭുജം ...

പ്രസന്നവദനം ധ്യായെ .. സര്‍വ്വ വിഘ്നോപശാന്തയെ ...

അവളുടെ കര്‍ണ്ണങ്ങളില്‍ ഒഴുകിയെത്തി. മനസ്സില്‍ അശാന്തി ഒഴിഞ്ഞത് പോലെ അവള്‍ക്കു തോന്നി.

Sunday, August 21, 2011

വിഷാദത്തിന്റെ പൂക്കള്‍

വിഷാദത്തിന്റെ പൂക്കള്‍

കഥ ..
ടി.സി.വി.സതീശന്‍.


അസ്തമയ സൂര്യന് ഇന്നെന്തോ ചുവപ്പ് കൂടുതലായി അവള്‍ക്കു തോന്നി.
കൂടണയാന്‍ വെപ്രാളപ്പെടുന്ന കിളികള്‍ പറന്നുയരുന്നത് ആകാശത്തു കാണാം. അലീമ തന്റെ ഷാളു കൊണ്ട് മുഖം പാതിമറച്ചു.
ഓഫീസ് വിട്ടു അവളും മൃദുലയും റെയില്‍വേ സ്റ്റേഷനിലേക്കു നടക്കുകയാണ് ..
മുകളിലൂടെ പറന്നുയരുന്ന കിളികള്‍ ഉണ്ടാക്കുന്ന വികൃതമായ ശബ്ദങ്ങള്‍ അവളില്‍ അല്പം പരിഭ്രാന്തിയുണ്ടാക്കി .

മൃദുലാ .. എനിക്കെന്തോ ഉള്ളില്‍ ഭയം തോന്നുന്നു.
പക്ഷികള്‍ ഇങ്ങിനെ ഇതുവരെ കരഞ്ഞതായി ഞാന്‍ ഇതിനു മുമ്പ് കണ്ടിട്ടില്ല . ഒരു ദുസ്സൂചന പോലെ മനസ്സ് പിടയുന്നു.

എല്ലാം നിനക്ക് വെറുതെ തോന്നുന്നതാണ് ..
നമ്മെപ്പോലെ വീടെത്താന്‍ അവര്‍ക്കും തിടുക്കം കാണും , അത് കൊണ്ടായിരിക്കണം അവറ്റകള്‍ ഇങ്ങിനെ ഒച്ച വെയ്ക്കുന്നത് . മൃദുല അവളെ സമാധാനിപ്പിച്ചു .

ഇന്ന് ബുധനാഴ്ച .. വേഗം നടന്നാല്‍ നമുക്ക് ഒരു പക്ഷെ സ്പെഷ്യല്‍ ട്രെയിന്‍ കിട്ടിയേക്കും. എങ്കില്‍ രക്ഷപ്പെട്ടു , അര മണിക്കൂര്‍ നേരത്തെ വീടെത്താം.
മൃദുല അലീമയുടെ കൈ പിടിച്ചു വലിച്ചു.

ഒന്നാം നമ്പര്‍ പ്ലാറ്റുഫോമില്‍ വണ്ടി പോകാന്‍ തയ്യാറായി നില്‍ക്കുന്നു.
എന്തോ അന്ന് പ്ലാറ്റുഫോമില്‍ വലിയ ആള്‍ക്കൂട്ടമില്ല .. അവര്‍ രണ്ടുപേരും വനിതാ കമ്പാര്‍ട്ടുമെന്റു ലക്ഷ്യമാക്കി നടന്നു. നാലോ അഞ്ചോ യാത്രക്കാര്‍ മാത്രമേ അതിനകത്ത് ഉണ്ടായിരുന്നുള്ളൂ .

ഹാവൂ .. സന്തോഷായി മുദുല പറഞ്ഞു , എത്ര നാളായി ഒന്ന് നേരാംവണ്ണം യാത്ര ചെയ്തിട്ട് .
അടുത്ത രണ്ടു സ്റ്റേഷനുകള്‍ കഴിഞ്ഞാല്‍ അവള്‍ക്കിറങ്ങാനായി .എങ്കിലും
തന്റെ തുകല്‍ ബാഗ് സീറ്റിലെക്കെറിഞ്ഞു അവള്‍ നീണ്ടു നിവര്‍ന്നു കിടന്നു .

അലീമയ്ക്ക് അവിടുന്ന് പിന്നെയും പോകണം ഒന്നൊന്നര മണിക്കൂര്‍ , എട്ടുമണിയെങ്കിലും ആകും വീടെത്തിപ്പെടാന്‍ . അവള്‍ ചെന്നിട്ടു വേണം ഭക്ഷണം പാകം ചെയ്യാന്‍ , പിന്നെ ഇളയതുങ്ങളെ നോക്കണം. അവളുമാര് ഹോം വര്‍ക്കൊന്നും ചെയ്തു കാണില്ല , എന്തിനു കുളിച്ചിട്ടു പോലുമുണ്ടാവില്ല .. സ്കൂളില്‍ നിന്ന് വന്ന അതെ പടി ടിവീന്റെ മുന്നിലിരിക്കുണ്ടാവും ഹിന്ദി സീരിയലും കണ്ടോണ്ട് .

ഉമ്മ കിടപ്പിലായിട്ട് ഇതു നാലാമത്തെ വര്‍ഷം . വാപ്പ ചെറുപ്പത്തിലെ മരിച്ചിരുന്നു. പ്രാരബ്ദങ്ങളുടെ നടുവില്‍ അവള്‍ നട്ടം തിരിയുകയാണ്.
പത്മ വ്യൂഹത്തില്‍ അകപ്പെട്ടു പോയി..

മൃദുലയുടെ സ്റ്റേഷനില്‍ വണ്ടിയെത്തി . ഒരു ചെറിയ മയക്കം ഒത്തു കിട്ടിയ സന്തോഷത്തില്‍ അവള്‍ ശുഭരാത്രി പറഞ്ഞിറങ്ങി ..
നാളെ കാണാം ഡാ ..
സ്റ്റേഷന് വെളിയിലേക്ക് ഇറങ്ങി ഇരുളില്‍ മറയുന്നതു വരെ അങ്ങോട്ടു തന്നെ നോക്കി അലീമ ഇരുന്നു.

ഒറ്റപ്പെടലിന്റെ ഒരു നീറ്റല്‍ അവളുടെ ഉള്ളില്‍ വളര്‍ന്നു. ചെറിയ ഭീതി ഇല്ലായ്കയില്ല .

ചുറ്റുവട്ടത്തുള്ള കുറ്റിക്കാടുകളില്‍ നിന്ന് കുറുക്കന്മാര്‍ ഉച്ചത്തില്‍ ഓരിയിട്ടു .
മാംസ ദാഹവുമായി ഇര തേടാന്‍ ഇറങ്ങിയതായിരിക്കണം അവര്‍ . തീ പാറുന്ന ചുവന്ന കണ്ണുകള്‍ .
അവരുടെ വിശപ്പടക്കാന്‍ വിധിക്കപ്പെട്ടു എവിടെയോ ഒളിഞ്ഞിരിക്കുന്ന ഇരകളെ തേടി ഉച്ചത്തില്‍ ഉച്ചത്തില്‍ കൂവി .
ആദ്യം ഭയപ്പാടുണ്ടാക്കുക .. പിന്നെ തന്ത്രപൂര്‍വ്വം കടന്നാക്രമിക്കുക ... കിഴടക്കുക .

മോളേന്നുള്ള വിളികേട്ടു അവള്‍ ഞെട്ടിയുണര്‍ന്നു .
അവധൂതനെ പോലെ , അലസമായി വസ്ത്രം ധരിച്ച ഒരാള്‍ പൊടുന്നനെ അവളുടെ മുന്നില്‍ പെട്ടു .
കുശലങ്ങള്‍ക്കായി അയാള്‍ അടുത്തു കൂടി .

ട്രെയിനില്‍ ആ കമ്പാര്‍ട്ട് മെന്റില്‍ ഇപ്പോള്‍ അവള്‍ ഒറ്റയ്ക്കാണ്. ഇരുട്ടിനു കനം വെയ്ക്കുന്നു ..
ഉള്ളില്‍ കരുതി വെച്ച ധൈര്യം പുറത്തെടുത്തു കൊണ്ട് അവള്‍ ചോദിച്ചു.

താങ്കള്‍ക്കെന്തു വേണം ?
ഇതു ലേഡീസ് കമ്പാര്‍ട്ട്മെന്റാണ് അറിയില്ലേ നിങ്ങള്‍ക്ക് ? വേഗമിറങ്ങൂ.. ഇല്ലെങ്കില്‍ തനിക്കു കംപ്ലൈന്റു ചെയ്യേണ്ടി വരും..
അവള്‍ ചങ്ങല പിടിക്കാനായി എഴുന്നേറ്റു.

അവളുടെ കൈ അയാള്‍ കടന്നു പിടിച്ചു. അവള്‍ക്കു കുതറി മാറാനാകാത്ത വിധം ബലിഷ്ടമായിരുന്നു അയാളുടെ കരങ്ങള്‍ .
അയാള്‍ ചിരിച്ചു . വായില്‍ നിന്നും നുര ഇറ്റു വീഴുന്നുണ്ടായിരുന്നു.
അയാളുടെ കണ്ണുകള്‍ക്ക് അസ്തമയ സൂര്യന്റെ ചുവപ്പിനെക്കള്‍ കത്തുന്ന ചുവപ്പ്.
അവള്‍ നിലവിളിക്കാന്‍ ഒരു ശ്രമം നടത്തി. ഇല്ല ഒച്ച പുറത്തു വരുന്നില്ല .. അയാള്‍ അവളുടെ വായ്‌ പൊത്തിപ്പിടിച്ചിരുന്നു. .

വഴങ്ങുക .. അതല്ലാതെ തനിക്ക് മറ്റു ഗതിയില്ല .

ഇവിടെ ഈ ഇരുട്ടില്‍ തന്നെ രക്ഷപ്പെടുത്താന്‍ ഒരാളും വരാന്‍ പോകുന്നില്ല .. തന്റെ ദൈവം പോലും.

എന്റെ ദാഹം അകറ്റുക. അത് നിന്റെ ദൌത്യം .
വീര്യം കൂടിയ മദ്യം കഴിച്ച ആനന്ദത്തില്‍ അയാള്‍ അവളെ ആസ്വദിച്ചു ആവോളം .

ശാന്തമായി ഒഴുകുന്ന പുഴയില്‍ , ചെറിയ തിരകള്‍ വലിയ ഓളങ്ങളുണ്ടാക്കി .
കിഴക്കേ കുന്നിന്‍ ചെരിവില്‍ തീ ആളുന്നുണ്ടായിരുന്നു . ആളിപ്പടരുന്ന കാട്ടു തീയായിരിക്കണമത് ..
വെന്തു കരിഞ്ഞ മാംസത്തിന്റെ ഗന്ധവുമായി വന്ന കാറ്റ് അന്തരീക്ഷത്തില്‍ ശ്വാസ തടസ്സങ്ങളുണ്ടാക്കി .

എല്ലാം ഒരു തോന്നലായിരുന്നു . പിടയ്ക്കുന്ന മനസ്സിന്റെ വിഭ്രമാത്മക ചിന്തകള്‍ .. ഉള്ളിലെ ഭീതി ഉണ്ടാക്കുന്ന വെറുമൊരു ഫാന്റസ്സി .

പുറത്തു ലൈറ്റുകള്‍ തെളിഞ്ഞു .. സ്റ്റേഷനെത്താറായി എന്നാണ് തോന്നുന്നത് .
ശരീരത്തിലെ വിയര്‍പ്പു തുള്ളികളെ അലീമ ഷാള്‍ കൊണ്ട് തുടച്ചു . ഇടറുന്ന തൊണ്ടയിലേക്ക്‌ അല്‍പ്പം വെള്ളം പോര്‍ന്നു കൊണ്ടവള്‍ നെടുവീപ്പിട്ടു .
നാളെ മൃദുലയോട് കാര്യങ്ങള്‍ പറയണം . അവള്‍ കളിയാക്കുമായിരിക്കാം . എങ്കിലും ആരോടെങ്കിലും മനസ്സ് തുറന്നേ പറ്റു .

കഴിഞ്ഞ കുറെ നാളുകളായി തന്റെ മനസ്സില്‍ , സ്വപ്നങ്ങളില്‍ വേട്ടക്കാരന്‍ ഉതിര്‍ക്കുന്ന കുരുതിപ്പൂക്കള്‍ കൊണ്ട് നിറയുകയാണ് .
വേണ്ടാത്തത് ചിന്തിക്കുക ,മനസ്സ് പുണ്ണാക്കുക ..
രക്തം വാര്‍ന്നൊഴുകുന്ന പുഴ.
കത്തിയെരിയുന്ന മലങ്കാടുകള്‍ .
അറവുകാരന്റെ മുന്നില്‍ അനുസരണയോടെ തല കുനിച്ചു നില്‍ക്കുന്ന കന്നുകാലികള്‍ ...
അമ്മയുടെ മുന്നില്‍ വിവസ്ത്രരാക്കപെട്ട മക്കള്‍ .

തന്റെ സ്വപ്നങ്ങളിലെ ഈ വൈചിത്ര്യങ്ങള്‍ക്ക് കാരണം എന്തായിരിക്കണം . അവളുടെ കണ്ണുകള്‍ നിറഞ്ഞു .

നീണ്ട ചൂളം വിളിയോടെ വണ്ടി നിന്നു ..
ആള്‍ക്കൂട്ടത്തിലേക്ക് അവളിറങ്ങി . കൂടണയാന്‍ വെമ്പുന്ന പക്ഷികളെ പോലെ പുരുഷാരം ഓടുന്നു.
അവരില്‍ ഒരാളായി അവള്‍ നടന്നകന്നു സ്വന്തം മാളത്തിലേക്ക് .

പതിവ് പോലെ കിഴക്ക് വെള്ള കീറി .
സൂര്യന്‍ അതിന്റെ ഉച്ചസ്ഥായിയിലേക്ക് .. ചൂട് ശരീരത്തില്‍ വിയര്‍പ്പിനെ ഉണ്ടാക്കി .

അവള്‍ മൃദുലയുടെ ക്യാബിനിലേക്ക്‌ കടന്നു .
ഭയങ്കര ചൂട് .. ചിരിക്കാന്‍ ശ്രമിച്ചു കൊണ്ട് അലീമ പറഞ്ഞു .

മറച്ചു വെക്കാതെ കാര്യങ്ങള്‍ പറയെടോ ? പതിവ് സ്വപ്നങ്ങളല്ലേ തന്റെ പ്രശ്നം ..?
എന്താണ് താന്‍ കണ്ടത് , പിച്ചി ചിന്തപ്പെട്ട തന്റെ ശരീരം ? കൂര്‍ത്ത നഖമുള്ള കഴുകന്മാര്‍ . പറയെടോ .. ചുവന്ന അരളിപ്പൂക്കള്‍ ..?
കണ്ണില്‍ നിന്നും ഇറ്റുവീഴുന്ന അവളുടെ കണ്ണീരു തുടച്ചു കൊണ്ട് . മൃദുല ചോദിച്ചു .

അലീമ വിങ്ങി പൊട്ടി .
ശൂന്യമായ മനസ്സ്, ലക്ഷ്യമില്ലാത്ത
ജീവിതം , പ്രതീക്ഷകള്‍ ഉടയുകയാണ് ..
മടുത്തു ജീവിതം .
മുഖത്തു കൈകള്‍ താങ്ങായി .

താന്‍ വളരെ സെന്‍സിറ്റിവാണ് അതാണ്‌ തന്നില്‍ ഇത്രയും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്‌ .
സ്വപ്നങ്ങള്‍ , ചിന്തകള്‍ തന്റെ മനസ്സിനെ വല്ലാതെ ആശങ്ക പെടുത്തുന്നു.
എന്താണ് തനിക്കു പറ്റിയത് .
ജീവിതത്തില്‍
സന്തോഷം കണ്ടെത്താനാവാതിരിക്കുക, എല്ലാം ദുഖത്തില്‍ അവസാനിക്കുന്നു എന്നൊരു തോന്നല്‍.
പലപ്പോഴും ആത്മഹത്യയുടെ തീരങ്ങളിലൂടെയുള്ള ഈ യാത്ര ജീവിതത്തെ
തന്റെ ഇല്ലാതാക്കുകയാണ് ?

അതെ ... അത്തരത്തില്‍ തന്നെയാണ് പലപ്പോഴും ചിന്തിക്കാറുള്ളത് , അലീമ പൊട്ടിക്കരഞ്ഞു .

ജനല്‍ പാളികള്‍ക്കപ്പുറമുളള റോസാപ്പൂവിനെ ചൂണ്ടി മൃദുല പറഞ്ഞു ആ പൂ വിരിയുന്നത് നോക്കൂ .. അത്രയേ ഉള്ളു ജീവിതം. .
ഉള്ള സമയങ്ങളില്‍ സൗരഭ്യം പരത്തുക .
വിരിഞ്ഞ പൂവാകുക നീ .
വാടിപ്പോകുമെന്നു ഭയന്ന് വിരിയാതിക്കലല്ല ജീവിതം .
വിരിയുക .. സൗരഭ്യം പരത്തുക .
ഒരു റോസ്സാപ്പൂ ആകാന്‍ താന്‍ ശ്രമിക്കുക .

അവളുടെ താടിയില്‍ തട്ടി കൊണ്ട് മൃദുല സമാധാനിപ്പിച്ചു .
തന്റെയീ വിഷാദത്തിന് കാരണം തിരയേണ്ടത് സ്വപ്നങ്ങളിലാണ്‌ .. അത് വിശകലനം ചെയ്യേണ്ടതായുണ്ട് .

പോയി മുഖം കഴുകി വാ .. .

ഉള്ളില്‍ ഊറിക്കിടക്കുന്ന
അവളുടെ പ്രശ്നങ്ങളിലേക്ക് പോകണം ... സ്വപ്നങ്ങളുടെ വേരുകളിലേക്കിറങ്ങണം .
തന്റെ അലീമയെ
പഴയ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരണം .

ജീവിതത്തിനു വര്‍ണ്ണം കൊടുക്കുന്ന സ്വപ്നങ്ങള്‍ കാണാന്‍ പ്രേരിപ്പിക്കുക .. വിഷാദത്തിന്റെ ആ മനസ്സില്‍ വര്‍ണ്ണങ്ങള്‍ നിറയ്ക്കണം . ഏഴു നിറങ്ങളിലുള്ള മാരിവില്ലിനെ ഉണ്ടാക്കണം .
മൃദുല തീരുമാനിച്ചു .
ആകുലതകളും ആശങ്കളും ആണ് അവള്‍ക്ക് വിഷാദത്തിന്റെ പൂക്കള്‍ സമ്മാനിച്ചത്‌ . കീഴടങ്ങാനുള്ള മനസ്സിന്റെ വെമ്പല്‍ പ്രതിരോധത്തിന്റെ ചെറു സാധ്യതകളെ പോലും നിരാകരിക്കുന്നു .

ഷോ കേയ്സിലിരുന്നു സിഗ്മണ്ട് ഫ്രോയിഡ് ചിരിച്ചു.
മുറിക്കകത്തെ ഫാനില്‍ നിന്നും ഉതിരുന്ന കാറ്റില്‍ ഇന്റര്‍പ്രിട്ടെഷന്‍ ഓഫ് ഡ്രീംസിന്റെ താളുകള്‍ മറിഞ്ഞു .







ടി.സി.വി. സതീശന്‍
ശ്രീരേഖ
പോസ്റ്റ് : അന്നൂര്‍
പയ്യന്നൂര്‍ .. 670 307
മൊബൈല്‍ : 9447685185
ഇ മെയില്‍ : littlemore606 @ gmail . com

Monday, August 15, 2011

അമാവാസി

അമാവാസി
കഥ ..
ടി.സി.വി.സതീശന്‍


സൂര്യനും ചന്ദ്രനും നേര്‍ രാശിയില്‍ പ്രവേശിക്കുമ്പോള്‍ ഭൂമിയില്‍ മഴ തിമര്‍ക്കുകയായിരുന്നു.
വിഷാദത്തിന്റെ ഈ മഴയാണ് മനുവിനെ അവളില്‍ നിന്നും അകറ്റിയത്. . അവരുടെ സ്വപ്നങ്ങളുടെ ആകാശത്ത് കരിനിഴല്‍ വീഴ്ത്തിയത്..
ഒരേ രേഖയില്‍ വന്ന ചന്ദ്രന്‍ സൂര്യനെ മറച്ചു. അതിന്റെ പ്രകാശത്തെ ഭൂമിയില്‍ നിന്നും ഒളിപ്പിച്ചു വെച്ചു . മയൂര്‍ ഗഞ്ചിലെ പതിമൂന്നാം നമ്പര്‍ ഫ്ലാറ്റിലിരുന്നു ഓര്‍മ്മകളെ നേര്‍ത്ത ചരടില്‍ കൊര്‍ക്കുവാന്‍ ശ്രമിക്കുകയാണ് അവള്‍ ..

കഴിഞ്ഞ അവധി കാലത്ത് വീട്ടിലേക്കുള്ള യാത്രയില്‍ വെറുതെയുള്ള ഒരു പരിചയപ്പെടല്‍ , അതിത്രമാത്രം പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് അവള്‍ക്ക് അന്ന് അറിയില്ലായിരുന്നു. .

മാന്യമായ അയാളുടെ പെരുമാറ്റം , ചടുലമായ വര്‍ത്തമാനം . അത് അയാളോടുള്ള ബഹുമാനമായി അവളില്‍ രൂപപ്പെട്ടു .
അടുത്ത ബര്‍ത്തില്‍ സ്ഥാനമുറപ്പിച്ച അയാള്‍ അളന്നു തൂക്കിയാണ് അവള്‍ക്കു നേരെ പ്രശംസകള്‍ ചൊരിഞ്ഞത്.

രണ്ടു രാവും രണ്ടു പകലുകലുമുള്ള ആ നീണ്ട യാത്രയില്‍ , അയാള്‍ നക്ഷത്രങ്ങളെ കുറിച്ചാണ് കൂടുതലും പറഞ്ഞത് . നക്ഷത്രങ്ങള്‍ പൂത്തു നില്‍ക്കുന്ന ആകാശത്തെ കുറിച്ച് . അത് നമ്മിലുണ്ടാക്കുന്ന സന്തോഷങ്ങളെ കുറിച്ച്.

പുറത്തു ശക്തമായി മഴ പെയ്യുന്നുണ്ടെങ്കിലും കറുത്ത മേഘങ്ങളേ കുറിച്ച് മിണ്ടിയതേയില്ല .

അവളുടെ തുടുത്ത കവിള്‍ത്തടത്തില്‍ വിരിയുന്ന നുണക്കുഴികളാണ് നക്ഷത്രങ്ങളെന്നും , ചെറിയ ചുണ്ടുകള്‍ ചന്ദ്രക്കലയെയാണ് സൂചിപ്പിക്കുന്നതെന്നും അയാള്‍ പറഞ്ഞുറപ്പിച്ചു. സ്വപ്നങ്ങളുടെ പട്ടു കുപ്പായം അവളിലണിയിച്ചു . ഏഴു വര്‍ണ്ണങ്ങള്‍ ഒന്നിച്ചുള്ള ഒരു മായാ കാഴ്ചയായി അതവളുടെ മനസ്സില്‍ നിറച്ചു .

അയാളുടെ ചുണ്ടുകളില്‍ നിന്നും ഉതിരുന്ന മുത്തു മണികള്‍ക്കായി ഉള്ളം കൊതിച്ചു .

ഒരു പക്ഷെ മനു പോലും ഇത്രയും മനസ്സിലാകിയിട്ടുണ്ടാവില്ല . അവളുടെ ഓരോ അവയങ്ങളെയും പ്രപഞ്ചവുമായി ഇഴ ചേര്‍ത്തു അയാളുടെ ഭാവനകള്‍ വിരിഞ്ഞു . രാശി ചക്രത്തിലൂടെ ഭൂമിയെ വലം വെയ്ക്കുന്ന ചന്ദ്രനെ പോലെ ആ കണ്ണുകള്‍ അവളെ തന്നെ വലം വെച്ചു .

മനുവുമൊത്തുള്ള വിവാഹം വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ചതായിരുന്നു . അവരുടെ കണ്ടുപിടിത്തം എല്ലാം കൊണ്ടും ശെരിയുമായിരുന്നു . മനസ്സില്‍ താലോലിച്ച സ്വപ്നങ്ങളെ മുന്‍കൂട്ടി അവര്‍ കണ്ടറിഞ്ഞതു പോലെ . മനുവിനെ അവള്‍ക്കും അവളെ മനുവിനും ശെരിക്കും ഇഷ്ടമായിരുന്നു .
വര്‍ണ്ണങ്ങള്‍ നിറക്കൂട്ട്‌ ചാര്‍ത്തിയ ആകാശത്തു രണ്ടു ഇണക്കിളികളെ പോലെ അവര്‍ പറന്നു നടന്നു .
അവളുടെ ഇണയെ അന്നേ കണ്ടു വെച്ചതായിരുന്നുവെന്നും , വിവാഹം സ്വര്‍ഗ്ഗത്തില്‍ വെച്ചു തന്നെ നടന്നിരിക്കണമെന്നും കൂട്ടുകാരികള്‍ അസുയപ്പെട്ടു .
പൂമ്പാറ്റകളും ചെറു കിളികളും സമ്പന്നമാക്കിയ നാളുകള്‍ .. മുറ്റത്തെ പൂന്തോട്ടത്തില്‍ പൂക്കള്‍ വിരിയാന്‍ മത്സരിക്കുകയാണ്.

കമ്പനിയുടെ അത്യാവശ്യമായ ചില തിരക്കുകളായിരുന്നു മനുവിനെ ഒന്നിച്ചുള്ള യാത്രയില്‍ നിന്നും അകറ്റിയത്.
രണ്ടു ടിക്കറ്റുകള്‍ റിസര്‍വ്വ് ചെയ്തതില്‍ ഒന്ന് അവസാന നിമിഷം കാന്‍സല്‍ ചെയ്യുകയാണ് ഉണ്ടായത് .
ഒറ്റയ്ക്കുള്ള യാത്ര വേണ്ടെന്നു എത്ര തവണ അവള്‍ മനുവിനോട് കെഞ്ചിയതാണ് ..
അവനാണ് നിര്‍ബന്ധം പിടിച്ചത് .. താനിപ്പോള്‍ അത്ര കൊച്ചുകുട്ടിയൊന്നുമല്ല .

കരഞ്ഞു കൊണ്ടാണെങ്കിലും വഴങ്ങിയത് ... ഒരു വലിയ തെറ്റ് .
നേര്‍ത്ത നൂല്‍ ചരടില്‍ കോര്‍ത്ത മുത്തുകളെ പോലെ ബന്ധങ്ങള്‍ മനോഹരമായ ജീവിതത്തെയുണ്ടാക്കുന്നു , ഒരു ചെറിയ അശ്രദ്ധ അത് മതി ആകെ തകരാറിലാകാന്‍ . എവിടെയെങ്കിലും കൊളുത്തി വലിക്കാതെ നോക്കണം . മനസ്സ് ചിതറാതെ നോക്കാന്‍ ഹൃദയത്തോട് പറയണം .

ചിന്തകള്‍ മുറിയുന്നു .. ഹൃദയവും മനസ്സും വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്നതായി അവള്‍ക്കു തോന്നി .
മുത്തുകള്‍ വീണ്ടും താഴേക്കു വീഴുകയാണോ ? വീണ്ടും ഒരു ഉലച്ചില്‍ ...

അയാളുടെ മുഖത്തു വിടര്‍ന്ന ചിരി ,, പ്രകാശങ്ങളുണ്ടാക്കുന്നതായി അവള്‍ക്കു തോന്നി.
കട്ടിയുള്ള മീശ രോമങ്ങള്‍ക്കു താഴെ ഒരു റോസാപ്പൂ വിരിയുന്നത് പോലെ ..
ആ കണ്ണുകളിലെ തിളക്കം . ആരാധനയോടെ അവള്‍ അതു തന്നെ നോക്കിയിരുന്നു .

ഫ്ലാസ്കില്‍ നിന്നും ചൂടുള്ള ചായ എടുത്ത് അയാള്‍ അവള്‍ക്കു നേരെ നീട്ടി . അല്പം മടിച്ചാണെങ്കിലും അവള്‍ അത് വാങ്ങി . അയാളുടെ നേര്‍ത്ത വിരലുകള്‍ അറിയാതെയെന്നോണം അവളുടെ വിരലുകളെ തലോടി. .
കൈ പിറകോട്ടു വലിച്ചെങ്കിലും ഹൃദയത്തിലെവിടെയോ ഉള്ള തലോടലായി അവള്‍ക്കതനുഭവപ്പെട്ടു .
ചൂടുള്ള ചായ അകത്തെ വിരസതയെ ഒന്ന് ചൂട് പിടിപ്പിച്ചത് പോലെ .
ഉന്മേഷത്തോടെ അവള്‍ അയാള്‍ക്ക്‌ നന്ദി പറഞ്ഞു. അകം നിറഞ്ഞ ഒരു ചിരിയായി .

മനു വിളിക്കുന്നുണ്ടായിരുന്നു.. ഒരു പാട് മിസ്ഡു കാളുകള്‍ കൊണ്ട് അവളുടെ സെല്‍ഫോണ്‍ നിറഞ്ഞു.

അയാള്‍ അവളെ തന്നെ നോക്കിയിരുന്നു. ആ കണ്ണുകളിലെ വശ്യത പ്രലോഭനങ്ങളായി അവള്‍ക്കു അനുഭവപ്പെട്ടു .
ഫോണ്‍ ബാഗിലേക്കു തന്നെ തിരുകി വെച്ചു .
അലസമായി അയാള്‍ കൈ അവളുടെ കൈകള്‍ക്ക് മീതെ വെച്ചു.
ജീവിതത്തിന്റെ വിരുദ്ധ ധ്രുവങ്ങളിലുള്ള ആ രണ്ടു മനസ്സുകളില്‍ അത് കാന്തിക ചാലകമായി വര്‍ത്തിച്ചു.
നെയില്‍ പോളിഷു ചെയ്ത അവളുടെ നനുത്ത വിരലുകളെ അയാള്‍ ചുണ്ടോട് അടുപ്പിച്ചു. അവളുടെ കണ്ണുകള്‍ പതിയെ അടഞ്ഞു.
പുറത്തു മഴ കനയ്ക്കുകയാണ്.

മനുവിന്റെ ഓര്‍മകളെ മറച്ചു കൊണ്ട് ഒരു അമാവാസി നാളിലെ ചന്ദ്രനായി , അയാള്‍ അവളെ തന്റെ കരവലയത്തിനുള്ളില്‍ ഒതുക്കി. അവളുടെ നിശ്വാസങ്ങള്‍ക്ക് തടയിട്ടു കൊണ്ട് ചൂട് പകര്‍ന്നു.
ചന്ദ്രന്റെ പഥം ഒരു പ്രത്യേക തരത്തില്‍ അവളില്‍ തന്നെ കറങ്ങി കൊണ്ടിരുന്നു. അമാവാസി നാളിലെന്ന പോലെ ...

സൂര്യ ചന്ദ്രന്മാര്‍ക്ക് നടുവില്‍ വട്ടം കറങ്ങുന്ന ഭൂമി .
മയൂര്‍ ഗഞ്ചിലെ ആകാശത്തു മഞ്ഞു പെയ്യുകയാണ്. .
തണുപ്പ് ശാരീരരത്തിലേക്ക് തുളച്ചു കയറുന്നു . സ്വെറ്ററിട്ട അവളുടെ കൈകള്‍ മനു തന്റെ ഷോള്‍ഡറിലേക്കെടുത്തു വെച്ചു . കെട്ടിപ്പിടിച്ച് അവളുടെ കവിളില്‍ , ചുണ്ടുകളില്‍ ഉമ്മ വെച്ചു.
അവളുടെ നനുത്ത കൈകള്‍ താഴേക്കു ഊര്‍ന്നുപോയി . മരവിപ്പ് ശരീരത്തെ തളര്‍ത്തി .

അവളില്‍ ആവേശമുണര്‍ത്താന്‍ അവനായില്ല.
അവളുടെ മനസ്സില്‍ അയാളായിരുന്നു . നക്ഷത്രങ്ങള്‍ നുണക്കുഴിയായി തീര്‍ന്ന അവളുടെ കവിളുകള്‍ അയാളുടെ ചുണ്ടുകള്‍ക്കായി കാത്തു .
ലഗ്നങ്ങളുടെ പോരുത്തങ്ങളില്‍ കെട്ടിപ്പടുത്ത ജീവിതത്തില്‍ രാഹു വിഷം ചീറ്റുന്ന സര്‍പ്പമായി നിലകൊണ്ടു .
അവളുടെ നീര്‍ജ്ജിവതയില്‍ പൊതിഞ്ഞ നിസ്സംഗത മനുവിനെ മടുപ്പിച്ചു.

അലമാരയില്‍ കിടന്ന ഷിവാട്സിന്റെ കുപ്പി അയാളെടുത്തു . തുറന്ന് ഗ്ലാസ്സില്‍ പാതിയോഴിച്ചു . ബാക്കി ഐസ്സ് ക്യുബുകള്‍ കൊണ്ട് നിറച്ചു . കത്തുന്ന സിഗറില്‍ നിന്നുമുയരുന്ന പുകച്ചുരുളുകളെ നോക്കി അവന്‍ കാത്തിരുന്നു ... അവളിലെ മഞ്ഞുരുകുന്നതിനായി . അവളുടെ സിരകളില്‍ ചുടു രക്തം ഒഴുകുന്നതിനായി .
ചന്ദ്രനില്‍ നിഴല് പരത്തുന്നതിനായി , അപഹാരങ്ങളില്‍ നിന്നകന്ന് , ഭൂമിയുടെ മേലുലുള്ള ആധിപത്വത്തിനായി . മനു കാത്തിരുന്നു ...

ദൈവം കല്‍പ്പിച്ചു , വെളിച്ചം ഉണ്ടാകട്ടെ . വെളിച്ചം ഉണ്ടായി .. വെളിച്ചത്തെ ഇരുട്ടില്‍ നിന്നും മനു വേര്‍തിരിച്ചു .
സാരമില്ല .. നടന്നത് നടന്നു . സൂര്യനാണ് പ്രധാനം , ചന്ദ്രന്‍ ഉപ ഗ്രഹം മാത്രമാണ് , ഇനി ശ്രദ്ധിക്കുക .. ഇരുട്ട് പടരാതിരിക്കാന്‍ ശ്രദ്ധിക്കുക .
മദ്യം നല്‍കിയ ആവേശത്തിലോ , ഹൃദയത്തിന്റെ വെളിപാട് പോലെ അങ്ങിനെ പറയാനാണ് മനുവിന് തോന്നിയത് .

ഒരു ഏറ്റു പറച്ചിലില്‍ അവള്‍ തന്റെ കലങ്ങിയ കണ്ണുകളെ തുടച്ചു . അഹം നിറഞ്ഞ കുറ്റ ബോധത്താല്‍ തൊണ്ടയില്‍ വാക്കുകള്‍ കുടുങ്ങി .
നേരിയ നൂല്‍ ചരടിന്റെ ബലത്തിലാണ് മാലകള്‍ സുരക്ഷിതമാകുന്നത് . നിലത്തു വീണു കിടക്കുന്ന മുത്തുകള്‍ പെറുക്കി കോര്‍ത്തെടുത്ത വീണ്ടും ഒരു ജീവിതം അവളാഗ്രഹിച്ചു .

അവളെ ചേര്‍ത്തു പിടിച്ച് മനു വീണ്ടും അവളുടെ ഹൃദയത്തില്‍ പൂക്കള്‍ നിറച്ചു . പൊട്ടാത്ത ഒരു നൂല്‍ ചരടും അവള്‍ക്കു നല്‍കി .
ബന്ധങ്ങളാണ് ജീവിതത്തെയുണ്ടാക്കുന്നത് . സുതാര്യമാവുക അതല്ലാതെ മറ്റു മാര്‍ഗ്ഗമില്ല .. പ്രവാചകനെ പോലെ അവന്‍ ഉത്ഘോഷിച്ചു .
സന്ധ്യയായി , ഉഷസ്സായി . അവരുടെ ആകാശത്തു നക്ഷത്രങ്ങള്‍ പ്രകാശം പരത്തി .
നിഷ്പ്രഭമായ ചന്ദ്ര പ്രഭയില്‍ അവള്‍ ആശ്വാസം കൊണ്ടു .. പിറക്കാനിരിക്കുന്ന സൂര്യ കിരണത്തെ ഓര്‍ത്ത്‌ അവള്‍ ആനന്ദിച്ചു .

Monday, August 8, 2011

അമാവാസി

അമാവാസി
കഥ ..
ടി.സി.വി.സതീശന്‍

സൂര്യനും ചന്ദ്രനും നേര്‍ രാശിയില്‍ പ്രവേശിക്കുമ്പോള്‍ ഭൂമിയില്‍ മഴ തിമര്‍ക്കുകയായിരുന്നു.
വിഷാദത്തിന്റെ ഈ മഴയാണ് മനുവിനെ അവളില്‍ നിന്നും അകറ്റിയത്. . അവരുടെ സ്വപ്നങ്ങളുടെ ആകാശത്ത് കരിനിഴല്‍ വീഴ്ത്തിയത്..
ഒരേ രേഖയില്‍ വന്ന ചന്ദ്രന്‍ സൂര്യനെ മറച്ചു. അതിന്റെ പ്രകാശത്തെ ഭൂമിയില്‍ നിന്നും ഒളിപ്പിച്ചു വെച്ചു . മയൂര്‍ ഗഞ്ചിലെ പതിമൂന്നാം നമ്പര്‍ ഫ്ലാറ്റിലിരുന്നു അവള്‍ ഓര്‍മ്മകളെ നേര്‍ത്ത ചരടില്‍ കൊര്‍ക്കുവാന്‍ ശ്രമിക്കുകയാണ്..

ഒരു അവധി കാലത്ത് വീട്ടിലേക്കുള്ള യാത്രയില്‍ വെറുതെയുള്ള ഒരു പരിചയപ്പെടല്‍ , അതിത്രമാത്രം പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് അവള്‍ക്ക് അറിയില്ലായിരുന്നു. .

മാന്യമായ അയാളുടെ പെരുമാറ്റം , ചടുലമായ വര്‍ത്തമാനം . അത് അയാളോടുള്ള ബഹുമാനമായി അവളില്‍ രൂപപ്പെട്ടു .
അടുത്ത ബര്‍ത്തില്‍ സ്ഥാനമുറപ്പിച്ച അയാള്‍ അളന്നു തൂക്കിയാണ് അവള്‍ക്കു നേരെ പ്രശംസകള്‍ ചൊരിഞ്ഞത്.

രണ്ടു രാവും രണ്ടു പകലുകലുമുള്ള ആ നീണ്ട യാത്രയില്‍ , അയാള്‍ നക്ഷത്രങ്ങളെ കുറിച്ചാണ് കൂടുതലും പറഞ്ഞത് . നക്ഷത്രങ്ങള്‍ പൂത്തു നില്‍ക്കുന്ന ആകാശത്തെ കുറിച്ച് . അത് നമ്മിലുണ്ടാക്കുന്ന സന്തോഷങ്ങളെ കുറിച്ച്.

പുറത്തു ശക്തമായി മഴ പെയ്യുന്നുണ്ടെങ്കിലും കറുത്ത മേഘങ്ങളേ കുറിച്ച് അയാള്‍ മിണ്ടിയതേയില്ല .

തന്റെ തുടുത്ത കവിള്‍ത്തടത്തില്‍ വിരിയുന്ന നുണക്കുഴികളാണ് നക്ഷത്രങ്ങളെന്നും ചെറിയ ചുണ്ടുകള്‍ ചന്ദ്രക്കലയെയാണ് സൂചിപ്പിക്കുന്നതെന്നും അയാള്‍ പറഞ്ഞുറപ്പിച്ചു. സ്വപ്നങ്ങളുടെ പട്ടു കുപ്പായം എന്നിലണിയിച്ചു .
അയാളുടെ ചിണ്ടുകളി നിന്നും ഉതിരുന്ന മുത്തു മണികള്‍ക്കായി തന്റെ ഉള്ളം കൊതിച്ചു.

ഒരു പക്ഷെ മനു പോലും തന്നെ ഇത്രയും മനസ്സിലാകിയിട്ടുണ്ടാവില്ല . തന്റെ ഓരോ അവയങ്ങളെയും പ്രപഞ്ചവുമായി ഇഴ ചേര്‍ത്തു അയാളുടെ ഭാവനകള്‍ വിരിഞ്ഞു . രാശി ചക്രത്തിലൂടെ ഭൂമിയെ വലം വെയ്ക്കുന്ന ചന്ദ്രനെ പോലെ ആ കണ്ണുകള്‍ എന്നെ വലം വെച്ചു .

മനുവുമൊത്തുള്ള വിവാഹം വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ചതായിരുന്നു . അവരുടെ കണ്ടുപിടിത്തം എല്ലാം കൊണ്ടും ശെരിയായിരുന്നു . മനസ്സില്‍ താന്‍ താലോലിച്ച സ്വപ്നങ്ങളെ ,അവര്‍ മുന്‍കൂട്ടി കണ്ടറിഞ്ഞതു പോലെ. മനുവിനെ എനിക്കും എന്നെ മനുവിനും ശെരിക്കും ഇഷ്ടമായി .
വര്‍ണ്ണങ്ങള്‍ നിറക്കൂട്ട്‌ ചാര്‍ത്തിയ ആകാശത്തു രണ്ടു ഇണക്കിളികളെ പോലെ ഞങ്ങള്‍ പറന്നു നടന്നു .
തന്റെ ഇണയെ അന്നേ കണ്ടു വെച്ചതായിരുന്നുവെന്നും , വിവാഹം സ്വര്‍ഗ്ഗത്തില്‍ വെച്ചു തന്നെ നടന്നിരിക്കണമെന്നും കൂട്ടുകാരികള്‍ അസുയപ്പെട്ടു .
പൂക്കളും പൂമ്പാറ്റകളും ചെറു കിളികളും സമ്പന്നമാക്കിയ നാളുകള്‍ .. മുറ്റത്തെ പൂന്തോട്ടത്തില്‍ പൂക്കള്‍ വിരിയാന്‍ മത്സരിക്കുകയാണ്.

കമ്പനിയുടെ അത്യാവശ്യമായ ചില തിരക്കുകളായിരുന്നു മനുവിനെ ഒന്നിച്ചുള്ള യാത്രയില്‍ നിന്നും അകറ്റിയത്.
രണ്ടു ടിക്കറ്റുകള്‍ റിസര്‍വ്വ് ചെയ്തതില്‍ ഒന്ന് അവസാന നിമിഷം കാന്‍സല്‍ ചെയ്യുകയാണ് ചെയ്തത്.
ഒറ്റയ്ക്കുള്ള യാത്ര വേണ്ടെന്നു എത്ര തവണ മനുവിനോട് കെഞ്ചിയതാണ്.
അവനാണ് നിര്‍ബന്ധം പിടിച്ചത് . താനിപ്പോള്‍ അത്ര കൊച്ചുകുട്ടി ഒന്നുമല്ല .

കരഞ്ഞു കൊണ്ടാണെങ്കിലും വഴങ്ങിയത് . ഒരു വലിയ തെറ്റ് . നേര്‍ത്ത നൂല്‍ ചരടില്‍ കോര്‍ത്ത മുത്തുകളെ പോലെ ബന്ധങ്ങള്‍ മനോഹരമായ ജീവിതത്തെയുണ്ടാക്കുന്നു , ഒരു ചെറിയ അശ്രദ്ധ അത് മതി ആകെ തകരാരിലാകാന്‍ . എവിടെയെങ്കിലും കൊളുത്തി വലിക്കാതെ നോക്കണം . മനസ്സ് ചിതറാതെ നോക്കാന്‍ ഹൃദയത്തോട് പറയണം.

ചിന്തകള്‍ മുറിയുന്നു .. ഹൃദയവും മനസ്സും വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്നതായി അവള്‍ക്കു തോന്നി .
മുത്തുകള്‍ വീണ്ടും താഴേക്കു വീഴുകയാണോ ?

അയാളുടെ മുഖത്തു വിടര്‍ന്ന ചിരി ,, പ്രകാശങ്ങളുണ്ടാക്കുന്നതായി അവള്‍ക്കു തോന്നി.
കട്ടിയുള്ള മീശ രോമങ്ങള്‍ക്കു താഴെ ഒരു റോസാപൂ വിരിയുന്നത് പോലെ ..
ആ കണ്ണുകളിലെ തിളക്കം . ആരാധനയോടെ അവള്‍ അതു തന്നെ നോക്കിയിരുന്നു .

അയാള്‍ ഫ്ലാസ്കില്‍ നിന്നും ചൂടുള്ള ചായ എടുത്ത് അവള്‍ക്കു നേരെ നീട്ടി. അല്പം മടിച്ചാണെങ്കിലും അവള്‍ അത് വാങ്ങി . അയാളുടെ നേര്‍ത്ത വിരലുകള്‍ അറിയാതെയെന്നോണം അവളുടെ വിരലുകളെ തലോടി. .
കൈ പിറകോട്ടു വലിച്ചെങ്കിലും ഹൃദയത്തിലെവിടെയോ ഉള്ള തലോടലായി അവള്‍ക്കതനുഭവപ്പെട്ടു .
ചൂടുള്ള ചായ അകത്തെ വിരസതയെ ഒന്ന് ചൂട് പിടിപ്പിച്ചത് പോലെ .
ഉന്മേഷത്തോടെ അവള്‍ അയാള്‍ക്ക്‌ നന്ദി പറഞ്ഞു. അകം നിറഞ്ഞ ഒരു ചിരിയായി .

മനു വിളിക്കുന്നുണ്ടായിരുന്നു.. ഒരു പാട് മിസ്ഡു കാളുകള്‍ കൊണ്ട് അവളുടെ സെല്‍ഫോണ്‍ നിറഞ്ഞു.

അയാള്‍ അവളെ തന്നെ നോക്കിയിരുന്നു. ആ കണ്ണുകളിലെ വശ്യത പ്രലോഭനങ്ങളായി അവള്‍ക്കു അനുഭവപ്പെട്ടു .
അവള്‍ ഫോണ്‍ ബാഗിലേക്കു തന്നെ തിരുകി വെച്ചു. അലസമായി അയാള്‍ കൈ അവളുടെ കൈകള്‍ക്ക് മീതെ വെച്ചു.
ജീവിതത്തിന്റെ വിരുദ്ധ ധ്രുവങ്ങളിലുള്ള ആ രണ്ടു മനസ്സുകളില്‍ അത് കാന്തിക ചാലകമായി വര്‍ത്തിച്ചു.
നെയില്‍ പോളിഷു ചെയ്ത അവളുടെ നനുത്ത വിരലുകളെ അയാള്‍ ചുണ്ടോട് അടുപ്പിച്ചു. അവളുടെ കണ്ണുകള്‍ പതിയെ അടഞ്ഞു.
പുറത്തു മഴ കനയ്ക്കുകയാണ്.
മനുവിന്റെ ഓര്‍മകളെ മറച്ചു കൊണ്ട് ഒരു അമാവാസി നാളിലെ ചന്ദ്രനായി , അയാള്‍ അവളെ തന്റെ കരവലയത്തിനുള്ളില്‍ ഒതുക്കി. അവളുടെ നിശ്വാസങ്ങള്‍ക്ക് തടയിട്ടു കൊണ്ട് ചൂട് പകര്‍ന്നു.
ചന്ദ്രന്റെ പഥം ഒരു പ്രത്യേക തരത്തില്‍ അവളില്‍ തന്നെ കറങ്ങി കൊണ്ടിരുന്നു. അമാവാസി നാളിലെന്ന പോലെ...

സൂര്യ ചന്ദ്രന്മാര്‍ക്ക് നടുവില്‍ വട്ടം കറങ്ങുന്ന ഭൂമി. മയൂര്‍ ഗഞ്ചിലെ ആകാശത്തു മഞ്ഞു പെയ്യുകയാണ്. .
തണുപ്പ് ശാരീരരത്തിലേക്ക് തുളച്ചു കയറുന്നു. സ്വെറ്ററിട്ട അവളുടെ കൈകള്‍ മനു തന്റെ ഷോള്‍ഡറിലേക്കെടുത്തു വെച്ചു . കെട്ടിപ്പിടിച്ച് അവളുടെ കവിളില്‍ , ചുണ്ടുകളില്‍ ഉമ്മ വെച്ചു.
നനുത്ത അവളുടെ കൈകള്‍ താഴേക്കു ഊര്‍ന്നുപോയി . മരവിപ്പ് ശരീരത്തെ തളര്‍ത്തി .

അവളില്‍ ആവേശമുണര്‍ത്താന്‍ അവനായില്ല. അവളുടെ മനസ്സില്‍ അയാളായിരുന്നു . നക്ഷത്രങ്ങള്‍ നുണക്കുഴിയായി തീര്‍ന്ന അവളുടെ കവിളുകള്‍ അയാളുടെ ചുണ്ടുകള്‍ക്കായി കാത്തു .
ലഗ്നങ്ങളുടെ പോരുത്തങ്ങളില്‍ കെട്ടിപ്പടുത്ത ജീവിതത്തില്‍ രാഹു വിഷം ചീറ്റുന്ന സര്‍പ്പമായി നിലകൊണ്ടു .
അവളുടെ നീര്‍ജ്ജിവതയില്‍ പൊതിഞ്ഞ നിസ്സംഗത മനുവിനെ മടുപ്പിച്ചു.

അലമാരയില്‍ കിടന്ന ഷിവോട്സിന്റെ കുപ്പി അയാളെടുത്തു . തുറന്ന് ഗ്ലാസ്സില്‍ പാതിയോഴിച്ചു . ബാക്കി ഐസ്സ് ക്യുബുകള്‍ നിറച്ചു . കത്തുന്ന സിഗറില്‍ നിന്നുമുയരുന്ന പുകച്ചുരുളുകളെ നോക്കി അവന്‍ കാത്തിരുന്നു ... അവളിലെ മഞ്ഞുരുകുന്നതിനായി . അവളുടെ സിരകളില്‍ ചുടു രക്തം ഒഴുകുന്നതിനായി .
ചന്ദ്രനില്‍ നിഴല് പരത്തുന്നതിനായി , അപഹാരങ്ങളില്‍ നിന്നകന്ന് , ഭൂമിയുടെ മേലുലുള്ള ആധിപത്വത്തിനായി ..
മനു കാത്തിരുന്നു ...
സാരമില്ല .. നടന്നത് നടന്നു . സൂര്യനാണ് പ്രധാനം , ചന്ദ്രന്‍ ഉപ ഗ്രഹം മാത്രമാണ് , ഇനി ശ്രദ്ധിക്കുക .. മദ്യം നല്‍കിയ ആവേശത്തിലോ , തന്റെ ഹൃദയത്തിന്റെ വിശാലത കൊണ്ടോ അങ്ങിനെ പറയാനാണ് മനുവിന് തോന്നിയത് .
ഒരു ഏറ്റു പറച്ചിലില്‍ അവള്‍ തന്റെ കലങ്ങിയ കണ്ണുകളെ തുടച്ചു . അഹം നിറഞ്ഞ കുറ്റ ബോധത്താല്‍ അവളുടെ തൊണ്ടയില്‍ വാക്കുകള്‍ കുടുങ്ങി. നേരിയ നൂല്‍ ചരടിന്റെ ബലത്തിലാണ് മാലകള്‍ സുരക്ഷിതമാകുന്നത് . നിലത്തു വീണു കിടക്കുന്ന മുത്തുകള്‍ പെറുക്കി കോര്‍ത്തെടുത്ത ഒരു ജീവിതം അവളാഗ്രഹിച്ചു .
അവളെ ചേര്‍ത്തു പിടിച്ച് മനു വീണ്ടും അവളുടെ ഹൃദയത്തില്‍ മുത്തുകള്‍ നിറച്ചു . പൊട്ടാത്ത ഒരു നൂല്‍ ചരടും അവള്‍ക്കു നല്‍കി . അവരുടെ ആകാശത്തു നക്ഷത്രങ്ങള്‍ പ്രകാശം പരത്തി . നിഷ്പ്രഭമായ ചന്ദ്ര പ്രഭയില്‍ അവള്‍ ആശ്വാസം കൊണ്ടു .. പിറക്കാനിരിക്കുന്ന സൂര്യ കിരണത്തെ ഓര്‍ത്ത്‌ അവള്‍ ആനന്ദിച്ചു .